ന്യൂഡല്‍ഹി: വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നിട്ടും പണ്ഡിറ്റ് ജവാഹർലാൽ നെഹ്രു ഒരിക്കല്‍പോലും പ്രതിപക്ഷത്തെ അനാദരിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസിന്റെ സഭാനേതാവ് അധീര്‍ രഞ്ജന്‍ ചൗധരി. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ ലോക്‌സഭയില്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ലമെന്ററി ജനാധിപത്യത്തിന് മൂല്യങ്ങളും ശേഷിയും അര്‍പ്പണവും സ്വയംഅച്ചടക്കവുംവേണമെന്ന് നെഹ്രു പറഞ്ഞിട്ടുണ്ട്. പ്രതിപക്ഷത്തെ ഒരിക്കല്‍പോലും അദ്ദേഹം പരിഹസിച്ചിട്ടില്ല. ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതില്‍നിന്ന് ഒഴിഞ്ഞുമാറിയിട്ടില്ല. -അധീര്‍ ചൂണ്ടിക്കാട്ടി.
പാര്‍ലമെന്ററി ജനാധിപത്യവ്യവസ്ഥ ശക്തിപ്പെടുത്തുന്നതില്‍ നേതൃപരമായ പങ്ക് വഹിച്ചത് പ്രഥമപ്രധാനമന്ത്രി നെഹ്രുവും പ്രഥമ സ്പീക്കര്‍ മാവ്‌ലെങ്കറും ഭരണഘടനാശില്പിയായ ഡോ. ബി.ആര്‍. അംബേദ്കറുമാണെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ പറഞ്ഞു. ബഹുസ്വരതയില്‍ അധിഷ്ഠിതമായ ഇന്ത്യന്‍ സംസ്കാരത്തിന് ഏറ്റവും അനുയോജ്യമായ ഭരണസമ്പ്രദായം പാര്‍ലമെന്ററി ജനാധിപത്യവ്യവസ്ഥയാണെന്ന് ഏഴരദശാബ്ദത്തെ അനുഭവം തെളിയിച്ചിരിക്കുന്നു. ഫെഡറലിസമെന്ന അടിസ്ഥാനഘടകത്തെ തകര്‍ക്കാനുള്ള സര്‍ക്കാരിന്റെ നീക്കങ്ങളെ ജാഗ്രതയോടെ ചെറുത്തുതോല്‍പ്പിക്കണമെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.
ഇന്ത്യ എന്നപേര് കേള്‍ക്കുമ്പോള്‍തന്നെ ഉറക്കമില്ലാത്ത രാവുകളാണ് സര്‍ക്കാരിനെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു. മനുഷ്യാവകാശധ്വംസനങ്ങള്‍ ലോകത്തിന് മുന്‍പില്‍ ഇന്ത്യയെ നാണക്കേടിലാക്കുന്നതായും ഇ.ടി. ചൂണ്ടിക്കാട്ടി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..