പുതിയ പാർലമെൻറ് കെട്ടിടത്തിൻറെ ആകാശദൃശ്യം | ഫോട്ടോ: എ.എൻ.ഐ
ന്യൂഡല്‍ഹി: പഴയ പാര്‍ലമെന്റ് മന്ദിരത്തിന് വിട നല്‍കി സമ്മേളനം ഇനിമുതൽ പുതിയ മന്ദിരത്തില്‍. പ്രത്യേക സമ്മേളനത്തിന്റെ രണ്ടാംദിവസമായ ചൊവ്വാഴ്ച പാര്‍ലമെന്റിന്റെ ഇരുസഭകളും ചേരുന്നത് പുതിയ മന്ദിരത്തിലാവും. 1921 ല്‍ നിര്‍മിച്ച പഴയ മന്ദിരം ഇതോടെ ചരിത്രത്തിന്റെ ഭാഗമാകും.
ചൊവ്വാഴ്ച രാവിലെ 9.30-ന് പഴയ മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളിന് സമീപത്തുവെച്ച് ഇരുസഭകളിലെയും അംഗങ്ങളുടെ ഗ്രൂപ്പ് ഫോട്ടോ എടുക്കും. 11.00 മുതല്‍ 12.30 വരെ സെന്‍ട്രല്‍ ഹാളില്‍ പ്രത്യേക യോഗം ചേരും. 12.35-ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ അംഗങ്ങള്‍ പുതിയ മന്ദിരത്തിലേക്ക് നീങ്ങും. 1.15-ന് പുതിയ മന്ദിരത്തിലെ ഇരുസഭകളിലും പ്രത്യേകസമ്മേളനം നടക്കും. ഈ മാസം 22 വരെ സമ്മേളനം ചേരും. വിനായകചതുര്‍ഥിയോടനുബന്ധിച്ച് പുതിയ മന്ദിരത്തില്‍ ചൊവ്വാഴ്ച രാവിലെ പൂജാചടങ്ങുകളുണ്ടെന്ന് സൂചനയുണ്ട്.
പുതിയ മന്ദിരത്തില്‍ അംഗങ്ങള്‍ക്ക് ഭരണഘടനയുടെ പകർപ്പും സ്മാരകനാണയവും നല്‍കാനും തീരുമാനമുണ്ട്. മേയ് 18-നാണ് പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തതെങ്കിലും പ്രവര്‍ത്തനം തുടങ്ങിയിരുന്നില്ല. ഭാവിയുമായി ഭൂതകാലത്തിന്റെ കണ്ണിയാകാന്‍ അവസരം ലഭിച്ചതിനാല്‍ സഭയിലെ ഇപ്പോഴത്തെ അംഗങ്ങള്‍ അങ്ങേയറ്റം ഭാഗ്യവാന്മാരാണെന്ന് പഴയ മന്ദിരത്തില്‍നിന്നുള്ള വിടപറയലിനെക്കുറിച്ച് തിങ്കളാഴ്ച ലോക്‌സഭയില്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. അംഗങ്ങള്‍ വളരെ ഉത്സാഹത്തോടെയും ആവേശത്തോടെയും പുതിയ മന്ദിരത്തിലേക്ക് മാറുമെന്നും മോദി പ്രത്യാശ പ്രകടിപ്പിച്ചു.
‘നെഹ്രുവിന്റെ പ്രസംഗം ഇപ്പോഴും പ്രചോദനം
: ബ്രിട്ടീഷുകാരില്‍നിന്ന് അധികാരം ഏറ്റുവാങ്ങിയ ശേഷം പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രു പാർലമെന്റിൽ അര്‍ധരാത്രി നടത്തിയ ശക്തമായ പ്രസംഗം ഇപ്പോഴും പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നെന്ന് മോദി പറഞ്ഞു. നെഹ്രു, ലാല്‍ബഹാദൂര്‍ ശാസ്ത്രി, ഇന്ദിരാ ഗാന്ധി എന്നീ മൂന്ന് പ്രധാനമന്ത്രിമാരെ രാജ്യത്തിന് നഷ്ടപ്പെട്ടു. പണ്ഡിറ്റ് നെഹ്രു, ലാല്‍ ബഹാദൂര്‍ ശാസ്ത്രി, സര്‍ദാര്‍ വല്ലഭ്‌ഭായ് പട്ടേല്‍, രാം മനോഹര്‍ ലോഹ്യ, ചരണ്‍സിങ്, എ.ബി. വാജ്‌പേയി, എല്‍.കെ. അദ്വാനി, ചന്ദ്രശേഖര്‍, ഡോ. മന്‍മോഹന്‍ സിങ് തുടങ്ങിയ നേതാക്കള്‍ രാജ്യത്തിന് പുതിയ ദിശാബോധം നല്‍കി. അവരുടെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടാനുള്ള അവസരമാണിത്. ഭരണഘടനാ നിര്‍മാണത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച മാതൃകകള്‍ ഉള്‍പ്പെടുത്തിയ ബി.ആര്‍. അംബേദ്കറെ അഭിനന്ദിക്കുന്നു. രാജ്യത്തിനുവേണ്ടി ശക്തമായ സാമ്പത്തിക നയങ്ങള്‍ കൈക്കൊണ്ടത് നരസിംഹ റാവുവാണ്. ദീര്‍ഘകാലം കോണ്‍ഗ്രസുകാരനായിരുന്ന മൊറാര്‍ജി ദേശായി പ്രധാനമന്ത്രിയായത് കോണ്‍ഗ്രസ് വിരുദ്ധ മുന്നണിക്കു വേണ്ടിയാണ്. രാജ്യത്ത് അഭിപ്രായസ്വാതന്ത്ര്യം തടയപ്പെട്ട അടിയന്തരാവസ്ഥകാലവും അനുഭവിച്ചു -മോദി പറഞ്ഞു.
പഴയ മന്ദിരം ചരിത്രമാകും
* 1921 ൽ ബ്രിട്ടീഷ് വാസ്തുശില്പി എഡ്വിന്‍ ലുട്യന്റെ നേതൃത്വത്തില്‍ ന്യൂഡല്‍ഹി നഗരവും പാർലമെന്റ് മന്ദിരവും രൂപകല്പന ചെയ്തു.
*1921 ഫെബ്രുവരി 12-ന് തറക്കല്ലിട്ടു.
* 1927 ജനുവരി 18-ന് നിര്‍മാണം പൂര്‍ത്തിയായി.
* ഇന്ത്യന്‍ വൈസ്രോയ് ഇര്‍വിന്‍പ്രഭു ഉദ്ഘാടനം ചെയ്തു.
* 1947 ഓഗസ്റ്റ് 15-ന് സ്വാതന്ത്ര്യം നേടിയപ്പോള്‍ ബ്രിട്ടീഷുകാര്‍ സ്വതന്ത്ര ഇന്ത്യയുടെ നേതാക്കള്‍ക്ക് ഭരണകൈമാറ്റം നടത്തിയത് പാര്‍ലമെന്റിന്റെ മധ്യഭാഗത്തുള്ള സെന്‍ട്രല്‍ ഹാളിൽവെച്ച്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..