വനിതാ സംവരണബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം


2 min read
Read later
Print
Share

മന്ത്രിസഭായോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി (Photo: PTI)

ന്യൂഡല്‍ഹി: വനിതാ സംവരണബില്ലിന് കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം. പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും വനിതകള്‍ക്ക് 33 ശതമാനം സീറ്റ് സംവരണം വ്യവസ്ഥചെയ്യുന്ന ബില്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ ബുധനാഴ്ച അവതരിപ്പിക്കും.

തിങ്കളാഴ്ച വൈകീട്ടാണ് കേന്ദ്രമന്ത്രിസഭാ യോഗം ചേർന്നത്. വനിതാ സംവരണബില്‍ പാര്‍ലമെന്റ് പാസാക്കണമെന്ന് ഭരണ-പ്രതിപക്ഷങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമുന്നയിച്ച് കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തുമെഴുതി. തിങ്കളാഴ്ച പാര്‍ലമെന്റിന്റെ ഇരുസഭകളിലും അംഗങ്ങള്‍ ബില്‍ പാസാക്കണമെന്ന് ആവശ്യമുയര്‍ത്തിയിരുന്നു.

ചരിത്രപരമായ ഒരു തീരുമാനമുണ്ടാകുമെന്ന് രാവിലെ മാധ്യമങ്ങളോട് സംസാരിക്കവേ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. വനിതാ അംഗങ്ങളുടെ പ്രവര്‍ത്തനങ്ങളെ ലോക്‌സഭയില്‍ നടത്തിയ പ്രസംഗത്തില്‍ മോദി ശ്ലാഘിക്കുകയും ചെയ്തു.

ഏറെ വാദവിവാദങ്ങള്‍ക്കിടയാക്കിയ വനിതാ സംവരണബില്‍ രണ്ടാം യു.പി.എ. സര്‍ക്കാരാണ് കൊണ്ടുവന്നത്. ഭരണഘടനയുടെ 108-ാം ഭേദഗതി ബില്‍ എന്നറിയപ്പെടുന്ന ഈ ബില്‍ 2008-ലാണ് തയ്യാറാക്കിയതെങ്കിലും 2010-ലാണ് രാജ്യസഭ പാസാക്കിയത്. രാജ്യസഭയില്‍ ബില്‍ ചര്‍ച്ചയ്ക്കിടയില്‍ ഉത്തര്‍പ്രദേശ്, ബിഹാര്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള സമാജ്‌വാദി പാര്‍ട്ടി, ബി.എസ്.പി. ഉള്‍പ്പെടെയുള്ളവർ എതിര്‍പ്പുയര്‍ത്തി ബില്ലിന്റെ പ്രതികള്‍ കീറിയെറിഞ്ഞിരുന്നു. വനിതാ സംവരണത്തിനുള്ളില്‍ ജാതി സംവരണം വേണമെന്നായിരുന്നു ഈ പാര്‍ട്ടികളുടെ വാദം. രാഷ്ട്രീയ എതിര്‍പ്പ് രൂക്ഷമായതിനെത്തുടര്‍ന്ന് ലോക്‌സഭ ബില്‍ പരിഗണിച്ചില്ല.

പാര്‍ലമെന്റിന്റെ പരിഗണനയിലിരിക്കുന്ന ബില്ലില്‍ കാലോചിതമായ പരിഷ്കരണങ്ങള്‍ വരുത്തിയാണ് കേന്ദ്രമന്ത്രിസഭാ യോഗം തിങ്കളാഴ്ച വൈകീട്ട് അംഗീകാരം നല്‍കിയിരിക്കുന്നതെന്നാണ് സൂചന. ബില്ലിന് അംഗീകാരം നൽകിയതിനെ കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് സ്വാഗതം ചെയ്തു. സര്‍വകക്ഷി യോഗത്തില്‍ ചര്‍ച്ച ചെയ്തിരുന്നെങ്കില്‍ സമവായം ഉണ്ടാക്കാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി.യും കോണ്‍ഗ്രസും തങ്ങളുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികകളില്‍ ബില്‍ കൊണ്ടുവരുമെന്ന് നിരന്തരം വാഗ്ദാനം ചെയ്യാറുണ്ട്. എസ്.പി, ബി.എസ്.പി. പാര്‍ട്ടികളുടെ സമീപനം ഇക്കുറി വ്യക്തമല്ല.

നിലവിലെ സാഹചര്യത്തില്‍ വനിതാ സംവരണബില്‍ പാസാക്കുക സര്‍ക്കാരിന് തലവേദനയാകില്ല എന്നാണ് സൂചന. ബില്‍ പാസാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാര്‍ച്ചില്‍ ടി.ആര്‍.എസ്. നേതാവ് കെ. കവിതയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കോണ്‍ഗ്രസടക്കം പ്രതിപക്ഷ പാര്‍ട്ടികളും കവിതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ബി.ജെ.പി. സഖ്യത്തിന്റെ ഭാഗമായ എന്‍.സി.പി. നേതാവ് പ്രഫുല്‍ പട്ടേലും പ്രത്യേക സമ്മേളനത്തില്‍ ബില്‍ പാസാക്കണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിരുന്നു.

വനിതാ സംവരണബില്‍

നിയമനിര്‍മാണ സഭകളിലേക്കുള്ള തിരഞ്ഞെടുപ്പുകളില്‍ മൂന്നിലൊന്ന് സീറ്റില്‍ സ്ത്രീകള്‍ക്ക് സംവരണം ഉറപ്പാക്കുന്നതാണ് വനിതാ സംവരണബില്‍. അതുവഴി ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഉറപ്പാകും. ബില്‍ പ്രകാരം പട്ടിക ജാതി-വര്‍ഗ സംവരണ സീറ്റുകളിലും മൂന്നിലൊന്ന് സീറ്റ് ആ വിഭാഗങ്ങളില്‍നിന്നുള്ള സ്ത്രീകള്‍ക്കായി മാറ്റിവെക്കണം. ഈ സംവരണ സീറ്റുകള്‍ ചാക്രിക ക്രമത്തില്‍ മാറും. യു.പി.എ. ഭരണകാലത്ത് 2008-ല്‍ കൊണ്ടുവന്ന ബില്‍ 2010-ല്‍ രാജ്യസഭ പാസാക്കിയിരുന്നു. പിന്നീട് പത്തുവര്‍ഷത്തിലേറെയായിട്ടും ബില്‍ ലോക്‌സഭയില്‍ വന്നില്ല.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..