സ്വാതന്ത്ര്യ ദിനാഘോഷ നിറവില്‍ രാജ്യം; ചെങ്കോട്ടയിൽ പ്രധാനമന്ത്രി പതാക ഉയർത്തും


ഡൽഹി കനത്ത സുരക്ഷയില്‍, 7000 പേർ പങ്കെടുക്കും

പ്രതീകാത്മക ചിത്രം | ഫോട്ടോ:സി.ബിജു/ മാതൃഭൂമി

ന്യൂഡല്‍ഹി: നീണ്ട പോരാട്ടത്തിലൂടെയും സഹനസമരങ്ങളിലൂടെയും ധീരദേശാഭിമാനികളുടെ ത്യാഗങ്ങളിലൂടെയും ഇന്ത്യ നേടിയ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികത്തിന്റെ സമാപനം തിങ്കളാഴ്ച നടക്കും. രാവിലെ ഏഴരയ്ക്ക് ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയപതാക ഉയര്‍ത്തുന്നതോടെ എഴുപത്താറാം സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. ചെങ്കോട്ടയില്‍നിന്ന് ഒമ്പതാംതവണയാണ് മോദി ജനങ്ങളെ അഭിസംബോധന ചെയ്യുന്നത്.

2020-ല്‍ കോവിഡ് വ്യാപിച്ചപ്പോൾ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കിയശേഷമുള്ള സ്വാതന്ത്ര്യദിനാഘോഷമാണ് ഇക്കുറി. ചടങ്ങില്‍ വിവിധ മേഖലകളില്‍നിന്ന് 7000 പേര്‍ ക്ഷണിതാക്കളായുണ്ടാകും.

‘ആസാദി കാ അമൃത് മഹോത്സവ’ത്തിന്റെ ഭാഗമായി രാജ്യത്താകെ വിപുലമായ സ്വാതന്ത്ര്യദിനപരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. സ്വാതന്ത്ര്യദിനം പ്രമാണിച്ച് മൂന്നുദിവസമായി കനത്ത സുരക്ഷയിലാണ് രാജ്യതലസ്ഥാനനഗരം. ചെങ്കോട്ട പുറത്തുനിന്ന്‌ കാണാന്‍ കഴിയാത്തവിധം ഒരാഴ്ചമുമ്പുതന്നെ ലോഹപ്പലക നിരത്തി മറച്ചു. ഞായറാഴ്ച രാത്രി 12 മുതല്‍ ഉച്ചയ്ക്ക് 12 വരെ ചെങ്കോട്ടയിലേക്കുള്ള റോഡുകളിൽ വാഹനങ്ങള്‍ക്ക്‌ പ്രവേശനമില്ല. ചെങ്കോട്ടയ്ക്കുചുറ്റുമുള്ള ഉയര്‍ന്ന കെട്ടിടങ്ങളില്‍ എന്‍.എസ്.ജി. കമാന്‍ഡോകള്‍ നിലയുറപ്പിച്ചിട്ടുണ്ട്. നിരീക്ഷണക്യാമറകളും ഡോഗ് സ്ക്വാഡ് ഉൾപ്പെടെയുള്ള സുരക്ഷാവിഭാഗങ്ങളെയും വിന്യസിച്ചു. ചെങ്കോട്ടയില്‍ പ്രത്യേക കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.

പരിസരങ്ങളിലെ 1000 സി.സി.ടി.വി. ക്യാമറകളിലെ ദൃശ്യങ്ങള്‍ ഓരോ നിമിഷവും നിരീക്ഷിക്കുന്നു. 5000 പ്രത്യേക സുരക്ഷാഭടന്മാരെയും പോലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചു. സുരക്ഷ മുന്‍നിര്‍ത്തി ഡല്‍ഹിയിലും പരിസരത്തും ആന്റി ഡ്രോണ്‍ സംവിധാനവും ഏര്‍പ്പെടുത്തി. പി.സി.ആര്‍. വാനുകളടക്കം 70 സായുധവാഹനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. യമുനയില്‍ പട്രോളിങ് ബോട്ടുകളും നിരീക്ഷണത്തിനുണ്ട്. ഏതുതരത്തിലുള്ള ആക്രമണത്തെയും നേരിടാന്‍ സര്‍വസജ്ജമാണെന്ന് സുരക്ഷാസേന അറിയിച്ചു. സുരക്ഷമുന്‍നിര്‍ത്തി ഡല്‍ഹിയിലെ ഹോട്ടലുകളിൽ പോലീസ് പരിശോധന നടത്തി. പഴയ ഡല്‍ഹിയിലെ വ്യാപാരസ്ഥാപനങ്ങളെല്ലാം ഞായറാഴ്ച ഡല്‍ഹി പോലീസ് മുദ്രവെച്ചു.

Content Highlights: india 75th year of independence

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..