അഗ്നിപഥ്: നാലാംദിവസവും തുടർന്ന് പ്രതിഷേധം


അഗ്നിപഥ് പദ്ധതിക്കെതിരേ പ്രതിഷേധിക്കുന്നവർ| Photo: ANI

ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിക്കെതിരേ രാജ്യവ്യാപക പ്രതിഷേധം തുടരുന്നു. ബിഹാറിൽ പ്രതിപക്ഷപാർട്ടികളും വിദ്യാർഥിസംഘടനകളും ആഹ്വാനംചെയ്ത ബന്ദിൽ പരക്കേ അക്രമം. ലഖിസരായിൽ പ്രതിഷേധക്കാർ ആക്രമിച്ച തീവണ്ടിയിലുണ്ടായിരുന്ന യാത്രക്കാരൻ സംഘർഷത്തിനിടെ മരിച്ചു. ഇതോടെ പ്രതിഷേധങ്ങളിൽ മരിച്ചവരുടെ എണ്ണം രണ്ടായി.

ഓൾ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷനാണ് ബിഹാർബന്ദിന് നേതൃത്വംനൽകിയത്. ആർ.ജെ.ഡി., ഹിന്ദുസ്ഥാനി അവാം മോർച്ച (സെക്കുലർ), വികാസ്ഷീൽ ഇൻസാൻ പാർട്ടി (വി.ഐ.പി.) എന്നിവയുൾപ്പെടെ പാർട്ടികൾ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു.ജെഹാനാബാദ് ജില്ലയിൽ തെഹ്ത പോലീസ് ഔട്ട്പോസ്റ്റിനുസമീപം നിർത്തിയിട്ടിരുന്ന വാഹനങ്ങൾ പ്രതിഷേധക്കാർ കത്തിച്ചു. ബിഹിയയിൽ റെയിൽവേസ്റ്റേഷൻ കൊള്ളയടിച്ചു. ടിക്കറ്റ് കൗണ്ടറിൽനിന്ന് മൂന്നുലക്ഷം രൂപ കവർന്നു. പട്ന ജില്ലയിലെ മസൗർഹി സബ് ഡിവിഷനിലെ തരേഗാന റെയിൽവേസ്റ്റേഷന് ഉദ്യോഗാർഥികൾ തീയിട്ടു.

പട്‌നയിലെ പ്രതിഷേധങ്ങൾകാരണം മാത്രം റെയിൽവേയ്ക്ക് 200 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്ക്. ദനപുർ റെയിൽവേ സ്റ്റേഷൻ തകർത്ത 46 പേരെ അറസ്റ്റുചെയ്തു. 170 ആളുകളുടെപേരിൽ കേസെടുത്തു. 12 ജില്ലകളിൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തി.

തെലങ്കാനയിലെ സെക്കന്തരാബാദിൽ ശനിയാഴ്ച പ്രതിഷേധം നിയന്ത്രണവിധേയമായിരുന്നു. പോലീസ് വെടിവെപ്പിൽ മരിച്ച വാറങ്കൽ സ്വദേശി രാകേഷിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ സഹായധനം തെലങ്കാനസർക്കാർ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ റെയിൽവേസ്റ്റേഷനുകളിൽ സുരക്ഷ ശക്തമാക്കി. സെക്കന്തരാബാദ് റെയിൽവേസ്റ്റേഷനിൽ തീവണ്ടി ഗതാഗതം പുനരാരംഭിച്ചു. ആക്രമണങ്ങൾക്ക് ആഹ്വാനം നൽകിയെന്ന് കണ്ടെത്തിയ, സൈനിക ഉദ്യോഗാർഥി പരിശീലനകേന്ദ്രം നടത്തുന്ന സുബ്ബ റാവുവിനെ പോലീസ് അറസ്റ്റുചെയ്തു. കർണാടകത്തിലെ ധാർവാഡിൽ നൂറുകണക്കിന് പ്രതിഷേധക്കാർ നടത്തിയ മാർച്ച് പിരിച്ചുവിടാൻ പോലീസ് ലാത്തിച്ചാർജ് നടത്തി.

പശ്ചിമബംഗാളിൽ റെയിൽപ്പാതകളിൽ സമരമാർഗമായി പുഷ്-അപ്പുകൾ എടുത്ത് തീവണ്ടി ഗതാഗതം തടസ്സപ്പെടുത്തിയ ഉദ്യോഗാർഥികളും യാത്രക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. ജമ്മുവിൽ ദേശീയപാത ഉപരോധിക്കാനുള്ള ഉദ്യോഗാർഥികളുടെ ശ്രമം പോലീസ് തടഞ്ഞു. രാജസ്ഥാനിൽ ജയ്പുർ, ജോധ്പുർ, ജുൻജുനു ഉൾപ്പെടെ ഒട്ടേറെ സ്ഥലങ്ങളിൽ പ്രതിഷേധം പടർന്നു. ആന്ധ്രയിൽ എല്ലാ പ്രധാന റെയിൽവേസ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി. ഗുണ്ടൂരിൽ അതിജാഗ്രത പ്രഖ്യാപിച്ചു. ഉത്തരാഖണ്ഡിൽ സമരം നടത്തുന്ന ഉദ്യോഗാർഥികളുമായി ചർച്ചനടത്താൻ എസ്‌.പി.മാർക്ക് ഡി.ജി.പി. അശോക്‌കുമാർ നിർദേശം നൽകി.

പഞ്ചാബിൽ ലുധിയാന റെയിൽവേസ്റ്റേഷൻ പ്രതിഷേധക്കാർ അടിച്ചുതകർത്തു. ഡൽഹിയിൽ രാഷ്ട്രീയ ലോക്ദൾ (ആർ.എൽ.ഡി.) പ്രസിഡന്റ് ജയന്ത് ചൗധരിയും പാർട്ടി എം.എൽ.എ.മാരും ഭാരവാഹികളും തലസ്ഥാനത്തെ കിസാൻഘട്ടിൽ രാവിലെ ‘നിശ്ശബ്ദപ്രതിഷേധം’ ആചരിച്ചു. ഹരിയാണയിൽ മഹേന്ദർഗഡ് റെയിൽവേസ്റ്റേഷന് പുറത്ത് ഉദ്യോഗാർഥികൾ വാനിന് തീയിട്ടു. മഹാരാഷ്ട്രയിൽ മഹാരാഷ്ട്ര യൂത്ത് കോൺഗ്രസ് (എം.പി.വൈ.സി.) പ്രസിഡന്റ് കുനാൽ റൗത്തിന്റെ നേതൃത്വത്തിൽ പ്രവർത്തകർ നാഗ്പുരിൽ പ്രകടനം നടത്തി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..