സുമിയിലെ വിദ്യാര്‍ഥികളോട് ഇന്ത്യ: പുറത്തിറങ്ങരുത്, രക്ഷാമാര്‍ഗം തേടുന്നു


സുമിയിൽ നിന്ന് പോളണ്ടിലേയ്ക്ക് പോകുന്നവർ. ഫോട്ടോ: എ.പി

ന്യൂഡൽഹി: വടക്കുകിഴക്കൻ യുക്രൈനിലെ സുമി നഗരത്തിൽനിന്ന് വിദ്യാർഥികളുടെ മുറവിളികളുടെ വീഡിയോ പുറത്തുവന്നതിനുപിന്നാലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ അവരുമായി ബന്ധപ്പെട്ടു.

ഒഴിപ്പിക്കലിനായി എല്ലാ വഴികളും തേടുകയാണെന്നും കരുത്തോടെ തുടരണമെന്നും ട്വിറ്റർ സന്ദേശങ്ങളിൽ അധികൃതർ പറഞ്ഞു. റെഡ്‌ക്രോസ് അടക്കമുള്ള എല്ലാ ഏജൻസികളുമായും സുരക്ഷിതമാർഗങ്ങൾ കണ്ടെത്തുന്നതിനുള്ള ചർച്ചകൾ നടത്തുന്നുണ്ട്. സുരക്ഷിതമായി ഷെൽട്ടറുകൾക്കുള്ളിൽ തുടരണമെന്നും പുറത്തിറങ്ങരുതെന്നും എംബസി നിർദേശിച്ചു.

വിദ്യാർഥികളുടെ വീഡിയോ ദൃശ്യങ്ങൾ കണ്ടതായും അവരുടെ വേദനയും ആശങ്കയും മനസ്സിലാക്കുന്നുവെന്നും വിദേശകാര്യവക്താവ് അരിന്ദം ബാഗ്ചി പത്രസമ്മേളനത്തിൽ പ്രതികരിച്ചു. അവരെ രക്ഷിക്കുന്നതിനുള്ള നടപടികളിലാണ് ഇപ്പോൾ രാജ്യം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. സുമിയിൽ ഷെല്ലാക്രമണം തുടരുകയാണ്. ഗതാഗതസൗകര്യമില്ല. പ്രാദേശിക വെടിനിർത്തൽ ഏർപ്പെടുത്തിയാൽമാത്രമേ വിദ്യാർഥികളെ സുരക്ഷിതമായി ഒഴിപ്പിക്കാൻ കഴിയൂ. അതിനായി റഷ്യക്കും യുക്രൈനുംമേൽ ഇന്ത്യ സമ്മർദം ചെലുത്തുകയാണ്. ഉടൻ ഫലമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.

സുമിയിലെ വിദ്യാർഥികൾ ബങ്കറുകളിലേക്ക് തിരിച്ചുപോയെന്നാണ് വിവരം. അവിടെ വൈദ്യുതിബന്ധം തിരിച്ചുവന്നു. വെള്ളലഭ്യതയിൽ കുറച്ച് പ്രശ്നങ്ങളുണ്ട്. സുമിയിൽനിന്ന് റഷ്യൻ അതിർത്തി 60 കിലോമീറ്റർ ദൂരെയാണ്. അവിടേക്കുള്ള യാത്ര എളുപ്പമല്ല. സുരക്ഷിതപാത ഒരുങ്ങിയാൽമാത്രമേ ഒഴിപ്പിക്കൽ നടക്കൂവെന്ന് അരിന്ദം ബാഗ്ചി പറഞ്ഞു.

Content Highlights: india russia ukraine war indian students evacuation

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..