File Photo | PTI
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കായുള്ള പ്രതിപക്ഷ ജോഡോയാത്രയിൽ കോൺഗ്രസിന് ഇന്ധനമായി കർണാടക തിരഞ്ഞെടുപ്പ് ഫലം. ദക്ഷിണേന്ത്യയുടെ പൊതുവികാരം ബി.ജെ.പി.ക്ക് അനുകൂലമല്ലെന്ന രാഷ്ട്രീയസന്ദേശം നൽകിയ ജനവിധി കോൺഗ്രസിനൊപ്പം പ്രതിപക്ഷത്തിനും കൂടുതൽ ഊർജം പകരും.
ഇപ്പോൾ തണുത്തുനിൽക്കുന്ന പ്രതിപക്ഷ ഐക്യനീക്കം ചൂടുപിടിക്കാൻ നേതാക്കൾക്ക് ഈ വിജയം ആത്മവിശ്വാസമേകും. ഒപ്പമുള്ള പ്രാദേശിക കക്ഷികളെ മുൻനിർത്തി പ്രതിപക്ഷകൂട്ടായ്മ നീക്കങ്ങളുടെ ചുക്കാൻ കോൺഗ്രസ് ഏറ്റെടുക്കുമോയെന്നതാണ് തിരഞ്ഞെടുപ്പുഫലം ഉയർത്തുന്ന ചോദ്യം. അതുണ്ടായാൽ പ്രതിപക്ഷനിരയിലെ സമവായത്തിൽ അരങ്ങേറാനിടയുള്ള മാറ്റങ്ങളും നിർണായകമാകും.
കർണാടകത്തിലെ കോൺഗ്രസിന്റെ മിന്നുംജയം പ്രതിപക്ഷത്ത് രണ്ടുവിധത്തിലായിരിക്കും പ്രതിഫലിക്കുക. വിജയം പ്രതിപക്ഷ ക്യാമ്പിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നു എന്നതാണ് ആദ്യത്തെ ഘടകം. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ ഇപ്പോൾനടക്കുന്ന പ്രതിപക്ഷ ഐക്യശ്രമങ്ങൾക്കെല്ലാം ഈ ജയം കരുത്താകും. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംഭവിക്കേണ്ട പ്രതിപക്ഷഐക്യത്തിന് വേഗംകൂട്ടാനും കൂടുതൽ കക്ഷികളെ കൂടെക്കൂട്ടാനും അതുവഴി സാധിക്കും. നേരിട്ടിറങ്ങാതെ, നിതീഷ് കുമാറിനെ മുന്നിൽനിർത്തിയാണ് നിലവിൽ കോൺഗ്രസ് പ്രതിപക്ഷ ഐക്യത്തിന് കരുക്കൾ നീക്കുന്നത്. രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽപ്പോലും കോൺഗ്രസ് പ്രതിപക്ഷനിരയുടെ നേതൃത്വം ഏറ്റെടുക്കാതെ, സഖ്യകക്ഷികളെ ആശ്രയിക്കുകയായിരുന്നു.
എന്നാൽ, കർണാടക നൽകിയ ആത്മവിശ്വാസക്കരുത്തിൽ കോൺഗ്രസ് പ്രതിപക്ഷനിരയുടെ നേതൃത്വസ്ഥാനത്തേക്ക് മടങ്ങിയെത്തുമോയെന്ന ആകാംക്ഷയാണ് ദേശീയരാഷ്ട്രീയത്തിൽ ഉയരുന്നത്. അതേസമയം, കോൺഗ്രസ് നേതൃത്വത്തിലേക്കുവന്നാൽ പ്രതിപക്ഷത്ത് ഐക്യം സാധ്യമാകുമോ എന്നതും നിർണായക ചോദ്യമാണ്. കോൺഗ്രസിനോടുള്ള വിമുഖതകാരണം പ്രതിപക്ഷത്ത് മാറിനിൽക്കുന്ന പാർട്ടികളാണ് തൃണമൂൽ കോൺഗ്രസും ബി.ആർ.എസും. കോൺഗ്രസ് വിരുദ്ധ-ബി.ജെ.പി. വിരുദ്ധ മുന്നണി എന്ന സമീപനം മുന്നോട്ടുവെക്കുന്ന കെ. ചന്ദ്രശേഖർ റാവുവിനും അതു സ്വീകാര്യമാകാനിടയില്ല. ആം ആദ്മി പാർട്ടിയും കോൺഗ്രസിന്റെ മേധാവിത്വത്തെ അംഗീകരിക്കണമെന്നില്ല.
പ്രതിപക്ഷകക്ഷി നേതാക്കളെ അവരവരുടെ തട്ടകങ്ങളിൽപ്പോയിക്കണ്ട് ചർച്ച നടത്തിവരുകയാണ് നിതീഷ് കുമാർ. ഈമാസംതന്നെ ഡൽഹിയിൽ പ്രതിപക്ഷ നേതൃയോഗം വിളിച്ചുചേർക്കാനും ആലോചിക്കുന്നുണ്ട്. ഐക്യദൗത്യത്തിനു നിതീഷിനെ വിളിച്ചതിൽ കോൺഗ്രസിനകത്തുതന്നെ രണ്ടഭിപ്രായമുണ്ട്. ഇപ്പോഴും പ്രതിപക്ഷത്തെ വലിയപാർട്ടി കോൺഗ്രസാണെന്നും വലിയ വിട്ടുവീഴ്ചകളൊന്നും വേണ്ടെന്നുമാണ് പാർട്ടിയിൽ രാജ്യസഭാംഗങ്ങൾ ഉൾപ്പെടുന്ന മറുവിഭാഗം നേതാക്കളുടെ അഭിപ്രായം. കർണാടകത്തിലെ ജയത്തോടെ ഇവരുടെ വാദത്തിനു മൂർച്ചകൂടും.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..