പി.എഫ്.ഐ.: സമാന്തരമായി ഇ.ഡി. അന്വേഷണവും


പ്രതീകാത്മക ചിത്രം |ഫോട്ടോ:ANI

ന്യൂഡൽഹി: തീവ്രവാദ പ്രവർത്തനങ്ങൾക്ക് വിദേശ ഫണ്ട് പോപ്പുലർ ഫ്രണ്ട് ഒാഫ് ഇന്ത്യ ഉപയോഗിക്കുന്നതിനെക്കുറിച്ച് ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കുമ്പോൾ എൻഫോഴ്സ‌്മെന്റ് ഡയറക്ടറേറ്റ്‌ പരിശോധിക്കുന്നത് കള്ളപ്പണം വെളുപ്പിക്കലുമായി സംഘടനയ്ക്കുള്ള ബന്ധം. പി.എഫ്.ഐ. നേതാക്കൾക്കെതിരേ രണ്ടു കുറ്റപത്രങ്ങൾ ഇ.ഡി. സമർപ്പിച്ചിട്ടുണ്ട്. മൂന്നാറിലെ വില്ല പ്രോജക്ടുമായി ബന്ധപ്പെട്ട് പി.എഫ്.ഐ. നേതാക്കളായ അബ്ദുൾ റസാഖ് പീടിയയ്ക്കൽ, അഷറഫ് ഖാദിർ എന്നിവർക്കെതിരേയുള്ളതാണ് ഒന്ന്. മാധ്യമ പ്രവർത്തകനായ സിദ്ദിഖ് കാപ്പൻ ഉൾപ്പെട്ട കേസാണ് മറ്റൊന്ന്.

കഴിഞ്ഞവർഷം ഫെബ്രുവരിയിൽ ഹാഥ്രസ് സംഭവത്തിനുപിന്നാലെ വർഗീയകലാപം ഉണ്ടാക്കാൻ ലക്ഷ്യമിട്ടെന്നാരോപിച്ച് പി.എഫ്.ഐ.യുടെ വിദ്യാർഥിസംഘടനയായ കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സി.എഫ്.ഐ.) ഭാരവാഹികളുടെ പേരിലും സിദ്ദിഖ് കാപ്പന്റെപേരിലും കേസെടുത്തിരുന്നു. പ്രതി ചേർക്കപ്പെട്ട കെ.എ. റൗഫ് ഷെരീഫ്, ആതികുർ റഹ്മാൻ, മസൂദ് അഹമ്മദ്, മുഹമ്മദ് ആലം, സിദ്ദിഖ് കാപ്പൻ എന്നിവർക്കെതിരേ കള്ളപ്പണം വെളുപ്പിക്കൽ കുറ്റവും പിന്നീട് ഉൾപ്പെടുത്തി.

അബ്ദുൾ റസാഖ് പീടിയയ്ക്കലും അഫറഫ് ഖാദിറും മറ്റു പി.എഫ്.ഐ. നേതാക്കളുമായും വിദേശ സ്ഥാപനങ്ങളിലുള്ളവരുമായും ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കുക എന്ന ലക്ഷ്യത്തോടെ മൂന്നാർ വില്ല വിസ്ത പ്രോജക്ട് വികസിപ്പിച്ചു എന്നതാണ് കുറ്റം. പോപ്പുലർ ഫ്രണ്ടിന്റെ മലപ്പുറം പെരുമ്പടപ്പിലെ ഡിവിഷൻ പ്രസിഡന്റു കൂടിയായിരുന്ന അബ്ദുൾ റസാഖ് പീടിയയ്ക്കലിന് സംഘടനയുമായി ദീർഘകാല ബന്ധമുണ്ടെന്നും ഗൾഫ് രാജ്യങ്ങളിലെ ഇത്തരത്തിൽ സാമ്പത്തിക സഹായം ചെയ്യുന്ന സംഘടനകളെ പ്രതിനിധീകരിക്കുന്ന പ്രധാനവ്യക്തിയാണെന്നും ഏജൻസി ആരോപിക്കുന്നു. പി.എഫ്.ഐ.യുമായി ബന്ധമുള്ള റിഹാബ് ഇന്ത്യ ഫൗണ്ടേഷന് യു.എ.ഇ.യിൽനിന്ന് 34 ലക്ഷം രൂപ കൈമാറിയതും എസ്.ഡി.പി.ഐ. പ്രസിഡന്റ് എം.കെ. ഫൈസിക്ക് രണ്ടുലക്ഷം രൂപ കൈമാറിയതും ഇന്ത്യയിലേക്ക് അനധികൃത മാർഗങ്ങളിലൂടെ 19 കോടി എത്തിച്ചതും ഇദ്ദേഹമാണെന്നാണ് ഇ.ഡി.യുടെ ആരോപണം. പ്രൊഫസർ ജോസഫിന്റെ കൈവെട്ട് കേസിൽ എൻ.ഐ.എ. പ്രതി ചേർത്ത പി.എഫ്.ഐ. സംസ്ഥാന നിർവാഹക സമിതിയംഗം അഷറഫ് ഖാദിർ അബുദാബിയിൽ കള്ളപ്പണം വെളുപ്പിക്കൽ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന ദർബാർ റെസ്റ്റോറന്റിന്റെ ഉടമയായിരുന്നുവെന്നും ഇ.ഡി. ആരോപിക്കുന്നു. ഏകദേശം 22 കോടി രൂപയുടെ കുറ്റകൃത്യത്തിനുള്ള തെളിവ് ലഭിച്ചതായാണ് ഏജൻസി പറയുന്നത്.

രൂപം കൊണ്ടത് കേരളത്തിൽ, ആസ്ഥാനം ഡൽഹി

2006-ൽ കേരളത്തിൽ രൂപം കൊണ്ട പി.എഫ്.ഐ.യുടെ ആസ്ഥാനം ഡൽഹിയിലാണ്. ഇന്ത്യയിലെ പാർശ്വവത്‌കരിക്കപ്പെട്ട വിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന പ്രസ്ഥാനമാണെന്നാണ് പി.എഫ്.ഐ. അവകാശപ്പെടുന്നത്. ഇതിന്റെ മറവിൽ തീവ്രവാദപ്രവർത്തനം നടത്തുന്നു എന്നാണ് അന്വേഷണ ഏജൻസികളുടെ ആരോപണം.

അന്വേഷണ ഏജൻസികളെ ഉപയോഗപ്പെടുത്തി എതിർശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള ഫാസിസ്റ്റ് ഭരണകൂടത്തിന്റെ നീക്കമാണിതെന്ന് പോപ്പുലർ ഫ്രണ്ട് പ്രസ്താവനയിൽ കുറ്റപ്പെടുത്തി. അറസ്റ്റിനെതിരേ കേരളത്തിലും കർണാടകത്തിലുമടക്കം പി.എഫ്.ഐ. പ്രവർത്തകർ പ്രതിഷേധിച്ചു.

Content Highlights: india,Enforcement Directorate, PFI

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..