അമിത് ഷാ|ഫോട്ടോ:യു.എൻ.ഐ
ന്യൂഡൽഹി: പതിറ്റാണ്ടുകളായി അതിർത്തിക്കപ്പുറത്തുനിന്ന് പിന്തുണ ലഭിക്കുന്ന ഭീകരവാദത്തിന്റെ ഇരയാണ് ഇന്ത്യയെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ.
ഭീകരവാദ ഭീഷണിയെ ഏതെങ്കിലും മതവുമായോ ദേശീയതയുമായോ സംഘങ്ങളുമായോ ബന്ധപ്പെടുത്തുന്നില്ല. ആഗോള സമാധാനത്തിനും സുരക്ഷയ്ക്കുമുള്ള ഏറ്റവും ഗുരുതരമായ ഭീഷണിയായ ഭീകരതയ്ക്ക് സഹായധനം നൽകുന്നതാണ് ഭീകരവാദത്തെക്കാൾ അപകടകരം -ഷാ പറഞ്ഞു. ന്യൂഡൽഹിയിൽ നടക്കുന്ന ‘ഭീകരതയ്ക്ക് പണമില്ല’ അന്താരാഷ്ട്ര സമ്മേളനത്തിലെ ചർച്ചയിൽ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു ആഭ്യന്തര മന്ത്രി. ‘ഭീകരതയുടെയും സഹായധനത്തിന്റെയും നൂതന പ്രവണതകൾ’ എന്നതായിരുന്നു ചർച്ചാവിഷയം.
ഭീകരവാദത്തിനുള്ള സഹായധനം ലോകരാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ ദുർബലപ്പെടുത്തുന്നു. ഡൈനാമിറ്റിൽനിന്ന് മെറ്റാവേഴ്സിലേക്കും എ.കെ.-47-ൽനിന്ന് വെർച്വൽ ആസ്തികളിലേക്കുമുള്ള ഭീകരവാദത്തിന്റെ പരിവർത്തനം ആശങ്കപ്പെടുത്തുന്നതാണ്. ഇതിനെതിരേ പൊതുതന്ത്രം രൂപപ്പെടണം. ഭീകരവാദത്തെ നേരിടുന്നതിൽ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും അക്രമം നടത്താനും യുവാക്കളെ മൗലികവാദികളാക്കാനും സാമ്പത്തികസ്രോതസ്സുകൾ സ്വരൂപിക്കാനും ഭീകരവാദികൾ നിരന്തരം പുതിയ വഴികൾ കണ്ടെത്തുകയാണ്. ആശയപ്രചാരണത്തിനും ഒളിച്ചിരിക്കാനും ഭീകരർ ഡാർക്ക്നെറ്റ് ഉപയോഗിക്കുന്നു. ക്രിപ്റ്റോകറൻസി പോലുള്ള വെർച്വൽ ആസ്തികളുടെ ഉപയോഗവും കൂടി. നിർഭാഗ്യവശാൽ, ഭീകരതയ്ക്കെതിരേ പോരാടാനുള്ള നമ്മുടെ കൂട്ടായ ദൃഢനിശ്ചയത്തെ തുരങ്കംവെക്കാനോ തടസ്സപ്പെടുത്താനോ ശ്രമിക്കുന്ന രാജ്യങ്ങളുമുണ്ട്. ചില രാജ്യങ്ങൾ ഭീകരവാദികളെ സംരക്ഷിക്കുകയും അഭയം നൽകുകയും ചെയ്യുന്നു. ഭീകരവാദിയെ സംരക്ഷിക്കുന്നത് ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്നും പാകിസ്താന്റെയും ചൈനയുടെയും പേരുപറയാതെ ആഭ്യന്തരമന്ത്രി പറഞ്ഞു.
ദക്ഷിണേഷ്യൻ മേഖലയിലെ സ്ഥിതിഗതികൾക്ക് 2021 ഓഗസ്റ്റിനുശേഷം മാറ്റവുമുണ്ടായതായി അഫ്ഗാനിസ്താനിലെ ഭരണമാറ്റം ചൂണ്ടിക്കാട്ടി അമിത് ഷാ പറഞ്ഞു. ഭരണമാറ്റവും അൽ ഖായിദയുടെയും ഐ.എസിന്റെയും വർധിക്കുന്ന സ്വാധീനവും പ്രാദേശികസുരക്ഷയ്ക്ക് പ്രധാന വെല്ലുവിളിയായി. ദക്ഷിണേഷ്യയിലെ ലഷ്‌കറെ തൊയ്ബ, ജെയ്ഷെ മുഹമ്മദ് തുടങ്ങിയ സംഘടനകളും ഭീകരത പടർത്തുന്നത് തുടരുന്നു. ഈ ഭീകരരെ പിന്തുണയ്ക്കുന്നവരുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടണമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
Content Highlights: india is the victim of terrorism activities outside the borders
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..