പ്രതീകാത്മക ചിത്രം | Photo: PTI
ന്യൂഡൽഹി: ഇന്ത്യയിൽ 47 ലക്ഷം പേർ കോവിഡ് ബാധിച്ച് മരിച്ചെന്ന ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് തള്ളി കേന്ദ്രസർക്കാർ. മരണം കണക്കാൻ ഡബ്ല്യു.എച്ച്.ഒ. സ്വീകരിച്ച പഠനരീതി ശരിയല്ല. ഇന്ത്യയുടെ എതിർപ്പ് പരിഗണിക്കാതെയാണ് അധികമരണം സംബന്ധിച്ച കണക്കുകൾ സംഘടന പുറത്തുവിട്ടതെന്നും കേന്ദ്രം പറഞ്ഞു.
കോവിഡ് മരണനിരക്ക് സംബന്ധിച്ച സമാനമായ റിപ്പോർട്ടുകൾ നേരത്തേ ഇന്ത്യ തള്ളിയിരുന്നു. രാജ്യങ്ങളെ ടയർ ഒന്ന്, രണ്ട് എന്നിങ്ങനെ തരംതിരിക്കുന്നതിനുള്ള ലോകാരോഗ്യസംഘടനയുടെ മാനദണ്ഡങ്ങളിലും അനുമാനങ്ങളിലുമുള്ള പൊരുത്തക്കേടുകളും ചൂണ്ടിക്കാണിച്ചിരുന്നു. ഇന്ത്യയെ ടയർ രണ്ടുരാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതിന്റെ അടിസ്ഥാനം ചോദ്യംചെയ്യുകയും ചെയ്തു. ആ നിലപാട് ആരോഗ്യമന്ത്രാലയം ആവർത്തിച്ചു.
രാജ്യത്തെ 17 സംസ്ഥാനങ്ങളിലെ കോവിഡ് മരണം സംബന്ധിച്ച കണക്കുകൾ അനൗദ്യോഗിക വെബ്‌സൈറ്റുകളിൽനിന്നും മാധ്യമ റിപ്പോർട്ടുകളിൽനിന്നും ശേഖരിച്ചതാണെന്ന് ഡബ്ല്യു.എച്ച്.ഒ. സമ്മതിച്ചിരുന്നു. ഇതും ഇന്ത്യ ചോദ്യം ചെയ്യുന്നുണ്ട്.
രണ്ടുവർഷത്തിനിടെ ലോകത്ത് ഒന്നരക്കോടി ആളുകൾ കോവിഡ്മൂലം മരിച്ചതായാണ് ലോകാരോഗ്യസംഘടനയുടെ കണക്ക്. ഇത് ഔദ്യോഗിക മരണസംഖ്യയായ 60 ലക്ഷത്തിന്റെ ഇരട്ടിയിലധികമാണ്. തെക്കുകിഴക്കൻ ഏഷ്യ, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലാണ് മരണങ്ങളിൽ കൂടുതലും.
ലോകാരോഗ്യസംഘടനയുടെ കണക്കുകൾ ഐ.സി.എം.ആറിന്റെ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവയും തള്ളി. കോവിഡ്മൂലം മരണം സംഭവിക്കുന്ന ആദ്യഘട്ടങ്ങളിൽ ഇത്തരം മരണങ്ങളെക്കുറിച്ച് കൃത്യമായ നിർവചനമുണ്ടായിരുന്നില്ല. കോവിഡ് ബാധിച്ച ഒരാൾ രണ്ടാഴ്ചയോ രണ്ടുമാസമോ ആറുമാസമോ കഴിഞ്ഞാണ് മരിക്കുന്നതെങ്കിൽ അവ കോവിഡ് മൂലമുള്ള മരണത്തിന്റെ പട്ടികയിൽ ഉൾപ്പെടുമോയെന്ന് വ്യക്തമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: India Objects To WHO Claims Of 4.7 Million Covid Deaths
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..