-
മുംബൈ: രാജ്യത്തെ വിലക്കയറ്റം ഏറ്റവും കുറവ് ഡൽഹിയിൽ. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് കണക്കു പ്രകാരം ഒക്ടോബറിൽ ഡൽഹിയിലെ വിലക്കയറ്റത്തോത് (പണപ്പെരുപ്പം) 2.99 ശതമാനമാണ്. 8.82 ശതമാനമുള്ള തെലങ്കാനയിലാണ് വിലക്കയറ്റം രൂക്ഷം. 7.93 ശതമാനവുമായി ആന്ധ്രാപ്രദേശ് രണ്ടും 7.79 ശതമാനവുമായി ഹരിയാണ മൂന്നാംസ്ഥാനത്തുമുണ്ട്.
പണപ്പെരുപ്പം കുറഞ്ഞ സംസ്ഥാനങ്ങളിൽ രണ്ടാമത് ഹിമാചൽപ്രദേശാണ് - 4.42 ശതമാനം. 4.52 ശതമാനമുള്ള പഞ്ചാബാണ് മൂന്നാമത്.
14-ാം സ്ഥാനത്തുള്ള കേരളത്തിൽ 6.28 ശതമാനമാണ് ഒക്ടോബറിലെ പണപ്പെരുപ്പം. സെപ്റ്റംബറിലിത് 6.45 ശതമാനമാണ്.
ഗ്രാമീണമേഖലയിൽ വിലക്കയറ്റത്തോത് സെപ്റ്റംബറിലെ 6.48 ശതമാനത്തിൽനിന്ന് 6.51 ശതമാനമായി കൂടിയെങ്കിലും നഗരമേഖലകളിലിത് 6.31 ശതമാനത്തിൽനിന്ന് 5.89 ശതമാനമായി കുറഞ്ഞു. പശ്ചിമബംഗാൾ (7.71 ശതമാനം), മധ്യപ്രദേശ് (7.49 ശതമാനം), മഹാരാഷ്ട്ര (7.22 ശതമാനം), തമിഴ്നാട് (7.10 ശതമാനം), ഗുജറാത്ത് (6.94 ശതമാനം) എന്നിങ്ങനെയാണ് മറ്റു കണക്ക്.
വിലക്കയറ്റം വരുംനാളുകളിൽ കുറഞ്ഞുവരുമെന്നാണ് പ്രതീക്ഷയെന്ന് കെയർ റേറ്റിങ്സ് ചീഫ് ഇക്കണോമിസ്റ്റ് രജനി സിൻഹ അഭിപ്രായപ്പെട്ടു. ആഗോളതലത്തിൽ ഉത്പന്നങ്ങളുടെ വില കുറഞ്ഞുവരുകയാണ്. ഇത് ഇന്ത്യയിലെ മൊത്തവില പണപ്പെരുപ്പം കുറയാൻ സഹായിക്കുന്നുണ്ടെങ്കിലും ഉത്പാദകർ ഉത്പന്നവിലയിൽ മാറ്റം കൊണ്ടുവരുന്നതിന് തയ്യാറായേക്കില്ല. അതിനാൽ ഉപഭോക്താക്കൾക്ക് മൊത്തവില പണപ്പെരുപ്പം കുറഞ്ഞതിന്റെ നേട്ടം ലഭിക്കാൻ കൂടുതൽ സമയമെടുത്തേക്കും.
ഉപഭോക്തൃ പണപ്പെരുപ്പം 6.77 ശതമാനമായി കുറഞ്ഞ സാഹചര്യത്തിൽ ഡിസംബർ ആദ്യം ചേരുന്ന പണനയസമിതി യോഗത്തിൽ റിസർവ് ബാങ്ക് പലിശനിരക്ക് വർധിപ്പിക്കുന്നതിന്റെ വേഗം കുറച്ചേക്കാം. തുടർച്ചയായി മൂന്നുതവണ റിപ്പോ നിരക്ക് അരശതമാനം വീതം വർധിപ്പിച്ചിരുന്നു. ഇത്തവണ 0.35 ശതമാനംവരെ വർധനയാണ് സാമ്പത്തികവിദഗ്‌ധർ പ്രതീക്ഷിക്കുന്നത്.
Content Highlights: india's least inflation in delhi and highest in telangana


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..