രക്ഷാദൗത്യത്തിന് റഷ്യയുടെയും യുക്രൈന്റെയും സഹായംതേടി ഇന്ത്യ


ഓപ്പറേഷൻ ഗംഗ രക്ഷാ ദൗത്യത്തിലൂടെ യുക്രൈനിൽ നിന്ന് ഡൽഹി വിമാനത്താവളത്തിലെത്തിയ ഇന്ത്യൻ വിദ്യാർഥികൾ |ഫോട്ടോ: സാബു സ്‌കറിയ

ന്യൂഡൽഹി: യുദ്ധമേഖലയിൽനിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ സഹായിക്കണമെന്ന് റഷ്യ, യുക്രൈൻ അംബാസഡർമാരോട് വിദേശകാര്യസെക്രട്ടറി ഹർഷവർധൻ ശൃംഗ്ല അഭ്യർഥിച്ചു.

യുദ്ധം തുടങ്ങിയശേഷം പന്ത്രണ്ടായിരത്തോളം ഇന്ത്യക്കാരെ ഒഴിപ്പിച്ചു. തിങ്കളാഴ്ച കീവിൽനിന്ന് തീവണ്ടിയിൽ പടിഞ്ഞാറൻ പ്രദേശങ്ങളിലേക്ക് നീങ്ങാൻ എംബസി നിർദേശം നൽകിയെങ്കിലും പല ഇന്ത്യൻ വിദ്യാർഥികൾക്കും സാധിച്ചില്ല. എംബസിക്കടുത്ത് താമസിക്കുന്ന നാനൂറോളം വിദ്യാർഥികൾക്കാണ് തിങ്കളാഴ്ച പടിഞ്ഞാറൻ മേഖലയിലേക്ക് നീങ്ങാൻ കഴിഞ്ഞത്. കർഫ്യൂ ഇളവ് ചെയ്യുമ്പോൾ ബാക്കിയുള്ള വിദ്യാർഥികളും കീവ് വിടണം.

ഒഴിപ്പിക്കാൻ വ്യോമസേനയും

പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. വ്യോമസേന സി-17 ഗ്ലോബ്മാസ്റ്റർ വിമാനങ്ങളാണ് ഉപയോഗിക്കുന്നത്. നിലവിൽ എയർ ഇന്ത്യയടക്കം സ്വകാര്യവിമാനങ്ങളാണ് ഒഴിപ്പിക്കലിൽ പങ്കെടുക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ കൂടുതൽ പേരെ ഒഴിപ്പിക്കാനാണ് വ്യോമസേനാ വിമാനങ്ങൾ ഉപയോഗിക്കുന്നത്.

രാഷ്ട്രപതിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും കൂടിക്കാഴ്ച നടത്തി. യുദ്ധസാഹചര്യം, ഇന്ത്യക്കാരുടെ വിവരങ്ങൾ, ‘ഓപ്പറേഷൻ ഗംഗ’ ദൗത്യം തുടങ്ങിയവ സംബന്ധിച്ച് വിവരങ്ങൾ പ്രധാനമന്ത്രി വിശദീകരിച്ചു. തിങ്കളാഴ്ച രാത്രി വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറും രാഷ്ട്രപതിയെ കണ്ട് സ്ഥിതിഗതികൾ വിശദീകരിച്ചിരുന്നു.

വിദേശകാര്യമന്ത്രി പാർലമെന്റംഗങ്ങൾക്ക് കത്തെഴുതി

യുക്രൈനിലെ ഇന്ത്യക്കാരുടെ സ്ഥിതിഗതികൾ സംബന്ധിച്ച് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ പാർലമെന്റംഗങ്ങൾക്ക് കത്തെഴുതി. അംഗങ്ങൾക്കുള്ള പ്രത്യേക ആശങ്കകളും വിഷയങ്ങളും തന്റെ ഓഫീസിനെ നേരിട്ടറിയിക്കാൻ വിദേശകാര്യമന്ത്രി കത്തിൽ നിർദേശിച്ചു.

യുദ്ധം സംബന്ധിച്ച് വിദ്യാർഥികളുടെ രക്ഷിതാക്കളടക്കം എം.പി.മാർക്ക് പരാതികളും നിവേദനങ്ങളും നൽകുന്നുണ്ട്. ഇക്കാര്യങ്ങൾ എം.പി.മാർ വിദേശകാര്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.

പ്രധാനമന്ത്രി അനുശോചനം അറിയിച്ചു

ഹാർകിവിൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട നവീന്റെ രക്ഷിതാക്കളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ വിളിച്ച് അനുശോചനം അറിയിച്ചു. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, കർണാടക ദുരന്തനിവാരണ അതോറിറ്റി മേധാവി മനോജ് രാജൻ തുടങ്ങിയവരും നവീന്റെ കുടുംബവുമായി ബന്ധപ്പെട്ടു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..