കത്തിപ്പടർന്ന് ഡോക്യുമെന്ററി; പ്രതിഷേധിച്ച് ബി.ജെ.പി., പലയിടത്തും സംഘര്‍ഷം


2 min read
Read later
Print
Share

ബി.ബി.സി. തയ്യാറാക്കിയ 'ഇന്ത്യ- ദ മോദി ക്വസ്റ്റ്യൻ' ഡോക്യുമെന്ററി തിരുവനന്തപുരം പൂജപ്പുരയിൽ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ പ്രദർശിപ്പിക്കുന്നു

ന്യൂഡൽഹി/തിരുവനന്തപുരം: ഗുജറാത്ത് കലാപത്തിൽ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ പേര്‌ പരാമർശിക്കുന്ന ബി.ബി.സി. ഡോക്യുമെന്ററി പുതിയ രാഷ്ട്രീയ പോരാട്ടത്തിന് തിരികൊളുത്തി. കേന്ദ്രവിലക്കു മറികടന്ന് പ്രതിപക്ഷ യുവജനസംഘടനകൾ പലയിടത്തും ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. ഇത് തടയാൻ ബി.ജെ.പിയും രംഗത്തെത്തിയതോടെ പലസ്ഥലങ്ങളിലും സംഘർഷം.

ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം തിരുവനന്തപുരം മാനവീയം റോഡിൽ യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച പ്രദർശനത്തിലേക്കു തള്ളിക്കയറാൻ യുവമോർച്ചക്കാർ ശ്രമിച്ചതോടെയാണ് തലസ്ഥാനത്ത് ഏറ്റുമുട്ടൽ തുടങ്ങിയത്. വൈകീട്ട് പൂജപ്പുരയിൽ ഡി.വൈ.എഫ്.ഐ. സംഘടിപ്പിച്ച പ്രദർശനം തടയാനെത്തിയ ബി.ജെ.പി. പ്രവർത്തർക്കുനേരേ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

ബി.ബി.സി. തയ്യാറാക്കിയ 'ഇന്ത്യ- ദ മോദി ക്വസ്റ്റ്യന്‍ ' ഡോക്യുമെന്ററി തിരുവനന്തപുരം പൂജപ്പുരയില്‍ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ പ്രദര്‍ശിപ്പിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി എത്തിയ ബി.ജെ.പി. പ്രവര്‍ത്തകര്‍ പോലീസ് ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിക്കുന്നു.

പാലക്കാട് സ്റ്റേഡിയം ബസ്‌സ്റ്റാൻഡ് പരിസരത്ത് ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റിയുടെ പ്രദർശനത്തിനിടെ പ്രകടനവുമായെത്തിയ യുവമോർച്ച പ്രവർത്തകരെ പോലീസ് അറസ്റ്റുചെയ്തുനീക്കി. വിക്ടോറിയ കോളേജിൽ എസ്.എഫ്.ഐ. പ്രദർശനത്തിനിടെയും യുവമോർച്ചയുടെ പ്രതിഷേധമുണ്ടായി.

കേരളത്തിലെങ്ങും ഡോക്യുമെൻററി പ്രദർശിപ്പിക്കുമെന്ന് ഡി.വൈ.എഫ്.ഐ. സംസ്ഥാന നേതൃത്വം പ്രഖ്യാപിച്ചിരുന്നു.

കാമ്പസുകളിലെങ്ങും പ്രദർശിപ്പിക്കുമെന്ന് എസ്.എഫ്.െഎ. പറഞ്ഞു. കെ.എസ്.യു.വും കാമ്പസുകളിലെ പ്രദർശനത്തിന് ആഹ്വാനംചെയ്തു. തിരുവനന്തപുരം ലോ കോളേജിൽ രാവിലെ 11.30-ന് ആദ്യപ്രദർശനം നടന്നു. ഹൈദരാബാദ് കേന്ദ്രസർവകലാശാലയിൽ തിങ്കളാഴ്ച വൈകീട്ട് ഫ്രട്ടേർണിറ്റി ഗ്രൂപ്പിന്റെ (എം.എസ്.എസ്.-എസ്.ഐ.ഒ.) നേതൃത്വത്തിൽ പ്രദർശനമൊരുക്കി.

പ്രദർശനം തടയണമെന്ന്‌ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ മുഖ്യമന്ത്രിയോട്‌ ആവശ്യപ്പെട്ടു.

ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍

‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്റിയുടെ, ഒരുമണിക്കൂർ വരുന്ന ആദ്യഭാഗം ജനുവരി 17-നാണ് ബി.ബി.സി. പുറത്തുവട്ടത്. ഗുജറാത്ത് കലാപത്തിൽ നരേന്ദ്ര മോദിക്ക് പങ്കുള്ളതായി ഡോക്യുമെന്ററി ആരോപിക്കുന്നു.

ബ്രിട്ടീഷ് സർക്കാരിന്റെ രേഖകളെ അടിസ്ഥാനമാക്കിയാണ് ഡോക്യുമെന്ററി നിർമിച്ചതെന്ന് ബി.ബി.സി. വിശദീകരിക്കുന്നു. എന്നാൽ ബി.ബി.സി. നിരാകരിക്കപ്പെട്ട ആഖ്യാനം കുത്തിപ്പൊക്കുകയാണെന്നും കൊളോണിയൽ മനോഭാവത്തിന്റെ തുടർച്ച പ്രതിഫലിക്കുന്നതാണ് ചിത്രമെന്നും വിദേശകാര്യവകുപ്പ് കുറ്റപ്പെടുത്തിയിരുന്നു.

ഒട്ടേറെയാളുകൾ ആദ്യദിനം ഇത് കണ്ടു. പിന്നീടാണ് ഡോക്യുമെന്ററിയുടെ ലിങ്കുകൾ നീക്കംചെയ്യാൻ യുട്യൂബിനും ട്വിറ്ററിനും കേന്ദ്രം നിർദേശംനൽകിയത്.

Content Highlights: india the modi question bbc documentary protest

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..