‘സാരേ ജഹാം സേ അച്ഛാ'യുടെ രചയിതാവ് അല്ലാമ ഇഖ്ബാൽ പാഠ്യപദ്ധതിക്കു പുറത്ത്; ഗാന്ധിജിക്കുപകരം സവർക്കർ


1 min read
Read later
Print
Share

അല്ലാമ ഇഖ്ബാൽ | ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്

ന്യൂഡൽഹി: സ്വാതന്ത്ര്യസമരകാലത്തെ വിഖ്യാതമായ ‘സാരേ ജഹാം സേ അച്ഛാ, ഹിന്ദുസ്ഥാൻ ഹമാരാ...’ എന്ന ദേശഭക്തിഗാനത്തിന്റെ രചയിതാവ് മുഹമ്മദ് ഇഖ്ബാലിനെക്കുറിച്ചുള്ള പാഠഭാഗം പൊളിറ്റിക്കൽ സയൻസ് പാഠ്യപദ്ധതിയിൽനിന്ന് ഒഴിവാക്കാൻ ഡൽഹി സർവകലാശാല. ഇതുസംബന്ധിച്ച് സർവകലാശാല അക്കാദമിക് കൗൺസിൽ വെള്ളിയാഴ്ച പ്രമേയം പാസാക്കി.

ബി.എ. പൊളിറ്റിക്കൽ സയൻസ് ആറാംസെമസ്റ്റർ വിദ്യാർഥികൾക്കുള്ള ‘മോഡേൺ പൊളിറ്റിക്കൽ തോട്ട്’ എന്ന പാഠഭാഗമാണ് ഒഴിവാക്കിയത്. നിർദേശങ്ങൾ ജൂൺ ഒമ്പതിനുചേരുന്ന സർവകലാശാലയുടെ എക്സിക്യുട്ടീവ് കൗൺസിലിൽ പരിഗണിക്കും. കൗൺസിലാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത്. 1904-ൽ രചിക്കപ്പെട്ട ‘സാരേ ജഹാം സേ അച്ഛാ...’ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തിൽ ശക്തമായ സമരായുധമായാണ് ഉപയോഗിച്ചിരുന്നത്. അല്ലാമ ഇഖ്ബാൽ എന്നപേരിലാണ് മുഹമ്മദ് ഇഖ്ബാൽ പ്രശസ്തനായത്.

എന്നാൽ, ഇന്ത്യാവിഭജനത്തിന് അടിത്തറപാകിയ നിർണായകപ്രസംഗം നടത്തിയത് അല്ലാമ ഇഖ്ബാലാണെന്നും അദ്ദേഹത്തിന് പാഠ്യപദ്ധതിയിൽ ഇടംനൽകാനാവില്ലെന്നും ഡൽഹി സർവകലാശാലാ വൈസ് ചാൻസലർ യോഗേഷ് സിങ് പറഞ്ഞു. വിഭജനത്തെക്കുറിച്ചുള്ള ആദ്യ ആശയം ഇഖ്ബാലിന്റെ വകയായിരുന്നു. മുസ്‍ലിംലീഗിനെയും പാകിസ്താൻ സ്ഥാപനത്തെയും അദ്ദേഹം ശക്തമായി പിന്തുണച്ചു -സിങ് പറഞ്ഞു. പാകിസ്താനിൽ ദേശീയകവിയും ആത്മീയനേതാവുമൊക്കെയായാണ് അല്ലാമ ഇഖ്ബാലിനെ കണക്കാക്കുന്നത്.

ഇഖ്ബാൽ, രാംമോഹൻ റോയ്, പണ്ഡിറ്റ്‌ രമാഭായി, സ്വാമി വിവേകാനന്ദൻ, മഹാത്മാഗാന്ധി, ഭീംറാവു അംബേദ്കർ എന്നിവരെക്കുറിച്ചുള്ള ഭാഗങ്ങളാണ് പാഠ്യപദ്ധതിയിലുള്ളത്. സർവകലാശാലയുടെ നീക്കത്തെ എ.ബി.വി.പി. സ്വാഗതംചെയ്തു.

ഗാന്ധിജിക്കുപകരം സവർക്കർ

: അഞ്ചാം സെമസ്റ്ററിൽ മഹാത്മാഗാന്ധിയെക്കുറിച്ചുള്ള പാഠഭാഗം ഒഴിവാക്കി പകരം ഹിന്ദുത്വ സൈദ്ധാന്തികനായ വി.ഡി. സവർക്കറെക്കുറിച്ചുള്ള ഭാഗം ചേർത്തു. ഗാന്ധിജിയെക്കുറിച്ച് പഠിക്കാൻ ഇനി ഏഴാം സെമസ്റ്റർവരെ കാത്തിരിക്കണം. നാലുവർഷത്തിനുപകരം മൂന്നുവർഷത്തെ ബിരുദ കോഴ്‌സ് തിരഞ്ഞെടുക്കുന്ന വിദ്യാർഥികൾക്ക്‌ ഗാന്ധിജിയെക്കുറിച്ച് അറിയാൻ സാധിക്കില്ല. ഗാന്ധിജിയെക്കുറിച്ചുള്ള പാഠഭാഗം മുഴുവനായി ഒഴിവാക്കാൻ പദ്ധതിയുണ്ടെന്ന് സർവകലാശാലാ അധ്യാപകർ ആരോപിച്ചു.

Content Highlights: Indian uni drops chapter on Allama Iqbal from BA syllabus

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..