Photo: sengol1947ignca.in
ന്യൂഡൽഹി: വിസ്മൃതിയിലാണ്ടുപോയ ചരിത്രം ചികഞ്ഞ് ബി.ജെ.പി. സർക്കാർ ഉയർത്തിക്കാട്ടുന്ന ചെങ്കോലിന് രാഷ്ട്രീയപ്രസക്തിയുമേറെ. 1947-ലെ ചെങ്കോൽ കൈമാറ്റച്ചടങ്ങ് പുനരാവിഷ്കരിക്കാൻ മോദിസർക്കാർ തയ്യാറെടുക്കുമ്പോൾ പഴയ ആചാരവും ചർച്ചയിൽ നിറയുകയാണ്. സ്വാതന്ത്ര്യാനന്തരം ഏഴുപതിറ്റാണ്ടോളം മുഖ്യധാരയിൽ വരാതിരുന്ന ചെങ്കോലിന്റെ കഥ 2018-ലാണ് അതിന്റെ നിർമാതാക്കളായ ചെന്നൈയിലെ വുമ്മിഡി ബംഗാരു ചെട്ടി (വി.ബി.എസ്.) ഗ്രൂപ്പും തിരിച്ചറിഞ്ഞത്. പ്രയാഗ്‌രാജിലെ (അലഹബാദ്) മ്യൂസിയത്തിൽ പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്രുവിന്റെ ‘സ്വർണംകൊണ്ടുള്ള ഊന്നുവടി’ എന്ന് തെറ്റായി രേഖപ്പെടുത്തിയായിരുന്നു ചെങ്കോൽ സൂക്ഷിച്ചിരുന്നത്.
പഴയ കഥകളറിഞ്ഞ് വി.ബി.എസ്. ഗ്രൂപ്പ് മുൻകൈയെടുത്താണ് ചെങ്കോൽ സംരക്ഷിക്കാൻ നീക്കം തുടങ്ങിയത്. ചെങ്കോലിന്റെ പ്രാധാന്യം വിവരിച്ച് പുറത്തിറക്കിയ വീഡിയോ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രദ്ധയിലുമെത്തുകയായിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്ന് ജൂവലറി ഗ്രൂപ്പിനെ ബന്ധപ്പെട്ട് വിവരങ്ങൾ തേടി. ഇക്കാര്യം കേന്ദ്രതല ശ്രദ്ധയിലെത്തിക്കാൻ ആർ.എസ്.എസ്. സൈദ്ധാന്തികൻ എസ്. ഗുരുമൂർത്തിയുടെയും ഇടപെടലുണ്ടായി. പിന്നീട് പുതിയ പാർലമെന്റ് മന്ദിരത്തിൽ ചെങ്കോലും സ്ഥാപിക്കാൻ തീരുമാനിക്കുകയായിരുന്നു. പണ്ട് ചെങ്കോൽ കൈമാറ്റത്തിനു കാർമികത്വം വഹിച്ച ശൈവമഠത്തിനൊപ്പം തമിഴ്‌നാട്ടിലെ 20 അധീനങ്ങളിൽനിന്നുള്ള പ്രതിനിധികളെ ഇത്തവണ ചടങ്ങിനു ക്ഷണിച്ചിട്ടുണ്ട്. ഞായറാഴ്ച രാവിലെ പാർലമെന്റ് മന്ദിരത്തിൽ ഇവരുടെ ഹോമവുമുണ്ടാകും. കാലങ്ങൾക്കുമുമ്പേ തമിഴ് സംസ്കാരത്തിന് ദേശീയതലത്തിലുണ്ടായിരുന്ന പ്രാധാന്യം ഉയർത്തിക്കാട്ടാനും അതിന്റെ രാഷ്ട്രീയലാഭം നേടാനുമാണ് ബി.ജെ.പി.യുടെ ശ്രമം. ഹൈന്ദവാചാരങ്ങളെ കേന്ദ്രത്തിലെ കോൺഗ്രസ് സർക്കാരുകൾ മറച്ചുവെച്ചെന്ന് ബി.ജെ.പി. വക്താവ് അമിത് മാളവ്യ വിമർശിച്ചു. അധികാരചിഹ്നമായ ചെങ്കോലിനെ നെഹ്രുവിന്റെ സ്വർണ ഊന്നുവടിയെന്ന് വിളിച്ചതായും കോൺഗ്രസിനെ കുറ്റപ്പെടുത്തി മാളവ്യ ട്വീറ്റ് ചെയ്തു.
ചരിത്രത്തിൽ മറഞ്ഞുപോയ ചെങ്കോൽ
ചെങ്കോൽ കൈമാറ്റച്ചടങ്ങിനെക്കുറിച്ച് സ്വാതന്ത്ര്യവേളയിൽ മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. എന്നാൽ, വിഭജനത്തെത്തുടർന്ന് പിന്നീടുണ്ടായ വർഗീയസംഘർഷങ്ങളും മറ്റും കാരണമായി ആ ചടങ്ങ് വിസ്മൃതിയിൽ മറഞ്ഞു. മുൻകൂട്ടി നിശ്ചയിച്ച ഔദ്യോഗികപരിപാടികളുടെ ഭാഗമായല്ല ചടങ്ങ് നടത്തിയതെന്നതും അത് രേഖകളിൽ ഉൾപ്പെടാതിരിക്കാൻ കാരണമായതായി അധികൃതർ പറഞ്ഞു.
Content Highlights: Inspired by the Cholas handed over to Nehru
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..