വീണ്ടും ഉപയോഗിക്കാവുന്ന വിക്ഷേപണവാഹനം: തിരിച്ചിറക്കല്‍ വിജയം, ഐഎസ്ആര്‍ഒയ്ക്ക് ചരിത്രനേട്ടം


എബിന്‍ മാത്യു/ എം. ബഷീര്‍

2 min read
Read later
Print
Share

Photo: ANI

ബെംഗളൂരു/തിരുവനന്തപുരം: ചെലവുകുറഞ്ഞ ബഹിരാകാശ ദൗത്യത്തിലേക്കുള്ള പരീക്ഷണത്തിൽ വലിയൊരു ചുവടുകൂടി പൂർത്തിയാക്കി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആർ.ഒ.). പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനത്തിന്റെ (ആർ.എൽ.വി.) സ്വയംനിയന്ത്രിത ലാൻഡിങ് പരീക്ഷണം സമ്പൂര്‍ണവിജയം.

ഞായറാഴ്ച രാവിലെ കർണാടകത്തിലെ ചിത്രദുർഗ ജില്ലയിലെ ചല്ലക്കെരെ എയ്‌റോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ (എ.ടി.ആർ.) ഇന്ത്യൻ വ്യോമസേനയുടെയും പ്രതിരോധ ഗവേഷണ വികസന സംഘടന (ഡി.ആർ.ഡി.ഒ.)യുടെയും സഹകരണത്തോടെയായിരുന്നു പരീക്ഷണം.

വ്യോമസേനയുടെ ചിനൂക്ക് ഹെലികോപ്റ്ററാണ് ഉപയോഗിച്ചത്. ബഹിരാകാശത്തുനിന്ന് തിരിച്ചെത്തുന്നതിന് സമാനമായ സാഹചര്യങ്ങൾ പുനഃസൃഷ്ടിച്ചായിരുന്നു ദൗത്യം. ബഹിരാകാശ വാഹനത്തെ ഹെലികോപ്റ്ററിൽ ഉയർത്തിയശേഷം റൺവേയിൽ സ്വമേധയാ ലാൻഡിങ് നടത്തിച്ച ആദ്യ രാജ്യമായി ഇതോടെ ഇന്ത്യ.

നിലവിൽ നമ്മുടെ ബഹിരാകാശ വിക്ഷേപണ വാഹനങ്ങൾ ഒരുതവണ ഉപയോഗിക്കാനാവുന്നതാണ്. വീണ്ടും ഉപയോഗിക്കാനാവുന്ന വിക്ഷേപണ വാഹനം യാഥാർഥ്യമാകുന്നതോടെ ചെലവ് വൻതോതിൽ കുറയും. കൂടുതൽ ദൗത്യങ്ങൾ സാധ്യമാകും. ഏഴുകൊല്ലംമുമ്പ് ബംഗാൾ ഉൾക്കടലിനെ റൺവേയെന്ന് സങ്കല്പിച്ച് വാഹനത്തെ തിരിച്ചിറക്കിയിരുന്നു.

ആർ.എൽ.വി.യുടെ ബാഹ്യരൂപം വിമാനത്തിന് സമമാണെന്നും വിക്ഷേപണ വാഹനങ്ങളുടെയും വിമാനങ്ങളുടെയും സങ്കീർണവശങ്ങൾ സമാനമാണെന്നും ഐ.എസ്.ആർ.ഒ. പറഞ്ഞു.

വി.എസ്.എസ്.സി. ഡയറക്ടർ ഡോ. എസ്. ഉണ്ണികൃഷ്ണൻ നായർ, എ.ടി.എസ്.പി. പ്രോഗ്രാം ഡയറക്ടർ എൻ. ശ്യാം മോഹൻ എന്നിവരാണ് പരീക്ഷണത്തിന് നേതൃത്വംനൽകിയത്. ഡോ. എം. ജയകുമാർ മിഷൻ ഡയറക്ടറും ജെ. മുത്തുപാണ്ഡ്യൻ വെഹിക്കിൾ ഡയറക്ടറുമായിരുന്നു. ഐ.എസ്.ആർ.ഒ. ചെയർമാൻ എസ്. സോമനാഥും പരീക്ഷണത്തിന് സാക്ഷ്യംവഹിച്ചു.

വിമാനംപോലെ

വിമാനത്തിന്റെ ചട്ടക്കൂട്, നോസ് ക്യാപ്പ്, ഇരട്ട ഡെൽറ്റാ ചിറകുകൾ, ഇരട്ട വാലുകൾ എന്നിവ ഉൾപ്പെടുന്നതാണ് റീയൂസബിൾ ലോഞ്ച് വെഹിക്കിൾ-ടെക്‌നോളജി ഡെമോൺസ്‌ട്രേഷൻ (ആർ.എൽ.വി.-ടി.ഡി.).

അരമണിക്കൂർ ദൗത്യം

1. ചല്ലക്കെരെ ടെസ്റ്റ് റേഞ്ച്

ഞായറാഴ്ച രാവിലെ 7.10-ന് ചല്ലക്കെരെ എയ്‌റോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽനിന്ന് ചിനൂക്ക് ഹെലികോപ്റ്ററിൽ ആർ.എൽ.വി. പറന്നുയർന്നു

2. 4.5 കിലോമീറ്റർ ഉയരെ

മുൻകൂട്ടി നിശ്ചയിച്ച വേഗം, സ്ഥാനം, ഉയരം തുടങ്ങിയ പത്തോളം മാനദണ്ഡങ്ങൾ കൃത്യമാക്കി. ഐ.എസ്.ആർ.ഒ.യുടെ ഗൈഡൻസ് കൺട്രോൾ സംവിധാനം ഉപയോഗിച്ചായിരുന്നു വാഹനം നിയന്ത്രിച്ചത്. തുടർന്ന് ലാൻഡിങ്ങിനായി ആർ.എൽ.വി. താഴേക്ക്

3. റൺവേ

മുൻകൂട്ടി നിശ്ചയിച്ചപ്രകാരം 7.40-ന് റൺവേയിൽ ലാൻഡുചെയ്തു. പരമാവധി 350 കിലോമീറ്റർ വേഗം.

പ്രതീക്ഷ 2030-ൽ

പുനരുപയോഗിക്കാവുന്ന വിക്ഷേപണവാഹനം 2030-ൽ യാഥാർഥ്യമാക്കാനാകുമെന്നാണ് പ്രതീക്ഷ. പരീക്ഷണ വാഹനത്തെക്കാൾ അഞ്ചിരട്ടിയോളം വലുപ്പമുണ്ടാകുമെന്നാണ് വിലയിരുത്തൽ. വിമാനാകൃതിയിലുള്ള വാഹനത്തിന് 32 മീറ്റർ നീളവും 72 ടൺ ഭാരവുമുണ്ടാകും. ഭൗമോപരിതലത്തിന്റെ 100 കിലോമീറ്റർ മുകളിൽനിന്നാകും ഭൂമിയിലേക്കുള്ള മടങ്ങിവരവ്. ശബ്ദത്തെക്കാൾ 25 മടങ്ങ് വേഗമാണ് ഈ വാഹനത്തിന് പ്രതീക്ഷിക്കുന്നത്.

Content Highlights: isro successfully conducts reusable launch vehicle

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..