എൻ.ഡി.എ. സഖ്യം വിടാൻ ജെ.ഡി.യു.; ഇന്ന് സുപ്രധാന യോഗം


ബി.ജെ.പി. ബന്ധം വിട്ടാൽ സഹകരിക്കാമെന്ന് ആർ.ജെ.ഡി.യും കോൺഗ്രസും

നിതീഷ് കുമാർ | Photo: PTI

ന്യൂഡൽഹി: ജെ.ഡി.യു.വും ബി.ജെ.പി.യും തമ്മിലുള്ള ചേരിപ്പോരിൽ പുകഞ്ഞ് ബിഹാറിലെ എൻ.ഡി.എ. സഖ്യം. ഭിന്നത രൂക്ഷമായതോടെ മുന്നണി ബന്ധമവസാനിപ്പിച്ചേക്കുമെന്നും സർക്കാർ വീണേക്കുമെന്നും അഭ്യൂഹമുണ്ട്.

സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതി ചർച്ചചെയ്യാൻ ജെ.ഡി.യു. ചൊവ്വാഴ്ച നിർണായക യോഗം ചേരും. എം.പി.മാരോടും എം.എൽ.എ.മാരോടും ഉടൻ തലസ്ഥാനമായ പട്‌നയിലെത്താൻ മുഖ്യമന്ത്രി നിതീഷ് കുമാർ ആവശ്യപ്പെട്ടു. സഖ്യം തുടരണോ എന്നതിൽ യോഗത്തിൽ തീരുമാനമുണ്ടാകും. പുതിയ രാഷ്ട്രീയസാഹചര്യത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി നിതീഷ് കുമാർ ഫോണിൽ സംസാരിച്ചെന്ന് റിപ്പോർട്ടുകളുണ്ട്. ബി.ജെ.പി. ബന്ധമുപേക്ഷിച്ചാൽ ജെ.ഡി.യു.വുമായി സഹകരിക്കാമെന്ന് മുഖ്യ പ്രതിപക്ഷമായ ആർ.ജെ.ഡി. നേതൃത്വം വ്യക്തമാക്കി. സഖ്യം വിട്ടുവന്നാൽ ജെ.ഡി.യു.വിനെ പിന്തുണയ്ക്കുമെന്ന് കോൺഗ്രസും പറഞ്ഞു.

ആർ.സി.പി.സിങ് രാജിവെച്ച സാഹചര്യത്തിൽ, കേന്ദ്രമന്ത്രിസഭയിലേക്ക് ഇനിയില്ലെന്ന് ജെ.ഡി.യു. പ്രഖ്യാപിച്ചു. വരുന്ന തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി.യുമായി സഖ്യം തുടർന്നേക്കില്ലെന്ന സൂചനയും പാർട്ടിനേതൃത്വം നൽകി.

243 അംഗ ബിഹാർനിയമസഭയിൽ 80 സീറ്റുമായി ആർ.ജെ.ഡി.യാണ് വലിയ ഒറ്റക്കക്ഷി. ബി.ജെ.പി.ക്ക് 77 സീറ്റും ജെ.ഡി.യു.വിന് 55 സീറ്റുമാണുള്ളത്. ആർ.ജെ.ഡി.യുമായി സഖ്യത്തിലുള്ള കോൺഗ്രസിന് 19 സീറ്റുണ്ട്. 122 സീറ്റാണ് കേവലഭൂരിപക്ഷത്തിനു വേണ്ടത്.

എൻ.ഡി.എ. സഖ്യത്തിലാണെങ്കിലും കുറച്ചുകാലമായി ബി.ജെ.പി.യും ജെ.ഡി.യു.വും സ്വരച്ചേർച്ചയിലല്ല. മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരേ ബി.ജെ.പി. അണിയറയിൽ പടയൊരുക്കം നടത്തുന്നുണ്ടെന്നാണ് ജെ.ഡി.യു.വിന്റെ ആക്ഷേപം. മഹാരാഷ്ട്ര മോഡലിൽ ശിവസേനയെ പിളർത്തി ഭരണം നേടിയതുപോലെ പാർട്ടിക്കുള്ളിൽ വിമതരെ സൃഷ്ടിക്കാൻ ബി.ജെ.പി. ശ്രമിക്കുന്നുവെന്നാണ് ജെ.ഡി.യു. നേതൃത്വത്തിന്റെ സംശയം. രണ്ടാം മോദിസർക്കാരിൽ ജെ.ഡി.യു.വിന്റെ മന്ത്രിയായിരുന്ന ആർ.സി.പി. സിങ്ങിനെ കരുവാക്കി ബി.ജെ.പി. വിമതനീക്കത്തിന് ശ്രമം നടത്തിയെന്ന് ആരോപണമുണ്ട്. ഇതിന്റെ പേരിലാണ് മന്ത്രിയായിരുന്നിട്ടും സിങ്ങിനു വീണ്ടും രാജ്യസഭാ സീറ്റ് നൽകാതിരുന്നത്. കഴിഞ്ഞദിവസം സ്വത്തുവിവരങ്ങൾ ചോദിച്ച് പാർട്ടി സിങ്ങിന് നോട്ടീസും നൽകി. തൊട്ടുപിന്നാലെ സിങ് രാജിവെച്ചു.

രാഷ്ട്രീയവഴിക്ക് ഇത്തരം നീക്കങ്ങൾ നടക്കുമ്പോൾ മറുവഴിക്ക് കേന്ദ്രവുമായി സർക്കാർതലത്തിലും ജെ.ഡി.യു. നിസ്സഹകരണത്തിലായിരുന്നു. ഏറ്റവുമൊടുവിൽ നിതി ആയോഗ് യോഗത്തിനുൾപ്പടെ ഒരുമാസത്തിനിടെ കേന്ദ്രസർക്കാർ വിളിച്ച നാലുപരിപാടികളിൽ നിതീഷ് കുമാർ പങ്കെടുത്തില്ല. ഇതിൽ രണ്ടെണ്ണം പ്രധാനമന്ത്രി പങ്കെടുത്തവയാണ്. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ യാത്രയപ്പിൽനിന്നും പുതിയ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകളിൽനിന്നും നിതീഷ് വിട്ടുനിന്നതും വാർത്തയായി.

സഖ്യത്തിലെ കല്ലുകടി പല കാരണങ്ങളാൽ മാസങ്ങളായി ബിഹാറിലെ എൻ.ഡി.എ. സഖ്യത്തിൽ കല്ലുകടിയുണ്ട്. കഴിഞ്ഞമാസം അവസാനം പട്‌നയിൽ നടന്ന ബി.ജെ.പി.യുടെ ദേശീയ സമ്മേളനത്തിൽ ദേശീയതയടക്കം പല വിഷയങ്ങളുമുയർത്തിയത് നിതീഷിനെ ചൊടിപ്പിച്ചിരുന്നു. നിതീഷിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്ന ചില ബി.ജെ.പി. നേതാക്കളുടെ പ്രസ്താവനകളെ ദേശീയ നേതൃത്വം വിലക്കിയില്ല. ബിഹാറിന് പ്രത്യേക പദവിയെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല. ജാതി സെൻസസ്, അഗ്നിപഥ് തുടങ്ങിയ വിഷയങ്ങളിിലും ബി.ജെ.പി.യുമായി അഭിപ്രായവ്യത്യാസത്തിലാണ്.

കരുതലോടെ പ്രതിപക്ഷം

സംസ്ഥാനത്തെ മാറുന്ന രാഷ്ട്രീയ സാഹചര്യത്തിൽ പ്രതിപക്ഷവും ചടുലനീക്കം തുടങ്ങി. തേജസ്വി യാദവിന്റെ നേതൃത്വത്തിൽ ആർ.ജെ.ഡി.യും ചൊവ്വാഴ്ച യോഗം ചേരുന്നുണ്ട്. എല്ലാ എം.എൽ.എ.മാരോടും പട്‌നയിലെത്താൻ നിർദേശം നൽകി. കോൺഗ്രസ് നേതൃത്വം തിങ്കളാഴ്ച യോഗം ചേർന്ന്‌ സാഹചര്യം വിലയിരുത്തി. ബി.ജെ.പി. സഖ്യം വിട്ടുവന്നാൽ ജെ.ഡി.യു.വിന് പിന്തുണ നൽകുമെന്ന് കോൺഗ്രസ് സംസ്ഥാന നേതാക്കൾ പറഞ്ഞു.

Content Highlights: JDU to leave nda alliance important meeting today

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..