രണ്ടാമത്തെ കേസിലും മേവാനിക്ക് ജാമ്യം


കഴിഞ്ഞ ഒരുവർഷത്തിനിടെ അസമിൽ നടന്ന പോലീസ് ഏറ്റുമുട്ടലുകളെക്കുറിച്ച് പരാമർശിച്ച ജഡ്ജി സ്വയംപരിഷ്കരണത്തിന് തയ്യാറാവാൻ സേനയോട് നിർദേശിക്കണമെന്ന് ഗുവാഹാട്ടി ഹൈക്കോടതിയോട് ആവശ്യപ്പെട്ടു.

Jignesh Mevani‌ | PTI

ഗുവാഹാട്ടി: അസമിലെ വനിതാ പോലീസ് കോൺസ്റ്റബിളിനെ കൈയേറ്റംചെയ്യാൻ ശ്രമിച്ചെന്ന കേസിൽ ഗുജറാത്ത് എം.എൽ.എ.യും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനിക്ക് ജാമ്യം. 1000 രൂപയുടെ വ്യക്തിഗത ബോണ്ടിൽ ബാർപേട്ട ജില്ലാ സെഷൻസ് ജഡ്ജി പരേഷ് ചക്രവർത്തിയാണ് ജാമ്യം അനുവദിച്ചത്.

കഴിഞ്ഞ ഒരുവർഷത്തിനിടെ അസമിൽ നടന്ന പോലീസ് ഏറ്റുമുട്ടലുകളെക്കുറിച്ച് പരാമർശിച്ച ജഡ്ജി സ്വയംപരിഷ്കരണത്തിന് തയ്യാറാവാൻ സേനയോട് നിർദേശിക്കണമെന്ന് ഗുവാഹാട്ടി ഹൈക്കോടതിയോട് ആവശ്യപ്പെട്ടു.‘ഇന്നത്തെ കേസ് പോലുള്ള തെറ്റായ എഫ്‌.ഐ.ആർ. രജിസ്റ്റർ ചെയ്യുന്നത് തടയാനും പോലീസ് ഉദ്യോഗസ്ഥർ പ്രതികളെ വെടിവെച്ച് കൊല്ലുകയോ പരിക്കേൽപ്പിക്കുകയോ ചെയ്യുന്നത് തടയാനും അസം പോലീസിനോട് സ്വയംപരിഷ്കരിക്കാൻ നിർദേശിക്കണമെന്ന് ഗുവാഹാട്ടി ഹൈക്കോടതിയോട് ആവശ്യപ്പെടുന്നു.’ -കോടതി പറഞ്ഞു.

രണ്ടു പോലീസ്‌ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ വനിതാ പോലീസ് ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയത് മറ്റാരും കണ്ടിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.

ക്രമസമാധാന ജോലിക്കിടെ പോലീസുകാർ ശരീരത്തിൽ ക്യാമറ ധരിക്കുക, പ്രതിയെ അറസ്റ്റ്ചെയ്യുമ്പോഴും തെളിവെടുപ്പിനു കൊണ്ടുപോകുമ്പോഴും വാഹനങ്ങളിൽ സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കുക എന്നിവയും ഹൈക്കോടതി പരിഗണിച്ചേക്കും. എല്ലാ പോലീസ് സ്റ്റേഷനുകളിലും സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കണമെന്നും ഉത്തരവിൽ പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ ട്വീറ്റ് ചെയ്തെന്ന കേസിലാണ് ഗുജറാത്തിൽനിന്ന് അസം പോലീസ് മേവാനിയെ അറസ്റ്റ്‌ചെയ്ത് കൊക്രജാറിലേക്ക് കൊണ്ടുപോയത്. ഈ കേസിൽ ജാമ്യം ലഭിച്ചതിന്‌ തൊട്ടുപിന്നാലെ ഈ മാസം 25-നാണ് പോലീസ് ഉദ്യോഗസ്ഥയെ പൊതുമധ്യത്തിൽ കൈയേറ്റംചെയ്തെന്ന കേസിൽ മേവാനിയെ അറസ്റ്റ്‌ചെയ്തത്.

തുടർന്ന് അദ്ദേഹത്തെ അഞ്ചുദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. മേവാനിയെ ഗുവാഹാട്ടി വിമാനത്താവളത്തിൽനിന്ന്‌ അസമിലേക്ക് കൊണ്ടുപോയ പോലീസ് സംഘത്തിലെ അംഗമാണ് ആക്രമിക്കപ്പെട്ടെന്ന് പരാതിപ്പെട്ട വനിതാ കോൺസ്റ്റബിൾ.

Content Highlights: Jignesh Mevani Got Bail in second Case also

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..