ആളും ആരവവുമൊഴിഞ്ഞ് കോൺഗ്രസ് ആസ്ഥാനം; മുഖ്യമന്ത്രിത്തർക്കത്തിൽ മങ്ങി വിജയാവേശം


1 min read
Read later
Print
Share

പ്രതീകാത്മകചിത്രം | Mathrubhumi archives

ബെംഗളൂരു: 224-ൽ 135 സീറ്റോടെ തിളക്കമാർന്ന വിജയം നേടിയ കർണാടകത്തിലെ കോൺഗ്രസിന്റെ ആസ്ഥാനം ആളും ആരവവും ഒഴിഞ്ഞ നിലയിൽ. കോൺഗ്രസിന് ദേശീയതലത്തിൽ വലിയ ഉണർവ് സമ്മാനിച്ച കർണാടക വിജയത്തിന്റെ ആഘോഷം മുഖ്യമന്ത്രിതിരഞ്ഞെടുപ്പിൽ തട്ടി നിൽക്കുകയാണ്.

വിജയത്തിന്റെ മുഖ്യശില്പികളായ സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും മുഖ്യമന്ത്രിസ്ഥാനം കൈപ്പിടിയിലൊതുക്കാൻ വീറും വാശിയുമായി നേർക്കുനേർ പോരാട്ടത്തിലായതോടെ സാധാരണ പ്രവർത്തകരുടെ ആവേശം തണുത്തു. എപ്പോഴും പ്രവർത്തകരെക്കൊണ്ടും നേതാക്കളെക്കൊണ്ടും സജീവമായ ബെംഗളൂരു ക്വീൻസ് റോഡിലെ കോൺഗ്രസ് ആസ്ഥാനം ആളൊഴിഞ്ഞ നിലയിലാണ്. വിജയം ആഘോഷിക്കാനായി കെ.പി.സി.സി. ഓഫീസ് വൈദ്യുതാലങ്കാരം നടത്തി മോടികൂട്ടിയിരുന്നു. പക്ഷേ, ആവേശവുമായി അണികളില്ല.

പ്രധാനനേതാക്കളെല്ലാം ചർച്ചകളുമായി ഡൽഹിയിലാണ്. മുഖ്യമന്ത്രി ആരാകുമെന്ന ആകാംക്ഷയിലാണ് പ്രവർത്തകരും സാധാരണ നേതാക്കളും. ബുധനാഴ്ച ഉച്ചയോടെ തീരുമാനമായെന്നാണ് പലരും പ്രതീക്ഷിച്ചത്. സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാൻ തീരുമാനമായതായി മാധ്യമങ്ങളിൽ വാർത്തകൾ വന്നു. ഇതോടെ സിദ്ധരാമയ്യയെ അനുകൂലിക്കുന്നവർ ആഘോഷവുമായി രംഗത്തിറങ്ങി. സിദ്ധരാമയ്യയുടെ വീടിനുമുമ്പിൽ ആൾക്കൂട്ടമായിരുന്നു. പക്ഷേ, ഡി.കെ. ശിവകുമാറിന്റെ ക്യാമ്പ് നിശ്ശബ്ദമായിരുന്നു. ശിവകുമാറിന്റെ വീടിനുമുമ്പിലും ആരുമുണ്ടായിരുന്നില്ല. ചർച്ചകൾക്കായി ചൊവ്വാഴ്ചയാണ് ശിവകുമാർ ഡൽഹിക്കു പോയത്. അതുവരെ അദ്ദേഹത്തിന്റെ വീടിനുമുമ്പിൽ വൻജനക്കൂട്ടമായിരുന്നു. ചർച്ചകൾക്കുശേഷം ഇരുനേതാക്കളും വൈകുന്നേരത്തോടെ ബെംഗളൂരുവിൽ മടങ്ങിയെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുമുണ്ടായില്ല.

മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള മാരത്തൺ ചർച്ചകൾ നടന്ന ബുധനാഴ്ചയും കർണാടകത്തിന്റെ മുഴുവൻ ശ്രദ്ധയും രാജ്യതലസ്ഥാനത്തായിരുന്നു. മല്ലികാർജുൻ ഖാർഗെയുമായും രാഹുൽഗാന്ധിയുമായും ഡി.കെ. ശിവകുമാറും സിദ്ധരാമയ്യയും മാറിമാറി ചർച്ചനടത്തുമ്പോൾ എന്താകും തീരുമാനമെന്ന് അറിയാനുള്ള ആകാംക്ഷയിലായിരുന്നു എല്ലാവരും.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..