എച്ച്.ഡി. കുമാരസ്വാമി | Photo: Pics4news
ബെംഗളൂരു: കർണാടകത്തിൽ ഒരിക്കൽക്കൂടി കിങ് മേക്കറാകാൻ കാത്തിരുന്ന ജെ.ഡി.എസിന് രണ്ടുപതിറ്റാണ്ടിനിടയിലെ ഏറ്റവും കനത്ത തിരിച്ചടി.
സ്വന്തം തട്ടകമായ പഴയ മൈസൂരു മേഖലയിലും കാലിടറിയതോടെ 20 സീറ്റിൽ ഒതുങ്ങേണ്ടി വന്നു. പരമ്പരാഗത ശക്തികേന്ദ്രമായ രാമനഗരയിൽ എച്ച്.ഡി. കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയുടെ തോൽവി ഓർക്കാപ്പുറത്തെ തിരിച്ചടിയായി. കോൺഗ്രസിലെ ഇക്ബാൽ ഹുസൈനാണ് രാമനഗരയിൽ ജയിച്ചത്.
2018-ൽ 37 സീറ്റ് നേടി കോൺഗ്രസുമായി സഖ്യമുണ്ടാക്കി കിങ് മേക്കറായതുപോലെ ഇത്തവണയും സംഭവിക്കുമെന്നാണ് ജെ.ഡി.എസ്. കരുതിയിരുന്നത്.
ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ പ്രായത്തെ അവഗണിച്ച് പല സ്ഥലങ്ങളിലും പ്രചാരണത്തിലേർപ്പെട്ടിട്ടും നേട്ടമുണ്ടാക്കാനായില്ല. ശ്രീരംഗപട്ടണയിലും മാണ്ഡ്യയിലും നാഗമംഗലയിലുമെല്ലാം കാലിടറി. നിലവിലെ സാഹചര്യത്തിൽ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടാനുള്ള ശക്തി മണ്ണിന്റെ മക്കൾ പാർട്ടിയായ ജെ.ഡി.എസിനില്ല. കിങ് അല്ല, കിങ് മേക്കറായി ജെ.ഡി.എസ്. മാറുമെന്നായിരുന്നു ദേവഗൗഡയും കുമാരസ്വാമിയും വാദിച്ചിരുന്നത്. 35 സീറ്റെങ്കിലും നേടാനായിരുന്നു ശ്രമം. 2013 ഒഴികെ മുമ്പു നടന്ന മൂന്നു തിരഞ്ഞെടുപ്പുകളിലും ആർക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാതിരുന്നപ്പോൾ കിങ് മേക്കറുടെ റോളിലെത്തിയത് ജെ.ഡി.എസ്. ആയിരുന്നു. 2013-ൽ 40-ഉം 2008-ൽ 28-ഉം 2004-ൽ 58-ഉം സീറ്റുകൾ നേടിയിരുന്നു.
എക്‌സിറ്റ് പോളുകൾ പലതും തൂക്കുസഭ പ്രവചിച്ചതോടെ ആരുടെയെങ്കിലും ഒപ്പംചേർന്ന് സർക്കാർ രൂപവത്കരിക്കാനുള്ള ചരടുവലികളും അണിയറയിൽ നടന്നിരുന്നു. ഫലംവന്നതോടെ എല്ലാം പൊളിഞ്ഞു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..