
സുപ്രീം കോടതി
ന്യൂഡൽഹി: ഹിന്ദുക്കളും മുസ്ലിങ്ങളും ആരാധനാവകാശം ഉന്നയിക്കുന്ന കാശിയിലെ (വാരാണസി) ഗ്യാൻവാപി പള്ളിയിൽ സർവേ നടത്തുന്നതിനെതിരേ സുപ്രീംകോടതിയിൽ അപ്പീൽ.
ഇവിടെ സർവേയും വീഡിയോ ചിത്രീകരണവും നടത്താൻ അനുമതി നൽകിയ അലഹാബാദ് ഹൈക്കോടതി ഉത്തരവിനെതിരേ അൻജുമാൻ ഇന്ദെസാമിയ മസ്ജിദ് നൽകിയ അപ്പീലിൽ ഇടക്കാല ഉത്തരവിറക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. ഹർജി പരിശോധിച്ചശേഷം പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ഹർജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹുസേഫാ അഹമ്മദിയാണ് വിഷയം ചീഫ് ജസ്റ്റിസിനുമുമ്പാകെ ഉന്നയിച്ചത്. അവിടെ സർവേ നടക്കുകയാണെന്നും നിർത്തിവെക്കാൻ നിർദേശം നൽകണമെന്നുമാണ് ഹർജിക്കാർ ആവശ്യപ്പെട്ടത്. ചരിത്രാതീതകാലം തൊട്ടേ ഇത് പള്ളിയായിരുന്നെന്നും ഹുസേഫ അഹമ്മദി ചൂണ്ടിക്കാട്ടി. എന്നാൽ, തനിക്ക് ഇതേക്കുറിച്ച് ഒന്നുമറിയില്ലെന്നും അതിനാൽ ഉത്തരവിറക്കാനാവില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഹർജി വായിച്ചശേഷം തീരുമാനിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി. ആരാധനാലയങ്ങളുടെ മതസ്വഭാവത്തിൽ മാറ്റം വരുത്തുന്നത് തടയുന്ന 1991-ലെ ആരാധനാലയ സ്ഥലനിയമത്തിലെ നാലാംവകുപ്പ് ചൂണ്ടിക്കാട്ടിയാണ് ഹർജി. ആരാധനാലയങ്ങൾ 1947 ഓഗസ്റ്റ് 15-ന് ഏതുരീതിയിലായിരുന്നോ അതേ അവസ്ഥയിൽ തുടരണമെന്നും അതിന്റെ മതസ്വഭാവത്തിൽ മാറ്റംവരുത്താനോ അതിനായി നടപടികൾ ആരംഭിക്കാനോ പാടില്ലെന്നുമാണ് പ്രസ്തുത നിയമത്തിൽ പറയുന്നത്.
ഗ്യാൻ വാപി പള്ളിയുടെ പടിഞ്ഞാറൻ മതിലിനോടു ചേർന്നുള്ള ശൃംഗർ ഗൗരിക്ഷേത്രത്തിൽ നിത്യാരാധന അനുവദിക്കണമെന്നാവശ്യപ്പെട്ട് അഞ്ചു സ്ത്രീകൾ നൽകിയ ഹർജിയിലാണ് സർവേക്കും വീഡിയോചിത്രീകരണത്തിനും വാരാണസി കോടതി അനുമതി നൽകിയത്. അഭിഭാഷക കമ്മിഷന്റെ നേതൃത്വത്തിൽ മേയ് ആറിന് സർവേ തുടങ്ങിയെങ്കിലും പിറ്റേന്ന് അത് തടഞ്ഞു. എന്നാൽ, സർവേ തുടരാൻ കഴിഞ്ഞദിവസം കോടതി ഉത്തരവിടുകയായിരുന്നു.
കീഴ്ക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ ശനിയാഴ്ച സർവേ പുനരാരംഭിക്കാൻ സഹകരിക്കുമെന്ന് പള്ളി മാനേജ്മെന്റ് കമ്മിറ്റി അറിയിച്ചു. സമാധാനം ഉറപ്പാക്കാൻ എല്ലാവരോടും അഭ്യർഥിച്ചിട്ടുണ്ടെന്ന് വാരാണസി ജില്ലാ മജിസ്ട്രേറ്റ് കൗശൽ രാജ് അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..