അരവിന്ദ് കെജ് രിവാൾ, യോഗി ആദിത്യനാഥ്| ഫോട്ടോ: എ.എൻ.ഐ
ന്യൂഡൽഹി: ദേശീയരാഷ്ട്രീയത്തിൽ ഇനി നരേന്ദ്രമോദിയെയും ബി.ജെ.പി.യെയും നേരിടാൻ ആംആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ. നാലു സംസ്ഥാനങ്ങളിൽ ബി.ജെ.പി. അധികാരം നിലനിർത്തിയെന്നതിനെക്കാൾ ഈ തിരഞ്ഞെടുപ്പിന്റെ പ്രധാനസന്ദേശം എ.എ.പി. ദേശീയതലത്തിലെ ചുവടുറപ്പിക്കലാണ്. ഡൽഹിയിൽനിന്ന്്് പഞ്ചാബുവഴി എ.എ.പി. ദേശീയതലത്തിലെത്തുമ്പോൾ ഇതിനകംതന്നെ പ്രതിസന്ധിയിയായ കോൺഗ്രസ് കൂടുതൽ സമ്മർദം നേരിടും.
ഗോവയിൽ രണ്ടു സീറ്റ് ലഭിച്ചതും പ്രതിപക്ഷ സംസ്ഥാനങ്ങളിൽ കോൺഗ്രസിന്റെ രാഷ്ട്രീയ ഇടങ്ങളിൽ എ.എ.പി. കടന്നുകയറുന്നതിന്റെ സൂചനയാണ്. ഗുജറാത്തിലും പഞ്ചാബിനോടുചേർന്നുള്ള ഹിമാചലിലും ഇക്കൊല്ലം ഡിസംബറിലാണ് തിരഞ്ഞെടുപ്പ്. രണ്ടിടങ്ങളിലും എ.എ.പി. അക്കൗണ്ട് തുറന്നാൽ ആശ്ചര്യപ്പെടാനില്ല.
കോൺഗ്രസിന്റെ തകർച്ചയും നേതൃത്വ പ്രതിസന്ധിയുമാണ് നിയമസഭാതിരഞ്ഞെടുപ്പുഫലം നൽകുന്ന രണ്ടാമത്തെ സന്ദേശം. ഓരോ തിരഞ്ഞെടുപ്പിലും ബി.ജെ.പി. വിജയം ആവർത്തിക്കുമ്പോൾ പ്രതിപക്ഷത്തെ ഭിന്നത മാത്രമല്ല രാഹുലിന്റെയും പ്രിയങ്കയുടെയും നേതൃത്വശേഷികൂടിയാണ് ചോദ്യംചെയ്യപ്പെടുന്നത്. യു.പി.യിൽ ഇരുനൂറിലധികം റാലികളും റോഡ്ഷോകളും നടത്തിയ പ്രിയങ്കയെയും ജനം തഴഞ്ഞതോടെ നെഹ്റു കുടുംബത്തിന്റെ പഴയ പ്രഭാവം ഇല്ലാതായെന്നുവേണം അനുമാനിക്കാൻ.
പഞ്ചാബിൽ അധികാരം കൈവിട്ടതുമാത്രമല്ല, തിരിച്ചുവരാൻ സാധ്യതയുണ്ടെന്ന് പൊതുവിൽ പ്രതീക്ഷിക്കപ്പെട്ട ഉത്തരാഖണ്ഡിലും കോൺഗ്രസ് തകർന്നടിഞ്ഞു. അല്പമെങ്കിലും പിടിച്ചുനിൽക്കാനായത് ചെറിയ സംസ്ഥാനമായ ഗോവയിൽമാത്രം. ഗ്രൂപ്പ്-23 എന്ന് വിശേഷിപ്പിക്കപ്പെടുന്ന വിമതനേതാക്കളുടെ സമ്മർദം പാർട്ടിയിൽ ഇനി ശക്തമാകും. കോൺഗ്രസ് മുക്ത ഭാരതം എന്ന ബി.ജെ.പി.യുടെ പ്രഖ്യാപിത ലക്ഷ്യം ഉടനെ യാഥാർഥ്യമാകില്ലെങ്കിലും ദേശീയപാർട്ടി ക്രമേണ പ്രാദേശികമായി ചുരുങ്ങും.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആയിരിക്കും ഇനി അടുത്ത മോദിയെന്നതാണ് തിരഞ്ഞെടുപ്പുഫലത്തിന്റെ മറ്റൊരു സന്ദേശം. ആർ.എസ്.എസിനുകൂടി താത്പര്യമുള്ള യോഗിയുടെ പ്രഭാവം യു.പി.യിലെ തകർപ്പൻപ്രകടനത്തോടെ വർധിച്ചിരിക്കുകയാണ്. യോഗിയെ ‘ഉപയോഗി’യെന്ന് മോദിതന്നെ വിശേഷിപ്പിച്ചിരുന്നു. ഭാവിയിൽ അദ്ദേഹത്തെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ബി.ജെ.പി. അവതരിപ്പിക്കാനുള്ള സാധ്യത ഏറെയാണ്. ഈ വിജയത്തിനുപിന്നിൽ ഭരണാനുകൂല വികാരമാണെന്നാണ് ബി.ജെ.പി.യുടെ അവകാശവാദം. സ്ത്രീകളുടെ ഉയർന്ന വോട്ടിങ് ശതമാനം, സൗജന്യ റേഷൻ, കൂടുതൽ ശൗചാലയങ്ങളുടെ നിർമാണം, ഗുണ്ടാരാജ് അവസാനിപ്പിച്ചത് തുടങ്ങിയവയെല്ലാം പാർട്ടിയിലുള്ള ജനവിശ്വാസം ഊട്ടിയുറപ്പിച്ചുവെന്നാണ് അവകാശവാദം.
ബി.എസ്.പി. ഉയർത്തിക്കൊണ്ടുവന്ന ദളിത് രാഷ്ട്രീയത്തിന്റെ തകർച്ചയാണ് ഈ തിരഞ്ഞെടുപ്പിൽ കണ്ട മറ്റൊരു പ്രധാന സംഗതി. തിരഞ്ഞെടുപ്പിനുമുമ്പ് പ്രതിപക്ഷത്ത് കൂട്ടായ്മ ഉണ്ടാക്കുന്നതിൽ യു.പി.യിലെ പ്രധാന പാർട്ടികളെല്ലാം പരാജയപ്പെട്ടു. ദേശീയതലത്തിൽ ബദൽ മുന്നണിയുണ്ടാക്കാൻ ടി.ആർ.എസ്. ഒരുവശത്തും തൃണമൂൽ കോൺഗ്രസ് മറുവശത്തും നടത്തുന്ന നീക്കങ്ങൾ, ഈ തിരഞ്ഞെടുപ്പുഫലത്തിന്റെ പശ്ചാത്തലത്തിൽ ഇനി എത്രമാത്രം വിജയിക്കുമെന്ന് കണ്ടറിയണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..