കിരൺ റിജിജു | Photo: PTI
ന്യൂഡല്‍ഹി: വാ വിട്ട വാക്കുകളാണ് കിരണ്‍ റിജിജുവിന്റെ നിയമമന്ത്രിപദം നഷ്ടപ്പെടുത്തിയത്. രാജസ്ഥാനില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പുതിയനിമയമന്ത്രിയായ അര്‍ജുന്‍ മേഘ്‌വാളിന് തുണയുമായി. പാര്‍ട്ടികളേറെ മാറി ശീലമുള്ള നിയമസഹമന്ത്രി സത്യപാല്‍ സിങ് ബഘേലിന്റെ സ്ഥാനചലനത്തിനും പശ്ചാത്തലമായി വിവാദപ്രസ്താവനകളുണ്ട്.
രണ്ടുവര്‍ഷങ്ങളായി ജുഡീഷ്യറിക്കും കൊളീജിയം സംവിധാനത്തിനുമെതിരേ കിരണ്‍ റിജിജു കടുത്ത വിമര്‍ശനമുയര്‍ത്തിയിരുന്നു. ഇതിനെതിരേ നിയമസമൂഹത്തില്‍നിന്ന് കടുത്ത എതിര്‍പ്പുയര്‍ന്നിരുന്നു. ബോംബേ േലായേഴ്സ് അസോസിയേഷന്‍ റിജിജുവിനെതിരേ സുപ്രീംകോടതിയില്‍ ഹര്‍ജിയും ഫയല്‍ചെയ്തു. എന്നാല്‍, ഈ ഹര്‍ജി ബുധനാഴ്ച സുപ്രീംകോടതി തള്ളി.
റിജിജുവിന്റെ തീപ്പൊരിപ്രസ്താവനകള്‍
* സിറ്റിങ് ജഡ്ജിമാര്‍ തന്നെ പുതിയ ജഡ്ജിമാരെ നിയമിക്കുന്ന കൊളീജിയം സംവിധാനം ദുര്‍ഗ്രഹവും ഭരണഘടനയ്ക്ക് അന്യവുമാണ്. വ്യക്തിപരമായ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ജഡ്ജിനിയമനം നടക്കുന്നത്
* ജഡ്ജിനിയമനത്തില്‍ സര്‍ക്കാരിന് പങ്കുണ്ടാകണം. ലോകത്തെല്ലായിടത്തും ജഡ്ജിമാരെ നിയമിക്കുന്നത് ജഡ്ജിമാരല്ല. ഈ നടപടികളില്‍ ഏറെ രാഷ്ട്രീയവും ഉള്‍പ്പെടുന്നുണ്ട്.
* ജഡ്ജിമാരുടെ പേരുകള്‍ നിര്‍ദേശിക്കുന്ന സംവിധാനത്തില്‍ സർക്കാരിന്റെ പ്രതിനിധിയെക്കൂടി ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വൈ.വി. ചന്ദ്രചൂഡിന് കത്തെഴുതി.
* ജനുവരിയില്‍ മൂന്ന് അഭിഭാഷകരെ ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കുന്നതിൽ കേന്ദ്രത്തിന്റെ എതിര്‍പ്പിനെക്കുറിച്ച് ‘രഹസ്യമോ സെന്‍സിറ്റീവായതോ ആയ റിപ്പോര്‍ട്ടുകള്‍ സുപ്രീംകോടതി പരസ്യമാക്കുന്നത് ഗുരുതര ആശങ്കയുണ്ടാക്കുന്നെന്ന് പ്രസ്താവിച്ചു.
* സുപ്രീംകോടതി ഭരണഘടനയെ ഹൈജാക്ക് ചെയ്തുവെന്ന് പറഞ്ഞ ഡല്‍ഹി ഹൈക്കോടതി ജഡ്ജിയെ പിന്തുണച്ച് രംഗത്തെത്തി. ജഡ്ജിയുടെ അഭിമുഖം പങ്കുവെച്ച് ഭൂരിഭാഗത്തിന്റെയും അഭിപ്രായം ഇതാണെന്ന് ചൂണ്ടിക്കാട്ടി ട്വീറ്റ് ചെയ്തു.
* ഇന്ത്യയുടെ നീതിന്യായവ്യവസ്ഥയെ തുരങ്കംവെക്കാനും സര്‍ക്കാരിനെതിരേ തിരിക്കാനുമുള്ള ശ്രമംനടക്കുന്നതായി ഇന്ത്യാ ടുഡേ കോണ്‍ക്ലേവില്‍ ആരോപിച്ചു.
* ജഡ്ജിനിയമനത്തിന് പലരെയും വീണ്ടും ശുപാര്‍ശചെയ്തതിന്റെ കാരണങ്ങളും വിഷയത്തില്‍ സര്‍ക്കാരിന്റെ എതിര്‍പ്പും പരസ്യമാക്കാനുള്ള കൊളീജിയത്തിന്റെ തീരുമാനത്തെ വിമര്‍ശിച്ചു.
* വിരമിച്ച ചില ജഡ്ജിമാര്‍ ഇന്ത്യാവിരുദ്ധ സംഘത്തിന്റെ ഭാഗമാണെന്നും പ്രതിപക്ഷ പാര്‍ട്ടിയുടെ റോള്‍ കളിക്കാന്‍ ജുഡീഷ്യറിയെ നിര്‍ബന്ധിക്കുകയാണെന്നും ആരോപിച്ചു.
മുസ്‌ലിംവിരുദ്ധ പ്രസ്താവനകളുമായി ബഘേല്‍
* മുസ്‌ലിങ്ങളില്‍ ചിലര്‍ പദവികള്‍ക്കായി സഹിഷ്ണുതയുടെ മുഖംമൂടി അണിയുന്നു. ആര്‍.എസ്.എസിന്റെ മാധ്യമവിഭാഗമായ ഇന്ദ്രപ്രസ്ഥ വിശ്വ സംവാദ് കേന്ദ്ര സംഘടിപ്പിച്ച മാധ്യമ സംവാദത്തിലായിരുന്നു പരാമര്‍ശം.
* രാജ്യത്തെ ഭൂരിഭാഗം മുസ്‌ലിങ്ങളും അസഹിഷ്ണുത പുലര്‍ത്തുന്നവർ. പൊതുജീവിതത്തില്‍ തുടരാനും ഗവര്‍ണര്‍മാരും വൈസ് പ്രസിഡന്റുമൊക്കെ ആകാനുമായി ഇവരില്‍ പലരും സഹിഷ്ണുത മുഖംമൂടിയായി ഉപയോഗിക്കുകയാണ്.
* രാജ്യത്ത് വിരലിലെണ്ണാവുന്ന മുസ്‌ലിങ്ങള്‍ക്ക് മാത്രമാണ് സഹിഷ്ണുതയുള്ളത്. അതവരുടെ ഒരു തന്ത്രമാണ്. രാഷ്ട്രീയക്കാരെ സൃഷ്ടിക്കുന്നതുതന്നെ ഇത്തരം മുഖംമൂടികളാണ്. പദവികളിൽനിന്ന് വിരമിച്ചാല്‍ ഇവര്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നുപറയും.
* രാജ്യത്ത് മതപരിവര്‍ത്തനം ചെയ്യപ്പെട്ട ആളുകളുടെ എണ്ണം വാളിന് ഇരയായവരേക്കാള്‍ കൂടുതലാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..