റോ, ഐ.ബി. റിപ്പോർട്ട് പരസ്യമാക്കിയ കൊളീജിയം നടപടി ഗൗരവമുള്ളത് -മന്ത്രി റിജിജു


1 min read
Read later
Print
Share

കിരൺ റിജിജു | ഫോട്ടോ: ANI

ന്യൂഡൽഹി: ജഡ്ജി നിയമനത്തിനായി ശുപാർശ ചെയ്യപ്പെട്ടവരെക്കുറിച്ചുള്ള റോ (റിസർച്ച് ആൻഡ് അനാലിസിസ് വിങ്), ഐ.ബി. (ഇന്റലിജൻസ് ബ്യൂറോ) റിപ്പോർട്ടുകൾ സുപ്രീംകോടതി കൊളീജിയം പരസ്യമാക്കിയത് ഗൗരവമായ വിഷയമാണെന്ന് കേന്ദ്രനിയമമന്ത്രി കിരൺ റിജിജു. രഹസ്യസ്വഭാവമുള്ള ഇത്തരം റിപ്പോർട്ടുകൾ പരസ്യമാക്കിയതിനെക്കുറിച്ച് ഉചിതമായ സമയത്ത് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇ-കോർട്ട് പദ്ധതിയുമായി ബന്ധപ്പെട്ട അവാർഡ് ജേതാക്കളെ ആദരിക്കുന്ന ചടങ്ങിൽ മാധ്യമങ്ങളോട് സംസാരിക്കയായിരുന്നു മന്ത്രി. അതേസമയം, ഈ വിഷയത്തിൽ കൂടുതൽ പറയാൻ താത്പര്യമില്ലെന്ന് റിജിജു വ്യക്തമാക്കി.

ജഡ്ജിനിയമനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്രവും സുപ്രീംകോടതി കൊളീജിയവും തമ്മിൽ ഉരസൽ നടന്നുകൊണ്ടിരിക്കെയാണ് ഓരോ ദിവസവും ഇതുസംബന്ധിച്ച പുതിയ തർക്കങ്ങളുണ്ടാകുന്നത്.

ശുപാർശചെയ്ത അഞ്ചുപേരുകൾ കേന്ദ്രം മടക്കിയത് ആവർത്തിച്ച് തിരിച്ചയച്ചുകൊണ്ടുള്ള കൊളീജിയം പ്രമേയത്തിലാണ് റോയുടെയും ഐ.ബി.യുടെയും റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്.

ജഡ്ജിമാർ തിരഞ്ഞെടുക്കപ്പെടുന്നവരല്ലാത്തതിനാൽ അവരെ ജനങ്ങൾക്ക് മാറ്റാനുമാകില്ലെന്ന് മന്ത്രി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. സർക്കാരിന് ജനങ്ങളോട് മറുപടി പറയണം. എന്നാൽ, ജഡ്ജിമാരെ ജനങ്ങൾ വിലയിരുത്തുന്നത് അവരുടെ വിധികളിലൂടെയാണെന്നും മന്ത്രി പറഞ്ഞു.

ജഡ്ജിമാരെ ജഡ്ജിമാർതന്നെ തിരഞ്ഞെടുക്കുന്ന കൊളീജിയം സമ്പ്രദായത്തിനെതിരേ നിയമമന്ത്രി തുടർച്ചയായി പ്രതികരണം നടത്തിവരുകയാണ്. ഇതിനിടെ, കൊളീജിയം സമ്പ്രദായം ഇല്ലാതാക്കിയ നിയമം സുപ്രീംകോടതി റദ്ദാക്കിയതിനെ വിമർശിച്ച് ഡൽഹി ഹൈക്കോടതി മുൻ ജഡ്ജി ആർ.എസ്. സോധി സംസാരിക്കുന്ന വീഡിയോ മന്ത്രി പങ്കുവെച്ചിരുന്നു.

Content Highlights: kiren rijiju criticises collegium over release of ib and raw report

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..