പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി
മുംബൈ: റോഹമുതൽ തോക്കൂർവരെയുള്ള കൊങ്കൺപാതയിൽ വൈദ്യുതീകരണം പൂർത്തിയായതോടെ ഇതുവഴി ഇനി വൈദ്യുതി എൻജിനുകൾ ഘടിപ്പിച്ച വണ്ടികൾ ഓടിത്തുടങ്ങും. മുഴുവൻ പാതയുടെയും സുരക്ഷാപരിശോധന കഴിഞ്ഞദിവസങ്ങളിൽ പൂർത്തിയായി. സുരക്ഷാകമ്മിഷണറുടെ റിപ്പോർട്ട് അടുത്തയാഴ്ചയോടെ ലഭിക്കും. അതിനുശേഷം ചരക്കുവണ്ടികളാകും വൈദ്യുത എൻജിനിൽ ആദ്യം ഓടുകയെന്നും കൊങ്കൺ റെയിൽവേയിലെ ഉന്നതോദ്യോഗസ്ഥൻ പറഞ്ഞു.
മുംബൈ ഭാഗത്ത് റോഹമുതൽ രത്നഗിരിവരെയും മംഗളൂരു ഭാഗത്ത് തോക്കൂർമുതൽ കാർവാർവരെയും നേരത്തേത്തന്നെ വൈദ്യുതീകരണം പൂർത്തിയായിരുന്നു. ഇൗമേഖലയിൽ ചരക്കുവണ്ടികളും ചില പാസഞ്ചർ വണ്ടികളും വൈദ്യുതി എൻജിനുകളിലാണ് ഓടുന്നത്. രത്നഗിരിമുതൽ കാർവാർവരെയുള്ള 300 കിലോമീറ്റർ പാതയാണ് കഴിഞ്ഞദിവസം വൈദ്യുതീകരണം പൂർത്തിയായത്.
ഡീസൽ എൻജിനുകളിൽനിന്ന് വൈദ്യുത എൻജിനുകളിലേക്ക് മാറുന്നതോടെ ഇതുവഴിയുള്ള തീവണ്ടികളുടെ വേഗവും വർധിക്കും. എന്നാൽ, അത് പുതിയ സമയക്രമം തയ്യാറാക്കുമ്പോൾമാത്രമേ നടപ്പാക്കുകയുള്ളൂ എന്നാണ് റെയിൽവേ വൃത്തങ്ങൾ നൽകുന്ന സൂചന.
റോഹമുതൽ തോക്കൂർവരെയുള്ള 741 കിലോമീറ്റർ പാത വൈദ്യുതീകരിക്കുന്നതിന് 1287 കോടി രൂപയാണ് ചെലവായത്. 2016 നവംബറിൽ ആരംഭിച്ച പണിപൂർത്തിയാക്കാൻ അഞ്ചുവർഷത്തിലധികമെടുത്തു. വൈദ്യുത എൻജിനിലേക്ക് മാറുന്നതോടെ ഇന്ധനച്ചെലവിനത്തിൽ വർഷം 200 കോടിയോളം രൂപ റെയിൽവേയ്ക്ക് ലാഭിക്കാൻ കഴിയും.
വായുമലിനീകരണം ഇല്ലാതാവുമെന്നതാണ് മറ്റൊരു ഗുണം. തീവണ്ടി, തുരങ്കങ്ങളിലേക്ക് കയറുമ്പോൾ കമ്പാർട്ട്‌മെന്റിൽ പുകശല്യമുണ്ടാകില്ല. 91 തുരങ്കങ്ങളാണ് കൊങ്കൺപാതയിലുള്ളത്. ഇതിൽ ഏറ്റവുംവലുത് രത്നഗിരി കർബുഡെയ്ക്കടുത്തുള്ള 6.5 കിലോമീറ്റർ നീളമുള്ള തുരങ്കമാണ്.
Content Highlights: konkan railway
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..