മന്ത്രിസ്റ്റാഫിന് ആജീവനാന്ത പെൻഷൻ; കേരളത്തിന് സുപ്രീംകോടതിയുടെ വിമർശനം


ഡീസൽ വില: കെ.എസ്.ആർ.ടി.സി.യുടെ ഹർജി തള്ളി

Photo: ANI

ന്യൂഡൽഹി: മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന് ആജീവനാന്ത പെൻഷൻ നൽകുന്ന കേരളസർക്കാരിന്റെ നയത്തെ വാക്കാൽ വിമർശിച്ച് സുപ്രീംകോടതി. രണ്ടുവർഷത്തേക്കായി മന്ത്രിമാർ നിയമിക്കുന്ന വ്യക്തികൾക്ക് ജീവിതകാലം മുഴുവൻ പെൻഷൻ നൽകുന്ന ഏക സംസ്ഥാനം കേരളമാണെന്നായിരുന്നു സുപ്രീംകോടതിയുടെ പരാമർശം.

വൻകിട ഉപഭോക്താക്കളിൽനിന്ന് എണ്ണക്കമ്പനികൾ ഡീസലിന് ഉയർന്ന വില ഈടാക്കുന്നത് ചോദ്യംചെയ്ത് കെ.എസ്.ആർ.ടി.സി. നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ അബ്ദുൾ നസീർ, കൃഷ്ണ മുരാരി എന്നിവരുടെ ബെഞ്ച് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. അതേസമയം, ഹർജിക്കാർക്ക് ഹൈക്കോടതിയെ സമീപിക്കാവുന്നതാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

വിപണിവിലയെക്കാൾ ലിറ്ററിന് ഏഴു രൂപ കൂടുതലാണ് കെ.എസ്.ആർ.ടി.സി.യിൽനിന്ന് എണ്ണക്കമ്പനികൾ വാങ്ങുന്നതെന്ന് കോർപ്പറേഷനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വി. ഗിരി അറിയിച്ചു. എന്നാൽ, എന്തിനാണ് നിങ്ങൾ ഇവിടെ വന്നതെന്നും കേരളത്തിലെ വിഷയത്തിന് അവിടെ ഹൈക്കോടതിയെ സമീപിച്ചാൽപ്പോരെയെന്നും ജസ്റ്റിസ് നസീർ ചോദിച്ചു. രണ്ടുവർഷത്തേക്ക് മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫായി നിയമിക്കുന്നവർക്ക് ജീവിതകാലം മുഴുവൻ പൂർണ പെൻഷൻ നൽകുന്ന ഏകസംസ്ഥാനമാണ് കേരളമെന്ന് പത്രത്തിൽ വായിച്ചതായും അദ്ദേഹം പറഞ്ഞു. അങ്ങനെ ചെയ്യുന്ന സംസ്ഥാനത്തിന് എന്തുകൊണ്ട് ഉയർന്നവിലയ്ക്ക് ഡീസൽ വാങ്ങിക്കൂടെന്നും ജസ്റ്റിസ് നസീർ ചോദിച്ചു.

വൻകിട ഉപഭോക്താക്കളിൽനിന്ന് എണ്ണക്കമ്പനികൾ ഉയർന്നവില ഈടാക്കുന്ന സാഹചര്യത്തിൽ, ഇന്ധനവില നിശ്ചയിക്കാൻ സ്വതന്ത്ര സമിതി വേണമെന്നാണ് കെ.എസ്.ആർ.ടി.സി.യുടെ ആവശ്യം. സുപ്രീംകോടതിയിൽനിന്ന് വിരമിച്ച ജഡ്‌ജിയുടെ നേതൃത്വത്തിൽ ഊർജമേഖലയിലെ വിദഗ്ധരെ ഉൾപ്പെടുത്തി സമിതിയുണ്ടാക്കണമെന്നും കെ.എസ്.ആർ.ടി.സി. ആവശ്യപ്പെട്ടു. പ്രതിദിനം 4.1 ലക്ഷം ലിറ്റർ ഡീസലാണ് കെ.എസ്.ആർ.ടി.സി. വാങ്ങുന്നത്.

Content Highlights: lifetime pension for ministerial staff supreme court criticise kerala

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..