കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി വെള്ളിയാഴ്ച പാർലമെന്റ് മന്ദിരത്തിൽനിന്ന് പുറത്തേക്കുവരുന്നു
ന്യൂഡല്‍ഹി : കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയെ ലോക്‌സഭാംഗത്വത്തിൽനിന്ന് അയോഗ്യനാക്കി. തിരഞ്ഞെടുപ്പുപ്രസംഗത്തിൽ മോദിസമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ ഗുജറാത്തിലെ സൂറത്ത് കോടതി വ്യാഴാഴ്ച രണ്ടുവർഷം തടവുശിക്ഷ വിധിച്ചതിനെത്തുടർന്നാണ് നടപടി.
ലോക്‌സഭയിൽ വയനാടിനെ പ്രതിനിധാനംചെയ്യുന്ന രാഹുലിനെ അയോഗ്യനാക്കിക്കൊണ്ട് വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ലോക്‌സഭാ സെക്രട്ടറി ജനറൽ ഉത്പൽ കുമാർ സിങ് ഉത്തരവ് പുറത്തിറക്കിയത്. ശിക്ഷ പ്രഖ്യാപിച്ച ദിവസംമുതൽ അയോഗ്യത നിലവിൽവന്നതായി ഉത്തരവിൽ പറയുന്നു. മേൽക്കോടതിയിൽനിന്ന് സ്റ്റേ ലഭിച്ചില്ലെങ്കിൽ അടുത്ത എട്ടുവർഷത്തേക്ക് രാഹുലിന് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും അയോഗ്യത വരും. വിഷയത്തിൽ മേൽക്കോടതിയെ സമീപിക്കാൻ കോൺഗ്രസ് അടിയന്തരനടപടി തുടങ്ങി. ഇതിനായി അഞ്ചംഗ സമിതിക്കും രൂപംനൽകി. രാജ്യവ്യാപക പ്രതിഷേധങ്ങൾക്കും ആലോചനയുണ്ട്.
ഇന്ത്യയുടെ ശബ്ദത്തിനുവേണ്ടിയാണ് പോരാടുന്നതെന്നും അതിന് എന്തുവിലയും നൽകാൻ ഒരുക്കമാണെന്നും അയോഗ്യനാക്കിയ നടപടിയെക്കുറിച്ച് രാഹുൽഗാന്ധി പ്രതികരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് അദ്ദേഹത്തിനെതിരായ ഉത്തരവ് പുറത്തുവന്നത്. ഭരണഘടനയുടെ 102(1)(ഇ) അനുച്ഛേദം പ്രകാരവും 1951-ലെ ജനപ്രാതിനിധ്യനിയമത്തിന്റെ എട്ടാമത്തെ വ്യവസ്ഥയനുസരിച്ചുമാണ് നടപടിയെന്ന് ഉത്തരവിൽ പറയുന്നു.
ശിക്ഷാവിധിയുടെ പശ്ചാത്തലത്തിൽ അയോഗ്യതാനീക്കം നിലനിൽക്കെ വെള്ളിയാഴ്ച രാവിലെ പത്തോടെ രാഹുൽ ലോക്‌സഭയിലെത്തിയിരുന്നു. കോൺഗ്രസ് പാർലമെന്ററിപാർട്ടി യോഗത്തിലും പ്രതിപക്ഷപാർട്ടിനേതാക്കളുടെ യോഗത്തിലും അദ്ദേഹം പങ്കെടുത്തു. നടപടികളാരംഭിക്കുന്നതിന് മുമ്പുതന്നെ ലോക്‌സഭയിലെത്തി. സോണിയാഗാന്ധിയും സഭയിലുണ്ടായിരുന്നു. പ്രതിപക്ഷ അംഗങ്ങളുമായി ഇരുവരും ചർച്ചനടത്തി. സഭാനടപടികൾ ആരംഭിച്ചപ്പോൾ, രാഹുലിനെ സംസാരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് അധീർ രഞ്ജൻ ചൗധരിയുടെ നേതൃത്വത്തിൽ കോൺഗ്രസ് അംഗങ്ങൾ ബഹളം തുടങ്ങി. അയോഗ്യതാനടപടികൾ സ്പീക്കർ സഭയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും രണ്ടുമിനിറ്റിനുള്ളിൽ സ്പീക്കർ സഭ നിർത്തിവെച്ചു. പന്ത്രണ്ടിനുശേഷം സഭ വീണ്ടും ചേർന്നപ്പോൾ രാഹുൽ സഭയിലുണ്ടായിരുന്നില്ല. ധനബിൽ തിടുക്കപ്പെട്ട് പാസാക്കി 12.40-ന് ലോക്‌സഭ പിരിഞ്ഞു. രണ്ടരയായപ്പോൾ രാഹുലിനെ അയോഗ്യനാക്കി ഉത്തരവിറങ്ങി. ഉത്തരവിന്റെ പകർപ്പ് രാഹുൽഗാന്ധിയെ കൂടാതെ രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ സെക്രട്ടേറിയറ്റുകൾ, തിരഞ്ഞെടുപ്പുകമ്മിഷൻ, വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ, തിരുവനന്തപുരത്തെ ചീഫ് ഇലക്ടറൽ ഒാഫീസർ, പാർലമെന്റ് ഹൗസ് അനെക്സിലെ ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റിലെ ലെയ്‌സൺ ഒാഫീസർ, ന്യൂഡൽഹി നഗരസഭാസെക്രട്ടറി, ലോക്‌സഭാസെക്രട്ടേറിയറ്റിലെ ഉദ്യാഗസ്ഥർ എന്നിവർക്കും നൽകി. പ്രതീക്ഷിച്ചിരുന്നതെങ്കിലും തിടുക്കത്തിലെത്തിയ അയോഗ്യതാനടപടിയിൽ പ്രതിപക്ഷം കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. നടപടി രാഷ്ട്രീയപ്രരിതമാണെന്നും നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും കോൺഗ്രസ് പ്രതികരിച്ചു. എന്നാൽ, നിയമപരമായ നടപടിയാണ് സ്വീകരിച്ചതെന്ന് ബി.ജെ.പി. മറുപടിനൽകി.
ഉത്തരവിന്റെ പൂർണരൂപം :
‘‘സൂറത്തിലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ ശിക്ഷാനടപടികൾപ്രകാരം, കേരളത്തിലെ വയനാട് പാർലമെന്ററി മണ്ഡലത്തെ പ്രതിനിധാനംചെയ്യുന്ന ലോക്‌സഭാംഗം രാഹുൽഗാന്ധിയെ ശിക്ഷ പ്രഖ്യാപിച്ച ദിവസമായ മാർച്ച് 23 മുതൽ അയോഗ്യനാക്കിയിരിക്കുന്നു. ഭരണഘടനയുടെ 102(1)(ഇ) അനുച്ഛേദംപ്രകാരവും 1951-ലെ ജനപ്രാതിനിധ്യനിയമത്തിന്റെ എട്ടാമത്തെ വ്യവസ്ഥയനുസരിച്ചുമാണ് നടപടി’’.
Content Highlights: Lok Sabha Secretary General s order disqualifying rahul gandhi from the post of MP
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..