മദ്രാസ് ഹൈക്കോടതി| Photo: PTI
ചെന്നൈ: അസഭ്യം പറഞ്ഞെന്നത് ജോലിയിൽനിന്ന് പിരിച്ചുവിടാൻമാത്രം ഗൗരവമായ കുറ്റമല്ലെന്ന് മദ്രാസ് ഹൈക്കോടതി. ജോലിയിൽനിന്ന് നീക്കുമ്പോൾ കുറ്റത്തിന്റെ ഗൗരവവും ജീവനക്കാരന്റെ പെരുമാറ്റചരിത്രവും കണക്കിലെടുക്കണമെന്നും ജസ്റ്റിസ് എസ്. വൈദ്യനാഥൻ, ജസ്റ്റിസ് ആർ. കലൈമതി എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു. മേലുദ്യോഗസ്ഥരെ അസഭ്യം പറഞ്ഞതിന്റെപേരിൽ ജോലിയിൽനിന്ന് പിരിച്ചുവിട്ട പുതുച്ചേരി ഹിന്ദുസ്ഥാൻ യുണിലിവർ ലിമിറ്റഡ് ഫാക്ടറി ജീവനക്കാരൻ എസ്. രാജ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
തൊഴിലാളി യൂണിയൻ സെക്രട്ടറി കൂടിയായ രാജ 2009-ൽ കമ്പനി മാനേജ്‌മെന്റ് പ്രതിനിധികളുമായി നടത്തിയ ചർച്ചയ്ക്കിടെ മാനേജരെയും മറ്റൊരു ജീവനക്കാരനെയും അസഭ്യം പറഞ്ഞിരുന്നു. ഇതിന്റെപേരിൽ ഇയാളെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. ഇതിനെതിരേ സമർപ്പിച്ച ഹർജി പരിഗണിച്ച ലേബർ കോടതി കമ്പനിയുടെ നടപടി റദ്ദാക്കി. ജോലിയില്ലാതിരുന്ന കാലത്തെ 50 ശതമാനം വേതനം നൽകാനും ഉത്തരവിട്ടു. കമ്പനി സമർപ്പിച്ച അപ്പീൽ പരിഗണിച്ച മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ച്, ലേബർ കോടതി ഉത്തരവ് റദ്ദാക്കി. ഇതിനെതിരേ രാജ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.
രാജയുടെ ഹർജി പരിഗണിച്ച ബെഞ്ച്, താഴെത്തട്ടിൽ പ്രവർത്തിക്കുന്ന തൊഴിലാളിയിൽനിന്ന് ഒരു കരണത്തടിക്കുമ്പോൾ മറ്റൊരു കരണംകൂടി കാട്ടുന്ന ക്രിസ്തുവിനെപ്പോലെയുള്ള പെരുമാറ്റം പ്രതീക്ഷിക്കാൻ സാധിക്കില്ലെന്ന് അഭിപ്രായപ്പെട്ടു. തൊഴിലാളിയുടെ തെറ്റിന്റെ ഗൗരവം പരിഗണിച്ചുവേണം ശിക്ഷ വിധിക്കേണ്ടത്. രാജ 2001-ലും തൊഴിലാളി അച്ചടക്കനടപടി നേരിട്ടെന്ന് കമ്പനി അഭിഭാഷകൻ ചൂണ്ടിക്കാട്ടിയെങ്കിലും പത്ത് വർഷത്തോളം മുൻപ് ഒരു കുറ്റം ചെയ്തതിന്റെപേരിൽ സ്ഥിരം പ്രശ്നക്കാരനാണെന്ന് തീരുമാനിക്കാൻ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. ജോലി നഷ്ടമായിരുന്ന കാലത്തെ വേതനത്തിന്റെ പകുതി നൽകണമെന്ന ലേബർ കോടതിയുടെ ഉത്തരവിലെ വ്യവസ്ഥ റദ്ദാക്കിയ ഹൈക്കോടതി രാജയെ തിരിച്ചെടുക്കാനുള്ള വിധി ശരിവെച്ചു.
Content Highlights: Madras High Court abusive language job termination


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..