മല്ലികാർജുൻ ഖാർഗെ | Photo: PTI
ന്യൂഡൽഹി: ഹിമാചൽ പ്രദേശിനുപിന്നാലെ കർണാടകത്തിലെയും മുഖ്യമന്ത്രിക്കുരുക്ക് സൂക്ഷ്മതയോടെ അഴിച്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മുന്നിലിനി വെല്ലുവിളികളുടെ പട്ടിക. ഗാന്ധികുടുംബത്തിന് പുറത്തുനിന്ന് 24 വർഷത്തിനുശേഷം അധ്യക്ഷനായപ്പോൾ നെറ്റിചുളിച്ചവർക്ക് കരുത്തുറ്റപ്രകടനത്തോടെ മറുപടിനൽകിയ ഖാർഗെയ്ക്കുമുന്നിൽ പ്രതിപക്ഷ ഐക്യവും നിയമസഭാ തിരഞ്ഞെടുപ്പുകളും പ്രവർത്തകസമിതി രൂപവത്കരണവും അടക്കം ചെയ്തുതീർക്കാനൊട്ടേറെ കാര്യങ്ങൾ.
പ്രവർത്തകസമിതി രൂപവത്കരണം
ഖാർഗെ അധ്യക്ഷനായശേഷം നിയമിച്ച 47 അംഗ സ്റ്റിയറിങ് കമ്മിറ്റിക്കാണ് പേരിനുള്ള പാർട്ടിഭരണം. റായ്പുർ പ്ലീനറിയിൽ പ്രവർത്തകസമിതി തിരഞ്ഞെടുപ്പ് നടത്തിയില്ല. നാമനിർദേശത്തിന് ഖാർഗെയെ ചുമതലപ്പെടുത്തി. പ്ലീനറി കഴിഞ്ഞ് മൂന്നുമാസമായിട്ടും പക്ഷേ നടപടിയില്ല. കർണാടക തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ പ്രവർത്തകസമിതി ഉടൻ രൂപവത്കരിക്കുമെന്ന പ്രതീക്ഷയിലാണ് നേതാക്കളും പ്രവർത്തകരും.
പൈലറ്റ്-ഗഹ്‌ലോത് തർക്കം
രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗഹ്‌ലോതും മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും തമ്മിലുള്ള തർക്കം വ്യക്തിപരമായ അകൽച്ചയിലെത്തി. മേയ് 31 വരെ കാത്തിരിക്കുമെന്നാണ് നേതൃത്വത്തെ വെല്ലുവിളിച്ച് ഉപവാസവും റാലിയും ഒക്കെ നടത്തുന്ന പൈലറ്റിന്റെ മുന്നറിയിപ്പ്. ഈവർഷം നടക്കുന്ന തിരഞ്ഞെടുപ്പിൽ ഗഹ്‌ലോത് സർക്കാരിന് വീണ്ടും ആത്മവിശ്വാസത്തോടെ ജനവിധി തേടണമെങ്കിൽ രണ്ടുനേതാക്കളും വേണം.
മധ്യപ്രദേശ്-ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പുകൾ
തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളാണ് മറ്റൊന്ന്. രാജസ്ഥാനും ഛത്തീസ്ഗഢിനുമൊപ്പം ഭരണം ലഭിച്ച സംസ്ഥാനമാണ് മധ്യപ്രദേശ്. എന്നാൽ, ജ്യോതിരാദിത്യ സിന്ധ്യ കളംമാറിയതോടെ ഭരണം പോയി. സംസ്ഥാനത്തെ പ്രമുഖനേതാവായ കമൽനാഥുമായുള്ള ഭിന്നതയായിരുന്നു പ്രശ്നം. കമൽനാഥുമായി അടുത്തബന്ധം പുലർത്തുന്ന ഖാർഗെ മധ്യപ്രദേശിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ പ്രിയങ്കാ ഗാന്ധിയോട് അഭ്യർഥിച്ചിട്ടുണ്ട്. ഛത്തീസ്ഗഢിൽ റായ്പുർ കേന്ദ്രീകരിച്ച് കുമാരി ഷെൽജയും പ്രവർത്തിക്കുന്നു. ഇവിടെ മുഖ്യമന്ത്രി ഭൂപേഷ് ബഘേലും ആരോഗ്യമന്ത്രി ടി.എസ്. സിങ് ദേവും തമ്മിലാണ് ഭിന്നത.
പ്രതിപക്ഷ ഐക്യം
ദേശീയതലത്തിൽ പ്രതിപക്ഷ ഐക്യം രൂപപ്പെടുത്തലാണ് മറ്റൊരു വെല്ലുവിളി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു, ബി.എസ്.പി. നേതാവ് മായാവതി എന്നിവർ കോൺഗ്രസുമായി അകൽച്ചയിലാണ്. ഇവരെ അനുനയിപ്പിക്കാനുള്ള രാഷ്ട്രീയനീക്കങ്ങളും ഫലപ്രദമായി നടക്കുന്നില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..