കോൺഗ്രസ് അധ്യക്ഷനായി ഖാർഗെ ഇന്ന് ചുമതലയേൽക്കും; ചടങ്ങ് എ.ഐ.സി.സി. ആസ്ഥാനത്ത് 10.30-ന്


1 min read
Read later
Print
Share

മല്ലികാർജുൻ ഖാർഗെ |ഫോട്ടോ:PTI

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷനായി കർണാടകത്തിൽനിന്നുള്ള മുതിർന്നനേതാവ് മല്ലികാർജുൻ ഖാർഗെ ബുധനാഴ്ച ചുമതലയേൽക്കും. എ.ഐ.സി.സി. ആസ്ഥാനത്ത് ഒരുക്കിയ പ്രത്യേകപന്തലിൽ രാവിലെ 10.30-ന് തുടങ്ങുന്ന ചടങ്ങിൽ അധ്യക്ഷ സോണിയാഗാന്ധി ഖാർഗെയ്ക്ക് തിരഞ്ഞെടുപ്പുവിജയ സർട്ടിഫിക്കറ്റ് കൈമാറും. ഇതോടെ 137 വർഷത്തെ പാർട്ടിയുടെ ചരിത്രത്തിൽ തിരഞ്ഞെടുപ്പിലൂടെ അധ്യക്ഷനാവുന്ന ആറാമത്തെയാളായി ഖാർഗെ മാറും.

24 വർഷത്തിനുശേഷം അധ്യക്ഷപദവി ഗാന്ധികുടുംബത്തിനുപുറത്ത് ഒരാൾ വഹിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. ചടങ്ങിന് സാക്ഷിയാകാൻ മുൻഅധ്യക്ഷൻ രാഹുൽഗാന്ധി, ജനറൽ സെക്രട്ടറി പ്രിയങ്കാഗാന്ധി എന്നിവരും ഉണ്ടാകും. ദീപാവലിയും അധ്യക്ഷന്റെ സ്ഥാനാരോഹണവും പ്രമാണിച്ച് മൂന്നുദിവസം ഭാരത് ജോഡോ യാത്രയ്ക്ക് അവധിനൽകിയാണ് രാഹുൽ ഡൽഹിയിലെത്തിയത്. വ്യാഴാഴ്ച തെലങ്കാനയിൽ യാത്രതുടരും.

അധ്യക്ഷതിരഞ്ഞെടുപ്പിലെ തോൽവിയിലും തിളങ്ങിയ ശശി തരൂരും ഖാർഗെ ചുമതലയേൽക്കുന്ന പരിപാടിയിൽ പങ്കെടുക്കും. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ, രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയ കേരളനേതാക്കളുമുണ്ടാകും. എ.ഐ.സി.സി. സെക്രട്ടറി പി.സി. വിഷ്ണുനാഥ്, വി.പി. സജീന്ദ്രൻ, എം.എം. നസീർ, ജയ്‌സൺ ജോസഫ്, എം.പി. വിൻസന്റ് തുടങ്ങിയ നേതാക്കൾ ചൊവ്വാഴ്ച ഖാർഗെയുടെ വസതിയിലെത്തി അഭിനന്ദിച്ചു.

ബുധനാഴ്ച വൈകീട്ട് ഗുജറാത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുചേരുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗമാവും ഖാർഗെയുടെ ആദ്യ ഔദ്യോഗിക പരിപാടി. രമേശ് ചെന്നിത്തലയാണ് സ്‌ക്രീനിങ് കമ്മിറ്റി ചെയർമാൻ.

ഭാരതയാത്രികർക്ക് വെള്ളിനാണയം സമ്മാനിച്ച് രാഹുൽ

ദീപാവലിപ്രമാണിച്ച് ഭാരത് ജോഡോ യാത്രയ്ക്ക് മൂന്നുദിവസത്തെ അവധി നൽകുന്നതിന് മുന്നോടിയായി പദയാത്രികർക്കും കൂടെയുള്ള മറ്റുള്ളവർക്കും ഉപഹാരങ്ങൾനൽകി രാഹുൽ ഗാന്ധി. വെള്ളിനാണയം, മധുരപലഹാരങ്ങൾ, യാത്രികരുടെ സമർപ്പണത്തെ അനുമോദിക്കുന്ന കത്ത് എന്നിവയാണ് നൽകിയത്. ഇന്ത്യയുടെ യഥാർഥമൂല്യങ്ങളിലുള്ള യാത്രികരുടെ വിശ്വാസം വിദ്വേഷത്തെ കീഴ്‌പ്പെടുത്തുമെന്നും മുന്നോട്ടുള്ള പാതയിൽ വെളിച്ചംവിതറുമെന്നും കത്തിൽ പറഞ്ഞു. ‘സംസാരിക്കേണ്ട, പ്രവർത്തിക്കുക. പറയേണ്ട, പ്രദർശിപ്പിക്കുക. വാഗ്ദാനം നൽകേണ്ട, തെളിയിക്കുക. നിങ്ങൾക്കും കുടുംബാംഗങ്ങൾക്കും ദീപാവലി ആശംസകൾ നേരുന്നു’ -രാഹുൽ കത്തിൽ പറയുന്നു.

Content Highlights: Mallikarjun Kharge aicc president swearing ceremony

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..