Photo: ANI
ന്യൂഡൽഹി: കോൺഗ്രസിന്റെ പുതിയ അധ്യക്ഷനായി കർണാടകത്തിൽനിന്നുള്ള മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെ ചുമതലയേറ്റു.
പിന്നാലെ മുഴുവൻ പ്രവർത്തക സമിതിയംഗങ്ങളും ദേശീയ ജനറൽ സെക്രട്ടറിമാരും സംസ്ഥാന ചുമതലക്കാരും രാജിവെച്ചു. ഭാരത് ജോഡോ യാത്ര കഴിയുന്നതോടെ ഖാർഗെയ്ക്കൊപ്പം പാർട്ടിയെ നയിക്കാൻ പുതിയ മുഖമാവും ഉണ്ടാവുകയെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. പുതിയ നേതാക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള പ്ലീനറി സമ്മേളനം മൂന്നുമാസത്തിനുശേഷം നടക്കും. അതുവരെ നിലവിലുള്ള ഭാരവാഹികൾ സ്റ്റിയറിങ് കമ്മിറ്റിയായി തുടരും.
എ.ഐ.സി.സി. ആസ്ഥാനത്ത് ബുധനാഴ്ച രാവിലെ നടന്ന ചടങ്ങിൽ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ചെയർമാൻ മധുസൂദൻ മിസ്ത്രി ഖാർഗെയ്ക്ക് വിജയസർട്ടിഫിക്കറ്റ് നൽകി. തുടർന്ന് അധ്യക്ഷ സോണിയാ ഗാന്ധി ചുമതല ഖാർഗെയ്ക്ക് കൈമാറുന്നതായി പ്രഖ്യാപിച്ചു. 24 വർഷത്തിനുശേഷം ഗാന്ധികുടുംബത്തിന് പുറത്തേക്ക് അധ്യക്ഷപദവി കൈമാറ്റം ചെയ്യപ്പെടുന്നതിന് രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും അടക്കമുള്ള നേതാക്കൾ സാക്ഷിയായി. സ്ഥാനമൊഴിയുന്ന അധ്യക്ഷയ്ക്ക് ഖാർഗെ രാജീവ് ഗാന്ധിയുടെ ചിത്രം സമ്മാനമായി നൽകി. അംബികാ സോണി പൊന്നാട ചാർത്തി. ചടങ്ങിനു പിന്നാലെയാണ് എ.കെ. ആന്റണിയും കെ.സി. വേണുഗോപാലും ഉമ്മൻചാണ്ടിയും അടക്കമുള്ള പ്രവർത്തകസമിതി രാജിവെച്ചത്.
കോൺഗ്രസിൽ തിരഞ്ഞെടുപ്പിലൂടെ അവരോധിക്കപ്പെടുന്ന ആറാം അധ്യക്ഷനാണ് മല്ലികാർജുൻ ഖാർഗെ. കോൺഗ്രസിന്റെ 137 വർഷത്തെ ചരിത്രത്തിലെ മൂന്നാം ദളിത് അധ്യക്ഷനും. തോറ്റെങ്കിലും ആയിരത്തിലധികം വോട്ടുനേടി തിളങ്ങിയ ശശി തരൂരും സ്ഥാനാരോഹണച്ചടങ്ങിനെത്തി. തുടക്കത്തിൽ സദസ്സിന്റെ മുൻനിരയിൽ ഖാർഗെയ്ക്ക് ഇരുവശവുമായാണ് തരൂരും സോണിയയും ഇരുന്നത്. ഇതിന്റെ ചിത്രം ജനാധിപത്യം സിന്ദാബാദ് എന്ന അടിക്കുറിപ്പോടെ കോൺഗ്രസ് ട്വിറ്ററിൽ പങ്കുവെച്ചു. കോൺഗ്രസിനെ മുന്നോട്ടുനയിക്കുന്നതിൽ ഖാർഗെയ്ക്ക് പരിപൂർണ പിന്തുണയും സഹകരണവും പ്രഖ്യാപിക്കുന്നതായി തരൂരും ട്വീറ്റ് ചെയ്തു.
ഉച്ചയ്ക്കുശേഷം എ.ഐ.സി.സി. ആസ്ഥാനത്ത് ആദ്യ ഔദ്യോഗിക പരിപാടിയായ ഗുജറാത്ത് തിരഞ്ഞെടുപ്പ് സമിതിയോഗത്തിൽ മല്ലികാർജുൻ ഖാർഗെ പങ്കെടുത്തു. ഖാർഗെയ്ക്കായി പ്രചാരണം നയിച്ച രമേശ് ചെന്നിത്തലയാണ് സമിതി ചെയർമാൻ.
Content Highlights: mallikarjun kharge Congress President Oath Ceremony


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..