ഖാർഗെയുടെ കൈകളിൽ


2 min read
Read later
Print
Share

കോൺഗ്രസ് അധ്യക്ഷനായി ഖാർഗെ 26-ന് സ്ഥാനമേൽക്കും തോൽവിയിലും തിളങ്ങി തരൂർ

മല്ലികാർജുൻ ഖാർഗെ |ഫോട്ടോ:PTI

ന്യൂഡൽഹി: കോൺഗ്രസിനെ നയിക്കാൻ ഇനി കർണാടകത്തിൽനിന്നുള്ള ദളിത് മുഖം മല്ലികാർജുൻ ഖാർഗെ. അധ്യക്ഷസ്ഥാനത്തേക്കുനടന്ന തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം എം.പി. ശശി തരൂരിനെ വൻ ഭൂരിപക്ഷത്തിൽ ഖാർഗെ മറികടന്നു.

ആകെ പോൾചെയ്ത 9385 വോട്ടിൽ 7897 വോട്ട് ഖാർഗെ നേടി. ഗാന്ധികുടുംബത്തിന്റെയും ഔദ്യോഗികപക്ഷത്തിന്റെയും പരോക്ഷപിന്തുണയുള്ള ഖാർഗെയ്ക്കെതിരേ 1072 വോട്ടുനേടി തരൂർ തോൽവിയിലും തിളങ്ങി. 416 വോട്ട് അസാധുവായി.

കോൺഗ്രസിന്റെ 137 വർഷത്തെ ചരിത്രത്തിൽ തിരഞ്ഞെടുപ്പിലൂടെ അധ്യക്ഷനാവുന്ന ആറാമത്തെയാളാണ് എൺപതുകാരനായ ഖാർഗെ. ഈ മാസം 26-ന് എ.െഎ.സി.സി. ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ അദ്ദേഹം സ്ഥാനമേറ്റെടുക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. ഏറ്റവും കൂടുതൽക്കാലം അധ്യക്ഷപദവിയിലിരുന്ന സോണിയാഗാന്ധിയുടെ പിൻഗാമിയായാണ് ഖാർഗെ എത്തുന്നത്. 24 വർഷത്തിനുശേഷമാണ് ഗാന്ധികുടുംബത്തിനുപുറത്തുനിന്നൊരാൾ അധ്യക്ഷനാകുന്നത്.

ബുധനാഴ്ച ഉച്ചയ്ക്ക് വോട്ടെണ്ണലിനുശേഷം എ.ഐ.സി.സി. ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പുസമിതി ചെയർമാൻ മധുസൂദൻ മിസ്ത്രിയാണ് ഖാർഗെ വിജയിച്ചതായി പ്രഖ്യാപിച്ചത്. പിന്നാലെ സോണിയാഗാന്ധി, പ്രിയങ്കാഗാന്ധി, പി.ചിദംബരം, രമേശ് ചെന്നിത്തല, കെ.സുധാകരൻ, കൊടിക്കുന്നിൽ സുരേഷ് , അശോക് ഗഹ്‌ലോത്, മുകുൾ വാസ്നിക്, അംബികാസോണി, കെ.സി. വേണുഗോപാൽ, രൺദീപ് സിങ് സുർജേവാല തുടങ്ങിയ നേതാക്കൾ ഖാർഗെയെ വീട്ടിലെത്തി അനുമോദിച്ചു. ശശി തരൂർ, എം.കെ. രാഘവൻ എം.പി.ക്കൊപ്പവും അനുമോദിക്കാനെത്തി. രാഹുൽ ഗാന്ധിയും ഖാർഗെയെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തു.

ഫലപ്രദമായ അധികാരകാലമുണ്ടാകട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസയർപ്പിച്ചു. വിജയത്തിനുപിന്നാലെ സോണിയാഗാന്ധിക്കും രാഹുൽ ഗാന്ധിക്കും നന്ദിയറിയിച്ച ഖാർഗെ ഇരുവരുടെയും ഉപദേശനിർദേശങ്ങൾ പാർട്ടിയെ മുന്നോട്ടുനയിക്കാനായി സ്വീകരിക്കുമെന്ന് വ്യക്തമാക്കി. തരൂരിന്റെ ഉപദേശങ്ങളും സ്വീകരിക്കും. മത്സരിച്ചതിൽ തരൂരിന് നന്ദിയും അറിയിച്ചു. പാർട്ടിയിൽ വലിയവനും ചെറിയവനും ഇല്ലെന്നും യഥാർഥ കോൺഗ്രസ് ഭടനായി സംഘടനയെ ശക്തിപ്പെടുത്താൻ പ്രവർത്തിക്കുമെന്നും ഖാർഗെ പറഞ്ഞു. ജനാധിപത്യപോരാട്ടം പുരോഗമനപരമായ ചർച്ചയ്ക്കും സംഘടനയുടെ എല്ലാതലത്തിലും ആരോഗ്യകരമായ ഉണർവിനും വഴിതെളിച്ചതായി ശശി തരൂരും പറഞ്ഞു.

ആകാംക്ഷയിൽ വോട്ടെണ്ണൽ

:കടുത്ത പ്രചാരണംനടത്തിയ ശശി തരൂർ എത്രവോട്ട്‌ നേടുമെന്നുമാത്രമായിരുന്നു വോട്ടെണ്ണലിന്റെ തുടക്കംമുതലുള്ള ആകാംക്ഷ. വോട്ടെടുപ്പിൽ ഉത്തർപ്രദേശ്, പഞ്ചാബ്, തെലങ്കാന എന്നിവിടങ്ങിൽ വ്യാപകക്രമക്കേട് നടന്നതായി തരൂർ പരാതിപ്പെട്ടിരുന്നു. ഉത്തർപ്രദേശിലെ ആറ്‌ ബാലറ്റുപെട്ടികളിൽ രണ്ടെണ്ണത്തിലുള്ള നാനൂറോളം വോട്ടുകളിലാണ് സംശയം ഉയർന്നതെന്നും ഇതെല്ലാം പരിഹരിച്ചാണ് എണ്ണിയതെന്നും മിസ്ത്രി പറഞ്ഞു. മറ്റുപരാതികളിലൊന്നും കഴമ്പില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ ആഭ്യന്തരകാര്യമാണിതെന്നും പരാതി പരിശോധിക്കുമെന്നും വ്യക്തമാക്കിയ മിസ്ത്രി ആരോപണവിധേയമായ 400 വോട്ടുകൾ വേണമെങ്കിൽ മറുപക്ഷത്ത് പെടുത്തിക്കോളൂ എന്നും പറഞ്ഞു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..