മല്ലികാർജുൻ ഖാർഗെ |ഫോട്ടോ:PTI
ന്യൂഡൽഹി: സംഘടനയെ ശക്തിപ്പെടുത്താൻ നേതാക്കൾ പരിശ്രമിക്കണമെന്നും പ്രവർത്തിക്കാനാകില്ലെങ്കിൽ മറ്റുള്ളവർക്കായി മാറിക്കൊടുക്കണമെന്നും കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടശേഷം രൂപവത്കരിച്ച സ്റ്റിയറിങ് കമ്മിറ്റിയുടെ ആദ്യയോഗത്തിൽ സംസാരിക്കവേയായിരുന്നു നേതാക്കൾക്ക് ഖാർഗെയുടെ മുന്നറിയിപ്പ്. താഴെത്തലംമുതൽ നേതാക്കൾ കൂടുതൽ ഉത്തരവാദിത്വംകാണിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് ശക്തിയാർജിക്കുകയും ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് പ്രവർത്തിക്കുകയുംചെയ്താൽമാത്രമേ പാർട്ടിക്ക് തിരഞ്ഞെടുപ്പുകളിൽ ജയിക്കാനാകൂ. തികഞ്ഞ ഉത്തരവാദിത്വത്തോടെ സ്വന്തംകടമകൾ നിർവഹിക്കുന്ന നേതാക്കൾ പാർട്ടിയിലുണ്ട്. ചിലരാകട്ടെ, ഒന്നും ചെയ്തില്ലെങ്കിലും കഴിഞ്ഞുകൂടാമെന്ന് കരുതുന്നു. അതൊരിക്കലും അംഗീകരിക്കാനാകില്ല. സ്വന്തം കടമ നിർവഹിക്കാൻ സാധിക്കില്ലെന്നുള്ളവർ മറ്റുള്ളവർക്ക് മാറിക്കൊടുക്കണം.
ജനറൽ സെക്രട്ടറിമാരും സംസ്ഥാനങ്ങളുടെ ചുമതലയുള്ളവരും ആദ്യം സ്വന്തം ഉത്തരവാദിത്വം നിർവഹിക്കണം. മാസത്തിൽ 10 ദിവസമെങ്കിലും സ്വന്തം പരിധിക്കുകീഴിലെ സ്ഥലങ്ങൾ സന്ദർശിക്കുന്നുണ്ടോയെന്ന് നേതാക്കൾ പരിശോധിക്കുക. എല്ലാ ജില്ലാ നേതാക്കളെയും കാണുകയും പ്രാദേശികവിഷയങ്ങളിൽ ചർച്ചനടത്തുകയും വേണം. ബ്ലോക്കുതലത്തിലും ജില്ലാതലത്തിലും പുതുമുഖങ്ങൾക്ക് അവസരംനൽകണം. അഞ്ചുവർഷത്തിലേറെയായി തുടരുന്ന കമ്മിറ്റികളുടെ കണക്കെടുക്കണം. എ.ഐ.സി.സി.യുടെ നിർദേശമനുസരിച്ച് എത്രയിടത്ത് പ്രാദേശികസമരങ്ങൾ നടന്നു? താഴെത്തട്ടിൽ പ്രവർത്തനമില്ലെങ്കിൽ കാര്യമില്ല. ജനകീയ പ്രശ്നങ്ങളുയർത്തിയുള്ള പ്രക്ഷോഭങ്ങൾ നടത്താനുള്ള മാർഗരേഖ തയ്യാറാക്കി ഒരുമാസത്തിനുള്ളിൽ നേതൃത്വത്തിനു നൽകണം. ജനറൽ സെക്രട്ടറിമാരും സംസ്ഥാന പി.സി.സി. പ്രസിഡന്റുമാരും എം.എൽ.എ.മാരും എം.പി.മാരും ഇത് തയ്യാറാക്കണമെന്നും ഖാർഗെ നിർദേശിച്ചു.
പ്രവർത്തകരുടെ ആവേശം നിലനിർത്താൻ ‘ഹാഥ് സെ ഹാഥ് ജോഡോ അഭിയാൻ’ എന്ന പരിപാടി നടത്താനും തീരുമാനമായി. ഗ്രാമീണ തലം മുതൽ പദയാത്രകളും കൺവെൻഷനും റാലിയും നടത്തും. പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിൽ സംസ്ഥാനതല മഹിളാ മാർച്ചുകളും ഈ പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കോൺഗ്രസ് മുൻ പ്രസിഡന്റ് സോണിയാ ഗാന്ധി, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗഹ്‌ലോത്, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേൽ, മുതിർന്നനേതാക്കളായ പി. ചിദംബരം, കെ.സി. വേണുഗോപാൽ, അംബികാ സോണി തുടങ്ങിയവർ പങ്കെടുത്തു. ഭാരത് ജോഡോ യാത്രയിലായതിനാൽ രാഹുൽ ഗാന്ധി യോഗത്തിനെത്തിയില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..