വീടുകൾ തീയിട്ടു, ഗ്രാമങ്ങൾ കൊള്ളയടിച്ചു; മണിപ്പൂരിൽ നിന്ന് പലായനം തുടരുന്നു; മരണം 54


1 min read
Read later
Print
Share

മണിപ്പുരിൽ ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റുന്ന സൈനികർ | Photo: PTI

ഇംഫാൽ: മണിപ്പുരിൽ കത്തിപ്പടർന്ന കലാപത്തിൽ മരണസംഖ്യ 54 ആയതായി ഔദ്യോഗികസ്ഥിരീകരണം. ഇരുന്നൂറോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഒട്ടേറെ വീടുകളും വാഹനങ്ങളും വിദ്യാലയങ്ങളും ദേവാലയങ്ങളും അക്രമികൾ കത്തിച്ചു. ഗ്രാമങ്ങൾ കൊള്ളയടിക്കപ്പെട്ടു.

ആദ്യമായാണ് മരണസംഖ്യ ഔദ്യോഗികമായി പുറത്തുവിടുന്നത്. യഥാർഥകണക്കുകൾ ഇതിലുമേറെ വരുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. മണിപ്പുരിനെ സാധാരണനിലയിലേക്ക്‌ കൊണ്ടുവരാൻ കേന്ദ്രസർക്കാർ സാധ്യമായ എല്ലാനടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്രനിയമമന്ത്രി കിരൺ റിജിജു പറഞ്ഞു. ആഭ്യന്തരമന്ത്രി അമിത് ഷാ സ്ഥിതിഗതികൾ വിലയിരുത്തിവരുന്നുണ്ടെന്നും വ്യക്തമാക്കി.

അക്രമഭീതിയിൽ കലാപബാധിതമേഖലകളിൽനിന്നുള്ള പലായനം തുടരുകയാണ്. മണിപ്പുരിലെ ജിരിംബാം ജില്ലക്കാരായ 1100-ലേറെപ്പേർ അതിർത്തികടന്ന് അസമിലെ കച്ചാർ ജില്ലയിലെത്തി. കുകി ആദിവാസിവിഭാഗക്കാരാണ് ഇവർ. സൈന്യത്തിന്റെയും പോലീസിന്റെയും നേതൃത്വത്തിൽ സുരക്ഷിതമേഖലകളിലേക്ക് മാറ്റിയവരുടെ എണ്ണം ഇരുപതിനായിരത്തോളമാണ്.

കലാപബാധിതപ്രദേശങ്ങളിൽ സൈന്യവും അർധസൈനികവിഭാഗങ്ങളും പിടിമുറുക്കിയതോടെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമായിട്ടുണ്ട്. ശനിയാഴ്ച കടകളും ചന്തകളും ഭാഗികമായി തുറന്നു. വാഹനങ്ങളും ഓടി. ചുരാചന്ദ്പുർ ജില്ലയിൽ മെയ്ത്തി വിഭാഗക്കാരെ അഭയകേന്ദ്രത്തിലേക്ക് മാറ്റുന്നത് എതിർവിഭാഗം റോഡ് ഉപരോധിച്ച് തടഞ്ഞു. ഇതേത്തുടർന്ന് സുരക്ഷാസേനയുമായി ഏറ്റുമുട്ടലുണ്ടായി. സൈന്യം നടത്തിയ വെടിവെപ്പിൽ നാലുപേർ മരിച്ചു.

സ്ഥിതി നിയന്ത്രിക്കാൻ കൂടുതൽ സൈനികരെയും അർധസൈനികരെയും എത്തിച്ചിട്ടുണ്ട്. പതിനായിരത്തിലേറെ സേനാംഗങ്ങളെയാണ് സംസ്ഥാനത്ത് സുരക്ഷാച്ചുമതലയ്ക്കായി വിന്യസിച്ചിരിക്കുന്നത്. ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള വിദ്യാർഥികളും ഉദ്യോഗസ്ഥരുമൊക്കെ നാട്ടിലേക്കുമടങ്ങാൻ ഇംഫാൽ വിമാനത്താവളത്തിലും പരിസരത്തുമായി കാത്തുകെട്ടിക്കിടക്കുകയാണ്. തീവണ്ടി ഗതാഗതം നിർത്തിവെച്ചിട്ട് രണ്ടുദിവസമായി. ഇന്റർനെറ്റ് സൗകര്യവും റദ്ദാക്കി.

ചുരാചന്ദ്പുർ ജില്ളാ ആശുപത്രിയിൽ 16 മൃതദേഹങ്ങളുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ജവാഹർലാൽ നെഹ്രു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ 15 മൃതദേഹങ്ങളുണ്ട്. ഇംഫാൽ വെസ്റ്റ് റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് 23 പേരുടെ മരണം സ്ഥിരീകരിച്ചു.

ചുരാചന്ദ്പുരിൽ ഓൾ ട്രൈബൽ സ്റ്റുഡന്റ് യൂണിയൻ മണിപ്പുർ(എ.ടി.എസ്.യു.എം) ബുധനാഴ്ച നടത്തിയ ആദിവാസി ഐക്യദാർഢ്യമാർച്ചിനെത്തുടർന്നാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. നാഗാ, കുകി ഗോത്രവർഗക്കാരുടെ നേതൃത്വത്തിലായിരുന്നു ആയിരങ്ങൾ പങ്കെടുത്ത മാർച്ച്. ആദിവാസിയിതര മെയ്ത്തി വിഭാഗക്കാർ പട്ടികവർഗപദവി ആവശ്യപ്പെടുന്നതിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്. ഇരുവിഭാഗങ്ങളും തമ്മിലുണ്ടായ ഏറ്റുമുട്ടൽ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും പടരുകയായിരുന്നു.

Content Highlights: Manipur violence toll at 54 after 5 deaths in fresh clashes

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..