പ്രധാനമന്ത്രി നരേന്ദ്ര മോദി | Photo: PTI
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച നേപ്പാളിലെ ലുംബിനി സന്ദര്‍ശിക്കും. ബുദ്ധന്റെ ജന്മസ്ഥലമായ ലുംബിനിയില് നടക്കുന്ന ബുദ്ധപൂര്‍ണിമ ദിനാഘോഷങ്ങളില്‍ പങ്കെടുക്കാനാണ് സന്ദര്‍ശനം. നേപ്പാള്‍ പ്രധാനമന്ത്രി ഷെര്‍ ബെഹാദൂര്‍ ദ്യൂബയുമായി നടത്തുന്ന നയതന്ത്രചര്‍ച്ചകള്‍ക്കുശേഷം ഇരുരാജ്യങ്ങളും അഞ്ച് കരാറുകളില്‍ ഒപ്പുവെക്കും. വിദ്യാഭ്യാസം, ജലവൈദ്യുതി തുടങ്ങിയ മേഖലകളില്‍ സഹകരണത്തിനുള്ള കരാറുകളിലാണ് ഒപ്പുവെക്കുന്നത്.
മോദിയുടെ അഞ്ചാം നേപ്പാള്‍ സന്ദര്‍ശനമാണിതെങ്കിലും ആദ്യമായാണ് ലുംബിനി സന്ദര്‍ശിക്കുന്നത്. മായാദേവി ക്ഷേത്രസന്ദര്‍ശനത്തോടെയാണ് പര്യടനം തുടങ്ങുന്നത്. സെന്റര്‍ ഫോര്‍ ബുദ്ധിസ്റ്റ് കള്‍ച്ചര്‍ ആന്‍ഡ് ഹെരിറ്റേജിന്റെ ശിലാസ്ഥാപന പരിപാടികളില്‍ പങ്കെടുക്കും. ഇന്ത്യന്‍ എജ്യുക്കേഷണല്‍ ആന്‍ഡ് കള്‍ച്ചറല്‍ ഫൗണ്ടേഷന് നേപ്പാളിലെ ലുംബിനി ബുദ്ധിസ്റ്റ് യൂണിവേഴ്സിറ്റിയുമായും ത്രിഭുവന്‍ യുണിവേഴ്സിറ്റിയുമായും ഓരോ കരാറുകളും കാഠ്മണ്ഡു യൂണിവേഴ്സിറ്റിയുമായി മൂന്ന് കരാറുകളും ഒപ്പുവെക്കും.
ലുംബിനി ബുദ്ധിസ്റ്റ് സര്‍വകലാശാല ഐ.സി.സി.ആറുമായും ത്രിഭുവന്‍ സര്‍വകലാശാല സെന്റര്‍ ഫോര്‍ ഏഷ്യന്‍ സ്റ്റഡീസുമായും ഗവേഷണ സഹകരണത്തിനുള്ള ധാരണാപത്രങ്ങള്‍ ഒപ്പുവെക്കുന്നുണ്ട്. ദശകങ്ങള്‍ക്കുമുമ്പ് പദ്ധതി തയ്യാറാക്കുകയും ചൈന രണ്ടുവട്ടം ഉപേക്ഷിക്കുകയും ചെയ്ത വെസ്റ്റ് സേഠി ജലവൈദ്യുതപദ്ധതി ഏറ്റെടുക്കണമെന്ന് നേപ്പാള്‍ ഇന്ത്യയോട് അഭ്യര്‍ഥിച്ചേക്കും. 1200 മെഗാവാട്ട് ശേഷിയുള്ള ഈ പദ്ധതി 2009-ലും 2012-ലും രണ്ട് ചൈനീസ് കമ്പനികള്‍ ഏറ്റെടുത്തെങ്കിലും നടപ്പായില്ല.
നേപ്പാളുമായുള്ള ബന്ധം സമാനതകളില്ലാത്തതെന്ന് മോദി
തന്റെ ലുംബിനി സന്ദര്‍ശനം ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുമെന്ന് മോദി പറഞ്ഞു. പുറപ്പെടുംമുമ്പ് നല്കിയ പ്രസ്താവനയിലാണ് ഇങ്ങനെ പ്രതികരിച്ചത്. നേപ്പാളുമായുള്ള ബന്ധം സമാനതകളില്ലാത്തതാണെന്നും മോദി പറഞ്ഞു.
ലുംബിനി
ബി.സി. 563-ൽ ബുദ്ധമതസ്ഥാപകന്‍ ശ്രീബുദ്ധൻ ജനിച്ച സ്ഥലമാണ് നേപ്പാളിലെ ലുംബിനി. പശ്ചിമനേപ്പാളിലെ രൂപാൻദേഹി ജില്ലയിലാണ് തീർഥാടനകേന്ദ്രമായ ലുംബിനി . ഒട്ടേറെ ബുദ്ധമഠങ്ങളും ബുദ്ധക്ഷേത്രങ്ങളും ഇവിടെയുണ്ട്. 1997-ൽ ലോക പൈതൃക കേന്ദ്രമായി യുെനസ്കോ ലുംബിനിയെ തിരഞ്ഞെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..