മുല്ലപ്പെരിയാർ: ഡാം നിയന്ത്രണം മേൽനോട്ടസമിതിക്ക് കൈമാറാനാവില്ലെന്ന് തമിഴ്‌നാട്


മുല്ലപ്പെരിയാർ അണക്കെട്ട്| Photo: Mathrubhumi

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ നിയന്ത്രണം മേൽനോട്ടസമിതിക്ക് കൈമാറാൻ കഴിയില്ലെന്ന് തമിഴ്നാട്.

സുപ്രീംകോടതി നിർദേശത്തെത്തുടർന്ന് അണക്കെട്ടുമായി ബന്ധപ്പെട്ട മേൽനോട്ടസമിതിയുടെ അധികാരം സംബന്ധിച്ച് ശുപാർശ തയ്യാറാക്കാൻ കേരളത്തിനൊപ്പം ചേർന്ന യോഗത്തിലാണ് തമിഴ്‌നാട് നിലപാട് അറിയിച്ചത്. റൂൾകർവ്, ഗേറ്റ് ഓപ്പറേഷൻ ഷെഡ്യൂൾ, ഇൻസ്ട്രുമെന്റേഷൻ സ്കീം എന്നിവയുൾപ്പെടെ അണക്കെട്ടുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും മേൽനോട്ട സമിതിക്ക് കൈമാറണമെന്ന് കേരളം വ്യക്തമാക്കി. ഇതോടെ ഡൽഹിയിൽ നടന്ന ചർച്ച സമവായമാകാതെ പിരിഞ്ഞു.

സംയുക്ത സമിതി യോഗത്തിന്റെ മിനുട്സ് ചൊവ്വാഴ്ച സുപ്രീംകോടതിക്ക് കൈമാറും. കേസിൽ ഇരു സംസ്ഥാനങ്ങൾക്കുംവേണ്ടി ഹാജരാകുന്ന മുതിർന്ന അഭിഭാഷകർ ഉൾപ്പെടെയുള്ളവരാണ് യോഗത്തിൽ പങ്കെടുത്തത്. ഇതിൽ ഉയർന്ന നിർദേശങ്ങൾ ഇരുസംസ്ഥാനങ്ങളുടെയും സർക്കാർതലത്തിൽ ഒരു വട്ടംകൂടി ചർച്ചചെയ്തശേഷമാകും കോടതിക്ക് കൈമാറുക.

2006-ലെയും 2014-ലെയും സുപ്രീംകോടതി വിധികളിൽ മുല്ലപ്പെരിയാർ അണക്കെട്ടും ബേബി ഡാമും ശക്തിപ്പെടുത്തുന്നതിനുള്ള നിർദേശങ്ങളുണ്ട്. ഈ നിർദേശങ്ങളാണ് മേൽനോട്ടസമിതി നടപ്പാക്കേണ്ടതെന്നും തമിഴ്നാട് സർക്കാർ സംയുക്ത സമിതിയോഗത്തിൽ അവതരിപ്പിച്ച കുറിപ്പിൽ വ്യക്തമാക്കി. എന്നാൽ, അണക്കെട്ടുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും മേൽനോട്ട സമിതിക്ക് കൈമാറണമെന്ന് കേരളം ആവശ്യപ്പെട്ടു. മേൽനോട്ട സമിതി പുനഃസംഘടിപ്പിക്കുന്ന കാര്യത്തിൽ ഇരു സംസ്ഥാനങ്ങൾക്കുമിടയിൽ തർക്കമില്ല. നിലവിൽ കേന്ദ്ര ജലകമ്മിഷൻ ചെയർമാന്റെ പ്രതിനിധി അധ്യക്ഷനായ മേൽനോട്ടസമിതിയിൽ കേരളത്തിന്റെയും തമിഴ്നാടിന്റെയും ഓരോ അംഗങ്ങളുണ്ട്. മൂന്നംഗസമിതി ഇരു സംസ്ഥാനങ്ങളുടെയും സാങ്കേതികവിദഗ്ധരെകൂടി ഉൾപ്പെടുത്തി അഞ്ചംഗ സമിതിയാക്കണമെന്ന നിർദേശമാണ് സംയുക്ത യോഗത്തിൽ ഉയർന്നത്.

Content Highlights: Mullaperiyar Tamil Nadu says dam control cannot be handed over to oversight committee

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..