ദിവസവും രണ്ടുമൂന്നു കിലോ അധിക്ഷേപം കേൾക്കുന്നു, അതാണെന്റെ ശക്തി - മോദി


1 min read
Read later
Print
Share

പ്രധാനമന്ത്രി നരേന്ദ്രമോദി | photo: ani

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിനും സംസ്ഥാനസർക്കാരിനുമെതിരേ രൂക്ഷവിമർശനവും പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.

‘‘ഇത്രയും കഠിനമായി ജോലിചെയ്തിട്ടും ക്ഷീണം തോന്നാത്തതെന്തുകൊണ്ടെന്ന് പലരും ചോദിക്കുന്നു. ഓരോ ദിവസവും ഞാൻ രണ്ടുമൂന്നു കിലോ അധിക്ഷേപം കേൾക്കുന്നു. അതെല്ലാം പോഷകമാക്കിമാറ്റാനുള്ള കഴിവുനൽകി ദൈവം എന്നെ അനുഗ്രഹിച്ചിട്ടുണ്ട്. മോദിയെയും ബി.ജെ.പി.യെയും അധിക്ഷേപിച്ചോളൂ, പക്ഷേ തെലങ്കാനയിലെ ജനങ്ങളെ അതുപോലെ നിന്ദിച്ചാൽ നിങ്ങൾ വലിയ വിലകൊടുക്കേണ്ടിവരും” -ശനിയാഴ്ച ഹൈദരാബാദിലെ ബീഗംപേട്ടിൽനടന്ന പൊതുസമ്മേളനത്തിൽ മോദി പറഞ്ഞു. തെലങ്കാനയിലെ കുടുംബാധിപത്യ രാഷ്ട്രീയത്തിനെതിരേയും അദ്ദേഹം ആഞ്ഞടിച്ചു. ‘‘ജനങ്ങളാണ് പ്രധാനം, കുടുംബമല്ല’’ -അദ്ദേഹം പറഞ്ഞു.

‘‘നിരാശയും ഭയവും അന്ധവിശ്വാസവും ബാധിച്ച പലരും മോദിയെ അധിക്ഷേപിക്കുക എന്ന വഴി തിരഞ്ഞെടുക്കുന്നു. അതിൽ വീണുപോകരുതെന്ന് ഞാൻ നിങ്ങളോട് അഭ്യർഥിക്കുന്നു’’ -പാർട്ടി പ്രവർത്തകരോടായി പ്രധാനമന്ത്രി പറഞ്ഞു.

കേന്ദ്രത്തിന്റെ വികസനപദ്ധതികൾ തെലങ്കാനയിൽ വേണ്ടപോലെ നടപ്പാക്കുന്നില്ല. െഎ.ടി. കേന്ദ്രമായ ഇവിടെ അന്ധവിശ്വാസം വളർത്താനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. അഴിമതി പിടിക്കപ്പെടുമെന്ന് പേടിയുള്ള പ്രതിപക്ഷം ഇക്കാര്യത്തിൽ സംസ്ഥാനസർക്കാരുമായി സന്ധിചെയ്യുന്നു.

തെലങ്കാനയിൽ വൈകാതതന്നെ സൂര്യനുദിക്കുമെന്നും എല്ലായിടത്തും താമരവിരിയുമെന്നും മോദി പറഞ്ഞു. ഈയിടെ മുനുഗോഡിൽനടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി. സ്ഥാനാർഥി 38 ശതമാനം വോട്ടുപിടിച്ചത് അതിന്റെ തെളിവാണെന്നും കൂട്ടിച്ചേർത്തു.

തിരിഞ്ഞുനോക്കാതെ കെ.സി.ആർ.

ഹൈദരാബാദിലെ ബീഗംപേട്ട് വിമാനത്താവളത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു എത്താത്തത് വീണ്ടും വിവാദത്തിൽ. റാവു തുടർച്ചയായി പ്രോട്ടോകോൾ ലംഘിക്കുകയാണെന്നും ഇത് സംസ്ഥാനത്തിന് ഒരിക്കലും ഗുണകരമാകില്ലെന്നും ബി.ജെ.പി. പ്രതികരിച്ചു. ഈയിടെ ബി.ജെ.പി.യും പ്രധാനമന്ത്രിയുമായി ഇടഞ്ഞുനിൽക്കുന്ന കെ.സി.ആർ. അദ്ദേഹത്തെ സ്വീകരിക്കാനോ പരിപാടികളിൽ പങ്കെടുക്കാനോ തയ്യാറാവുന്നില്ല. കേന്ദ്രസർക്കാർ വിളിക്കുന്ന പ്രധാനയോഗങ്ങൾക്ക് തെലങ്കാനയുടെ പ്രതിനിധികളെ അയക്കാറുമില്ല. ശനിയാഴ്ച ഹൈദരാബാദിലെ പ്രധാനകേന്ദ്രങ്ങളിലെല്ലാം ടി.ആർ.എസ്. പ്രധാനമന്ത്രിക്കെതിരേ കൂറ്റൻ ബാനറുകളും ബോർഡുകളും ഉയർത്തിയിരുന്നു. കെ.സി.ആർ. കുട്ടികളെപ്പോലെയാണ് പെരുമാറുന്നതെന്നും തെലങ്കാനയിൽ ബി.ജെ.പി. ശക്തിയാർജിക്കുന്നതിൽ ആശങ്കപ്പെട്ടാണ് ഇതെന്നും പാർട്ടി നേതാവ് രാമചന്ദർ റാവു കുറ്റപ്പെടുത്തി.

Content Highlights: narendra modi criticize kcr and telengana government

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..