നരേന്ദ്ര മോദി, ജവഹർ ലാൽ നെഹ്‌റു | Photo: AP, Mathrubhumi Library
അഹമ്മദാബാദ്: മറ്റെല്ലാ നാട്ടുരാജ്യങ്ങളുടെയും ലയനം പൂർത്തിയാക്കാൻ സർദാർ പട്ടേലിന് കഴിഞ്ഞെങ്കിലും കശ്മീർ പ്രശ്നം പരിഹരിക്കാൻ മറ്റൊരാൾക്ക് കഴിഞ്ഞില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമർശനം. ഗുജറാത്തിലെ ആനന്ദിൽ ബി.ജെ.പി. റാലിയിലാണ് നെഹ്രുവിന്റെ പേരെടുത്തുപറയാതെ പ്രധാനമന്ത്രി കുറ്റപ്പെടുത്തിയത്.
“സർദാർ സാബിന് മറ്റെല്ലാ നാട്ടുരാജ്യങ്ങളെയും ഇന്ത്യയിൽ ലയിപ്പിക്കാനായി. പക്ഷേ, കശ്മീർ കൈകാര്യം ചെയ്തത് വേറെ ഒരാളായിപ്പോയി. സർദാറിന്റെ കാലടികൾ പിന്തുടരുന്നതിനാലും അദ്ദേഹത്തിന്റെ നാടിന്റെ മൂല്യങ്ങൾ ഉള്ളതിനാലും എനിക്ക് കശ്മീർ പ്രശ്നം പരിഹരിക്കാനായി. സർദാർ പട്ടേലിനുള്ള എന്റെ ശ്രദ്ധാഞ്ജലിയാണത്.” -മോദി പറഞ്ഞു.
‘നഗര നക്‌സലുകൾ’: ആപ്പിനെ ഉന്നംവെച്ച് മോദി
: ‘നഗര നക്സലുകൾ’ വേഷം മാറി ഗുജറാത്തിൽ കടക്കാൻ നോക്കുകയാണെന്നും അവരെ നശിപ്പിക്കണമെന്നും നരേന്ദ്രമോദി. ഭറൂച്ചിൽ വിവിധ പദ്ധതികൾക്ക് തറക്കല്ലിടുകയായിരുന്നു അദ്ദേഹം.
നഗര നക്സലുകളായി ആം ആദ്മി പാർട്ടിയെ ബി.ജെ.പി. വിശേഷിപ്പിച്ച് വരുന്നതിനിടയിലാണ് മോദിയുടെ ഇടപെടൽ. “നഗര നക്സലുകൾ അവരുടെ വേഷം മാറ്റിക്കഴിഞ്ഞു. നമ്മുടെ നിഷ്കളങ്കരും ഊർജസ്വലരുമായ യുവാക്കളെ അവർ വഴിതെറ്റിക്കുന്നു. അവർ പുറത്തുനിന്നാണ് വരുന്നത്. അവർ വിദേശശക്തികളുടെ ഏജന്റുമാരാണ്. ഗുജറാത്ത് അവർക്ക് തല കുനിച്ചുകൊടുക്കില്ല...” അദ്ദേഹം വ്യക്തമാക്കി. നർമദാ ബച്ചാവോ ആന്ദോളൻ നേതാവ് മേധാ പട്കറെപ്പോലുള്ള ‘നഗര നക്സലു’കളെ ആം ആദ്മി പാർട്ടി സ്വീകരിച്ചാനയിക്കുകയാണെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ഏതാനും ദിവസംമുമ്പ് ആരോപിച്ചിരുന്നു.
‘കോൺഗ്രസിന്റെ നിശ്ശബ്ദ പ്രചാരണത്തെ സൂക്ഷിക്കണം’
: പുറമെ ഒച്ചപ്പാടൊന്നുമില്ലെങ്കിലും ഗുജറാത്തിൽ കോൺഗ്രസിന്റെ നിശ്ശബ്ദ പ്രചാരണത്തെ കരുതിയിരിക്കണമെന്ന് ബി.ജെ.പി. പ്രവർത്തകർക്ക് നരേന്ദ്ര മോദിയുടെ ഉപദേശം. ആനന്ദിൽ പാർട്ടി റാലിയിലാണ് അദ്ദേഹം ഈ നിർദേശം നൽകിയത്.
‘‘കോൺഗ്രസ് ഇത്തവണ പുതിയ തന്ത്രം ഇറക്കിയതായി തോന്നുന്നു. ഞാൻ കൂടുതൽ അന്വേഷിച്ചില്ല. പക്ഷേ, ഒറ്റനോട്ടത്തിൽ അതാണ് തോന്നുന്നത്. പരസ്യമായി ഒന്നും പറയാതെ ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് പല കുതന്ത്രങ്ങളും ഇറക്കുകയാണ്. സത്യങ്ങളെ വളച്ചൊടിച്ച് വിഷം കുത്തിവെക്കുകയാണ്. ബി.ജെ.പി. പ്രവർത്തകർ ഗ്രാമങ്ങളിൽ വീടുതോറും കയറിയിറങ്ങി ഈ പ്രചാരണത്തിന്റെ മുനയൊടിക്കണം...’’ -മോദി നിർദേശിച്ചു.
Content Highlights: narendra modi indirectly criticises jawahar lal nehru over kashmir issue
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..