പ്രധാനമന്ത്രി നരേന്ദ്ര മോദി | Photo: PTI
ന്യൂഡൽഹി: പെട്രോളിയം ഉത്പന്നങ്ങളുടെ വിലക്കയറ്റം ജനങ്ങളിലുണ്ടാക്കുന്ന അമിതഭാരം കുറയ്ക്കാൻ കേന്ദ്രസർക്കാർ തീരുവ കുറച്ചിട്ടും കേരളം ഉൾപ്പെടെ ഏഴുസംസ്ഥാനങ്ങൾ മൂല്യവർധിതനികുതി (വാറ്റ്) കുറയ്ക്കാത്തതിനെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
ദേശതാത്പര്യം മുൻനിർത്തി നികുതികുറയ്ക്കാൻ സംസ്ഥാനങ്ങൾ തയ്യാറാകണമെന്നും ഇത് അപേക്ഷയായി പരിഗണിക്കണമെന്നും കോവിഡ് അവലോകനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോകോൺഫറൻസിൽ മോദി പറഞ്ഞു. നികുതികുറയ്ക്കാത്തത് സംസ്ഥാനത്തെ ജനങ്ങളോട് മാത്രമല്ല, അയൽസംസ്ഥാനങ്ങളോടുമുള്ള അനീതിയാണെന്ന് മോദി പറഞ്ഞു.
രാജ്യത്തെ ഇന്ധനവിലയിലുണ്ടായിരിക്കുന്ന ഏറ്റക്കുറച്ചിലുകളിലെ ഏകോപനമില്ലായ്മ പുനഃപരിശോധിക്കേണ്ടതുണ്ട്. പെട്രോൾ, ഡീസൽ വിലയുടെ അമിതഭാരം കുറയ്ക്കാൻ കേന്ദ്രസർക്കാർ എക്സൈസ് തീരുവ കുറച്ചു. വാറ്റ് കുറയ്ക്കാൻ സംസ്ഥാനങ്ങളോട് കഴിഞ്ഞ നവംബറിൽ അഭ്യർഥിക്കുകയുംചെയ്തു. ഭൂരിഭാഗം സംസ്ഥാനങ്ങളും നികുതി കുറച്ചു. എന്നാൽ കേരളം, മഹാരാഷ്ട്ര, പശ്ചിമബംഗാൾ, തെലങ്കാന, ആന്ധ്രാപ്രദേശ്, തമിഴ്നാട്, ഝാർഖണ്ഡ് എന്നീ സംസ്ഥാനങ്ങൾ നികുതികുറയ്ക്കാൻ തയ്യാറാകുന്നില്ല.
കർണാടക, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങൾ നികുതി കുറച്ചു. നികുതി കുറച്ചില്ലായിരുന്നെങ്കിൽ കർണാടകത്തിന് ആറുമാസത്തിനകം അയ്യായിരം കോടി രൂപയുടെ അധികവരുമാനം ലഭിക്കുമായിരുന്നു. ഗുജറാത്ത് 3500മുതൽ നാലായിരംകോടിവരെ അധികവരുമാനം നേടുമായിരുന്നു. നികുതികുറയ്ക്കാത്ത ഏഴുസംസ്ഥാനങ്ങൾ 11,945 കോടി രൂപയാണ് അധികം സമ്പാദിച്ചത്. കേന്ദ്രവരുമാനത്തിന്റെ 42 ശതമാനം സംസ്ഥാനസർക്കാരുകൾക്കാണ്.
ആഗോളപ്രതിസന്ധിയുടെ ഈകാലഘട്ടത്തിൽ സഹകരണഫെഡറലിസത്തിന്റെ ഊർജം പിന്തുടർന്ന് ഒരുമയോടെ പ്രവർത്തിക്കാൻ സംസ്ഥാനങ്ങളോട് അഭ്യർഥിക്കുന്നുവെന്നും മോദി പറഞ്ഞു.
പെട്രോളിന്റെയും ഡീസലിന്റെയും വിലവർധനയെത്തുടർന്ന് കഴിഞ്ഞ നവംബറിൽ കേന്ദ്രം എക്സൈസ് തീരുവയിൽ അഞ്ചുമുതൽ പത്തുവരെ രൂപ കുറച്ചിരുന്നു. അതിനുപിന്നാലെ രാജ്യത്തെ 25 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും വാറ്റിൽ കുറവുവരുത്തി. ഇവയിലേറെയും ബി.ജെ.പി. ഭരിക്കുന്നവയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..