കശ്മീർ പുതിയ മാതൃക -മോദി


പഞ്ചായത്തീരാജ് ദിനാചരണത്തോടനുബന്ധിച്ച് ജമ്മുവിലെ പല്ലിയിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി

സാംബ: ജനാധിപത്യത്തിന്റെയും വികസനത്തിന്റെയും കാര്യത്തിൽ ജമ്മു കശ്മീർ രാജ്യത്തിന് പുതിയ മാതൃക സൃഷ്ടിക്കുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പഞ്ചായത്തീരാജ് ദിനാചരണത്തോടനുബന്ധിച്ച് ജമ്മുവിനടുത്ത് സാംബ ജില്ലയിലെ പാലിയിൽനിന്ന് രാജ്യത്തെ മുഴുവൻ ഗ്രാമപ്പഞ്ചായത്തുകളെയും അദ്ദേഹം അഭിസംബോധന ചെയ്തു. ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയിലെ 370-ാം അനുച്ഛേദം പിൻവലിച്ചശേഷം ആദ്യമായി അവിടെയെത്തിയ പ്രധാനമന്ത്രി 20000 കോടി രൂപയുടെ വികസനപദ്ധതികളുടെ ഉദ്ഘാടനവും നിർവഹിച്ചു.

ജനാധിപത്യം താഴേക്കിടയിലേക്ക് എത്തിയതിൽ സന്തോഷമുണ്ടെന്നും പഞ്ചായത്തീരാജ് ദിനാചരണത്തിന് ജമ്മു കശ്മീർ വേദിയായതുതന്നെ മാറ്റത്തിന്റെ സൂചനയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അവകാശങ്ങൾ ഉറപ്പാക്കുന്നതിന് 175 നിയമങ്ങളാണ് ഏതാനും വർഷങ്ങൾക്കുള്ളിൽ കേന്ദ്രഭരണപ്രദേശത്ത് നടപ്പാക്കിയത്. രണ്ടുവർഷംകൊണ്ട് താഴ്‌വരയിൽ 38000 കോടി രൂപയുടെ സ്വകാര്യനിക്ഷേപമുണ്ടായി.

മനുഷ്യരും ഭാഷകളും സംസ്കാരങ്ങളും വിഭവങ്ങളും തമ്മിലുള്ള അകലം കുറയ്ക്കേണ്ടത് പ്രധാനമാണെന്ന് മോദി അഭിപ്രായപ്പെട്ടു. ‘ഒരു ഭാരതം ശ്രേഷ്ഠ ഭാരതം’ എന്ന ആശയത്തിലൂടെ ദൂരങ്ങൾ കുറയ്ക്കാനാണ് ശ്രമിക്കുന്നത്. ഇതിനായി ഒട്ടേറെ റോഡ് പദ്ധതികൾ നടപ്പാക്കുന്നുണ്ട്. കന്യാകുമാരിദേവിയെയും വൈഷ്ണോദേവിയെയും ഒറ്ററോഡുകൊണ്ട് ബന്ധിപ്പിക്കുന്ന കാലം അകലെയല്ലെന്നും മോദി പറഞ്ഞു.

വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ച പഞ്ചായത്തുകൾക്ക് പ്രധാനമന്ത്രി പുരസ്കാരതുക ഓൺലൈനായി വിതരണം ചെയ്തു. രാജ്യത്തെ 322 പഞ്ചായത്തുകൾക്കായി 44.70 കോടി രൂപയുടെ പുരസ്കാരങ്ങളാണ് നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിച്ചത്. അഞ്ച് ലക്ഷം രൂപമുതൽ 50 ലക്ഷം രൂപവരെയുള്ള സമ്മാനങ്ങളുണ്ട്.

ഉദ്ഘാടനം ചെയ്തത് തുരങ്കപാത മുതൽ ജനൗഷധികൾ വരെ

- ജമ്മുവിനെയും കശ്മീരിനെയും ഏത് കാലാവസ്ഥയിലും ബന്ധിപ്പിക്കുന്ന ബനിഹാൽ-ഖാസിഗുണ്ട് തുരങ്കപാത. 8.45 കിലോമീറ്റർ ദൂരം. ബനിഹാലും ഖാസിഗുണ്ടും തമ്മിലുള്ള ദൂരം 16 കിലോമീറ്ററും യാത്രാസമയും ഒന്നരമണിക്കൂറും കുറയ്ക്കും.

- ഡൽഹി - അമൃത്‌സർ - ഖത്ര എക്സ്പ്രസ് വേയുടെ ഭാഗമായുള്ള മൂന്ന് റോഡ് പദ്ധതികളുടെ ശിലാസ്ഥാപനം. ചെലവ് 7500 കോടി രൂപ.

- രാജ്യത്തെ ഒരോ ജില്ലയിലും 75 ജലാശയങ്ങൾ വികസിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനുമായി അമൃത് സരോവർ പദ്ധതി .

- ചെനാബ് നദിക്കു കുറുകെ 850 മെഗാ വാട്ടിന്റെയും 540 മെഗാവാട്ടിന്റെയും റത്‌ലേ, ക്വാർ ജലവൈദ്യുത പദ്ധതികൾ. ചെലവ് 5300 കോടി രൂപയും 4500 കോടി രൂപയും.

- ജനറിക് മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാൻ ജമ്മുകശ്മീരിൽ 100 ജനൗഷധി കേന്ദ്രങ്ങൾ.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..