പുതിയ പാർലമെന്റ് മന്ദിരത്തിന്റെ മാതൃക | ഫോട്ടോ:പി.ടി.ഐ
ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിർമാണപ്രവർത്തനങ്ങള്‍ അവസാന മിനുക്കുപണികളിൽ. മേയ് 30-ന് മോദി ഭരണത്തിന്റെ ഒമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് ഉദ്ഘാടനം ചെയ്തേക്കും. പാര്‍ലമെന്‍റ് മഴക്കാല സമ്മേളനം പുതിയ മന്ദിരത്തിലായിരിക്കുമെന്നും സൂചനയുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.
2020-ലാണ് പുതിയ മന്ദിരത്തിന്റെ നിര്‍മാണം ആരംഭിച്ചത്. കെട്ടിടത്തിന്റെ അകത്തുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായി. പുറത്തെ മിനുക്കുപണികളാണ് ഇപ്പോള്‍ നടക്കുന്നത്. ഈ മാസത്തിനുള്ളില്‍ത്തന്നെ ബാക്കി ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട ഏജന്‍സികള്‍ക്കെല്ലാം നിര്‍ദേശം നല്‍കിയെന്നാണ് വിവരം.
ലോക്‌സഭയുടെയും രാജ്യസഭയുടെയും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. നവീകരിച്ച സെന്‍ട്രല്‍ വിസ്തയുടെ ഭാഗമായി നിര്‍മിക്കുന്ന മന്ദിരത്തിന്റെ പണികള്‍ കഴിഞ്ഞ നവംബറില്‍ പൂര്‍ത്തിയാക്കാനായിരുന്നു ആദ്യ പദ്ധതി. എന്നാല്‍, ലോക്ഡൗണ്‍ ഉള്‍പ്പെടെയുള്ള കാരണങ്ങളാൽ തടസ്സപ്പെട്ടു.
സാംസ്കാരിക വൈവിധ്യത്തിന്റെ മന്ദിരം
നവീന സാങ്കേതികവിദ്യകളോടെ സജ്ജമാകുന്ന മന്ദിരത്തിന് 2020 ഡിസംബറിലായിരുന്നു പ്രധാനമന്ത്രി തറക്കല്ലിട്ടത്. 65,000 -ലേറെ ചതുരശ്ര മീറ്ററിലായി പരന്നുകിടക്കുന്ന കെട്ടിടത്തില്‍ ലോക്‌സഭ, രാജ്യസഭ ഹാളുകളും ലൈബ്രറി, മന്ത്രിമാരുടെ ഓഫീസുകള്‍, സമിതിയോഗങ്ങള്‍ക്കുള്ള മുറികള്‍, ഭക്ഷണശാല തുടങ്ങിയവയുണ്ടാകും. ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യം പ്രദര്‍ശിപ്പിക്കുന്ന ഭരണഘടനാ ഹാളും പ്രത്യേകതയാണ്. ജ്ഞാനദ്വാര്‍, ശക്തിദ്വാര്‍, കര്‍മദ്വാര്‍ എന്നിങ്ങനെയാകും പ്രധാന കവാടങ്ങളുടെ പേരുകള്‍. ദേശീയ പക്ഷിയായ മയിലിനെ പ്രമേയമാക്കിയുള്ളതാണ് ലോക്‌സഭാ ചേംബര്‍. രാജ്യസഭാ ചേബര്‍ ദേശീയ പുഷ്പമായ താമരയുടെ മാതൃകയിലും. രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യം പ്രതിനിധീകരിക്കുന്ന രീതിയിലായിരിക്കും പാര്‍ലമെന്റ് ജീവനക്കാരുടെ വേഷം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..