പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ രാജ്യവ്യാപകറെയ്ഡ്; 45 പേർ അറസ്റ്റിൽ, നൂറിലധികം പേർ കസ്റ്റഡിയിൽ


പോപ്പുലർ ഫ്രണ്ടിന്റെ കോഴിക്കോട് മീഞ്ചന്തയിലെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ റെയ്ഡ് കഴിഞ്ഞു മടങ്ങുന്ന എൻ.ഐ.എ. ഉദ്യോഗസ്ഥർ

ന്യൂഡൽഹി: കേരളമടക്കം 15 സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ ദേശീയ അന്വേഷണ ഏജൻസിയും (എൻ.ഐ.എ.) എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇ.ഡി.) സംസ്ഥാന പോലീസും ചേർന്ന് നടത്തിയ റെയ്ഡിൽ സംഘടനയുടെ ദേശീയ നേതാക്കളുൾപ്പെടെ നൂറിലധികം പേർ കസ്റ്റഡിയിൽ. ഇതിൽ 45 പേരെ തീവ്രവാദപ്രവർത്തനങ്ങൾക്ക് ധനസഹായം നൽകിയതും കള്ളപ്പണം വെളുപ്പിച്ചതുമടക്കമുള്ള അഞ്ചു കേസുകളിലായി അറസ്റ്റുചെയ്തു. ഡൽഹിയിലെത്തിച്ച പ്രതികളെ പട്യാല ഹൗസ് കോടതി നാലുദിവസത്തേക്ക് എൻ.ഐ.എ. കസ്റ്റഡിയിൽവിട്ടു.

കേരളത്തിൽനിന്ന് 19 പേർ അറസ്റ്റിലായി. പോപ്പുലർ ഫ്രണ്ട് ദേശീയ ചെയർമാൻ ഒ.എം.എ. സലാം, സെക്രട്ടറി നസറുദ്ദീൻ എളമരം, സംസ്ഥാന പ്രസിഡന്റ് സി.പി. മുഹമ്മദ് ബഷീർ, ഇ. അബൂബക്കർ, പ്രൊഫ. പി. കോയ, കെ.പി. ജസീർ, കെ.പി. ഫഷീർ, ഇ.എം. അബ്ദുൾ റഹിമാൻ, നജുമുദ്ദീൻ, ടി.എസ്. സൈനുദ്ദീൻ, യഹിയ കോയ തങ്ങൾ, കെ. മുഹമ്മദലി, സി.ടി. സുലൈമാൻ, പി.കെ. ഉസ്മാൻ, കരമന അഷറഫ് മൗലവി, സാദിഖ് അഹമ്മദ്, ഷിഹാസ്, പി. അൻസാരി, എം.എം. മുജീബ് എന്നിവരാണവർ. തമിഴ്‌നാട് (11), കർണാടക (7), ആന്ധ്രാപ്രദേശ് (7), രാജസ്ഥാൻ (2), യു.പി., തെലങ്കാന (ഒന്നുവീതം) സംസ്ഥാനങ്ങളിലും അറസ്റ്റുനടന്നു.

നേതാക്കളുടെയും പ്രവർത്തകരുടെയും വീടുകളിലും ഓഫീസുകളിലുമടക്കം 93 കേന്ദ്രങ്ങളിൽനടന്ന റെയ്ഡിൽ നൂറിലധികംപേരെ കസ്റ്റഡിയിലെടുത്തിരുന്നു. കേരളത്തിൽനിന്നാണ് ഏറ്റവും കൂടുതൽ പേർ -22. അറസ്റ്റ് രേഖപ്പെടുത്താത്തവർക്കെതിരേ അന്വേഷണം തുടരുകയാണ്. തീവ്രവാദ പ്രവർത്തനവും കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഡൽഹിയിൽ രജിസ്റ്റർചെയ്ത കേസിന്റെ ഭാഗമായിട്ടാണ് പരിശോധന. നിരോധിത സംഘടനകളിൽ പ്രവർത്തിക്കാനും ആളുകളെ തീവ്രവാദികളാക്കാനും പ്രേരിപ്പിക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്ന കേന്ദ്രങ്ങളിലായിരുന്നു റെയ്‌ഡെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽച്ചേർന്ന ഉന്നതതലസമിതി റെയ്ഡ് വിവരങ്ങൾ അവലോകനം ചെയ്തു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ബല്ല, എൻ.ഐ.എ. ഡയറക്ടർ ജനറൽ ദിൻകർ ഗുപ്ത തുടങ്ങിയ ഉന്നതോദ്യോഗസ്ഥർ സംബന്ധിച്ചു.

കേരളത്തിൽ പുലർച്ചെമുതൽ റെയ്ഡ്, പ്രതിഷേധം

കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ഓഫീസായ മീഞ്ചന്തയിലെ യൂണിറ്റി ഹൗസിലും ദേശീയ നേതാക്കളുടെ വീടുകളിലും കേന്ദ്ര സായുധസേനയുൾപ്പെടെയുള്ള വൻ സന്നാഹങ്ങളോടെ പുലർച്ചെ രണ്ടരയ്ക്കാണ് റെയ്ഡ് തുടങ്ങിയത്. മുൻ ചെയർമാൻ ഇ. അബൂബക്കറെ പുലർച്ചെ നാലുമണിയോടെ കൊടുവള്ളി കരുവൻപൊയിലിലെ വീട്ടിൽനിന്നും ദേശീയ കമ്മിറ്റി അംഗം പ്രൊഫ. പി. കോയയെ കാരന്തൂരിലെ വീട്ടിൽനിന്നും കസ്റ്റഡിയിലെടുത്തു. അബൂബക്കറെ കസ്റ്റഡിയിൽ കൊണ്ടുപോവുന്നതിടെ പ്രവർത്തകർ വാഹനം തടഞ്ഞു. ബലംപ്രയോഗിച്ച് ആളുകളെ നീക്കി. മീഞ്ചന്തയിലും വാക്‌തർക്കമുണ്ടായി.

ദേശീയ കമ്മിറ്റിയുടെ അക്കൗണ്ട്‌സ് മാനേജർ കെ.പി. സഫീറിനെ അത്തോളി കുനിയിൽക്കടവിലെ വീട്ടിൽനിന്ന് അറസ്റ്റുചെയ്തു. കണ്ണൂർ താണയിലെ ജില്ലാ കമ്മിറ്റി ഓഫീസിൽ പുലർച്ചെ നാലിന് വാതിൽ തകർത്താണ് ഉദ്യോഗസ്ഥർ അകത്തുകടന്നത്. കാസർകോട് ജില്ലാ പ്രസിഡന്റ് ഡോ. സി.ടി. സുലൈമാന്റെ വീട്ടിൽ പരിശോധനനടത്തി അദ്ദേഹത്തെ തീവണ്ടിയാത്രയ്ക്കിടയിൽ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് അറസ്റ്റുചെയ്തു.

തിരുവനന്തപുരം പൂന്തുറ, മണക്കാട്, വയനാട് മാനന്തവാടി, കൊല്ലം കരുനാഗപ്പള്ളി, ചന്തമുക്ക്, തൊടുപുഴ, പെരുവന്താനം, ഈരാറ്റുപേട്ട, പത്തനംതിട്ട, അടൂർ, തൃശ്ശൂരിൽ പെരുമ്പിലാവ്, കേച്ചേരി, പാലക്കാട് പട്ടാമ്പി, കരിമ്പുള്ളി തുടങ്ങിയ സ്ഥലങ്ങളിലും റെയ്ഡ് നടന്നു. കംപ്യൂട്ടർ ഹാർഡ് ഡിസ്ക്, മൊബൈൽ ഫോൺ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്. റെയ്‌ഡ് നടന്ന സ്ഥലങ്ങളിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ശക്തമായ പ്രതിഷേധവുമായെത്തി. പലയിടത്തും വാക്‌തർക്കവുമുണ്ടായി.

Content Highlights: NIA, ED arrest over 100 Popular Front leaders in raids across the country

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..