Nirmala Sitharaman | PTI
ന്യൂഡൽഹി: പ്രതിപക്ഷം മുന്നോട്ടുവെച്ച ഭേദഗതികളെല്ലാം ശബ്ദവോട്ടിലൂടെ തള്ളിയും 39 ഔദ്യോഗിക ഭേദഗതികൾ സ്വീകരിച്ചും ധനകാര്യ ബിൽ ലോക്സഭ പാസാക്കി. ഇതോടെ, പുതിയ സാമ്പത്തികവർഷത്തേക്കുള്ള ബജറ്റ് നടപടിക്രമങ്ങൾ പൂർത്തിയായി. കോവിഡ് തകർച്ച സൃഷ്ടിച്ചിട്ടും സമ്പദ് വ്യവസ്ഥ വീണ്ടെടുക്കാൻ പുതിയ നികുതി ഏർപ്പെടുത്താത്ത രാജ്യങ്ങളിൽ ഇന്ത്യയുമുണ്ടെന്ന് ചർച്ചയ്ക്കു മറുപടി പറയവേ ധനമന്ത്രി നിർമലാ സീതാരാമൻ അവകാശപ്പെട്ടു.
‘‘കോവിഡ് പ്രതിസന്ധി അതിജീവിക്കാൻ 32 രാജ്യങ്ങൾ നികുതികൾ വർധിപ്പിച്ചെന്നാണ് ഒ.ഇ.സി.ഡി. (ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോർപ്പറേഷൻ ആൻഡ് ഡവലപ്മെന്റ്) റിപ്പോർട്ട്. നമ്മളാവട്ടെ, നികുതി കൂട്ടുന്നതിനു പകരം സമ്പദ് വ്യവസ്ഥയിൽ ബഹുവിധ ചലനങ്ങൾ സൃഷ്ടിക്കുന്ന തരത്തിൽ കൂടുതൽ നിക്ഷേപം നടത്തി. മൂലധനച്ചെലവ് വർധിപ്പിക്കുകയാണ് ബജറ്റിലെ ലക്ഷ്യം. പകർച്ചവ്യാധി പ്രതിസന്ധിയിലാക്കിയ സമ്പദ്വ്യവസ്ഥ വീണ്ടെടുക്കാൻ പൊതുനിക്ഷേപം തുടരാനായി ബജറ്റിൽ പദ്ധതിച്ചെലവ് 35.4 ശതമാനം വർധിപ്പിച്ചു. നടപ്പുവർഷം 7.3 ലക്ഷം കോടി രൂപയുടെ കോർപ്പറേറ്റ് നികുതി സമാഹരിച്ചു.’’ -ധനമന്ത്രി അറിയിച്ചു.
നികുതിയിൽ സാധാരണക്കാരന്റെ ഭാരം കുറയ്ക്കുന്നതിനെക്കുറിച്ച് കോൺഗ്രസ് ഒരിക്കലും ചിന്തിച്ചിട്ടില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി. ഇന്ദിരാഗാന്ധി ധനമന്ത്രിയായിരിക്കേ 1970-ൽ ആദായനികുതി സർച്ചാർജ് കൂട്ടിയത് ഉദാഹരണമായി ചൂണ്ടിക്കാട്ടി.
ജി.എസ്.ടി: തടവുശിക്ഷ ഗൗരവപ്പെട്ട കുറ്റങ്ങൾക്കു മാത്രം
ജി.എസ്.ടി. ഫയൽ ചെയ്യുന്നതിൽ ഗുരുതരസ്വഭാവമുള്ള കേസുകളിൽ മാത്രമേ തടവുശിക്ഷ വ്യവസ്ഥ ചെയ്തിട്ടുള്ളൂവെന്ന് ധനമന്ത്രി. നികുതി വെട്ടിപ്പ്, ബോധപൂർവം തെളിവുനശിപ്പിക്കൽ, നികുതി വെട്ടിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള തെറ്റായ വിവരങ്ങൾ നൽകൽ
തുടങ്ങിയ പ്രത്യേക കേസുകളിൽ മാത്രമേ സി.ജി.എസ്.ടി.യിലെ 132-ാം വകുപ്പനുസരിച്ച് ശിക്ഷയുള്ളൂ. - ജി.എസ്.ടി. ഫയൽ ചെയ്യുന്നതിലെ പിഴവുകൾക്ക് ആളുകളെ ജയിലിലടയ്ക്കുന്നത് എൻ.സി.പി.യിലെ സുപ്രിയ സുലേ ഉന്നയിച്ചപ്പോഴായിരുന്നു ഈ മറുപടി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..