ബിഹാർ ഒരു തുടക്കമാകുമോ?; 2024-ൽ മോദി-നിതീഷ് പോരിന് വഴിതുറന്നേക്കും


പ്രധാനമന്ത്രി മോദി, നിതീഷ് കുമാർ |ഫോട്ടോ:PTI

ന്യൂഡല്‍ഹി: ബിഹാറിലെ രാഷ്ട്രീയസമവാക്യങ്ങൾ മാറിമറിഞ്ഞതോടെ നിതീഷിന്റെ നോട്ടം വീണ്ടും ദേശീയരാഷ്ട്രീയത്തിലേക്ക്. പടലപ്പിണക്കങ്ങളും ഉൾപ്പാർട്ടി പ്രശ്നങ്ങളും മറികടന്ന് പ്രതിപക്ഷം വീണ്ടും കൈകോർക്കുകയും നിതീഷ് കുമാറിന്റെ നേതൃത്വം അംഗീകരിക്കുകയും ചെയ്താൽ 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മോദി-നിതീഷ് പോരിന് വഴിയൊരുങ്ങും. ബി.ജെ.പി.യെ കേന്ദ്രഭരണത്തിൽനിന്ന് പുറത്താക്കാൻ പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ചുനിൽക്കണമെന്ന് ചൊവ്വാഴ്ച സത്യപ്രതിജ്ഞയ്ക്കുശേഷം നിതീഷ് ആഹ്വാനംചെയ്തത് ദേശീയരാഷ്ട്രീയത്തിലേക്കുള്ള മടങ്ങിവരവിന്റെ സൂചനയാണ്.

എന്നാൽ, നേതൃത്വത്തിന്റെ കടിഞ്ഞാൺ ലക്ഷ്യമിട്ട് കളത്തിലുള്ള നേതാക്കളുടെ നിരയിൽ സമവായമുണ്ടാവുക എളുപ്പമല്ല. പ്രതിപക്ഷത്തെ മുഖ്യപാർട്ടിയായ കോൺഗ്രസിന്റെ നിലപാടും നിർണായകമാണ്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് രണ്ടുവർഷം ബാക്കിനിൽക്കെ ബിഹാറിലെ രാഷ്ട്രീയചലനങ്ങൾ ആത്മവിശ്വാസമേറ്റിയത് പ്രതിപക്ഷ ക്യാമ്പിലാണ്. ദേശീയതലത്തിലെ പ്രതിപക്ഷനേതൃത്വത്തിൽ സോണിയാഗാന്ധി, ശരദ് പവാർ, മമതാ ബാനർജി, കെ. ചന്ദ്രശേഖർ റാവു, അരവിന്ദ് കേജ്‌രിവാൾ തുടങ്ങിയ നേതാക്കളുടെ നിരയിലേക്കാണ് നിതീഷ് കുമാർ എത്തുന്നത്.

ഉത്തർപ്രദേശിനെപ്പോലെ രാഷ്ട്രീയപ്രാധാന്യമുള്ള സംസ്ഥാനമായ ബിഹാറിലെ ജനപിന്തുണയുള്ള നേതാവ് ഒപ്പമെത്തുന്നത് പ്രതിപക്ഷ ക്യാമ്പിന് നേട്ടമാണ്. അതേസമയം, ജനപിന്തുണയുള്ള മുഖ്യമന്ത്രിയെന്ന പരിവേഷമുണ്ടെങ്കിലും ചേരിമാറ്റം പതിവാക്കിയ നേതാവെന്ന പ്രതിച്ഛായ പ്രതിപക്ഷ ക്യാമ്പിൽ നിതീഷിന്റെ സ്വീകാര്യതയ്ക്ക് തിരിച്ചടിയായേക്കും.

2014-ല്‍ അധികാരത്തില്‍ എത്തിയവര്‍ക്ക്2024-നെയോര്‍ത്ത് ആശങ്കപ്പെടേണ്ടിവരും; മോദിക്കുനേരേഒളിയമ്പെയ്ത് നിതീഷ്

പട്‌ന: 2014-ല്‍ ജയിച്ചെങ്കിലും അവര്‍ക്ക് 2024-നെക്കുറിച്ചോര്‍ത്ത് ആശങ്കപ്പെടേണ്ടിവരുമെന്ന്, സത്യപ്രതിജ്ഞയ്ക്കുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ ഒളിയമ്പെയ്ത് നിതീഷ് കുമാര്‍ പറഞ്ഞു. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിനുമുമ്പ് പ്രതിപക്ഷം ഒന്നിക്കണമെന്നും നിതീഷ് പറഞ്ഞു. പ്രധാനമന്ത്രിപദത്തിലേക്ക് മത്സരിക്കുമോ എന്ന ചോദ്യത്തിന് അത്തരം പദവികളിലേക്ക് ഇല്ലെന്നായിരുന്നു മറുപടി. പുതിയ സര്‍ക്കാര്‍ കാലാവധി തികയ്ക്കില്ലെന്ന ബി.ജെ.പി.യുടെ അവകാശവാദം തള്ളിയ അദ്ദേഹം 2015-ലെ നിയമസഭാതിരഞ്ഞെടുപ്പിന്റെ സമയത്തെ സ്ഥിതിയിലേക്ക് ബി.ജെ.പി.ക്ക് തിരിച്ചുപോകേണ്ടിവരുമെന്ന് പറഞ്ഞു. 243 മണ്ഡലങ്ങളില്‍ ആകെ അന്‍പതില്‍താഴെ സീറ്റുമാത്രമായിരുന്നു അന്ന് ബി.ജെ.പി.ക്ക് കിട്ടിയത്.

തൊഴിലില്ലായ്മയോടാകും പോരാട്ടമെന്ന് സ്ഥാനമേറ്റശേഷം തേജസ്വി യാദവ് പറഞ്ഞു. പാവപ്പെട്ടവര്‍ക്കും യുവാക്കള്‍ക്കും ഒരുമാസത്തിനുള്ളില്‍ തൊഴിലവസരം നല്‍കും. മഹാസഖ്യം സുദൃഢമാണ്. നിയമസഭയില്‍ പ്രതിപക്ഷത്ത് ബി.ജെ.പി.മാത്രമാണുള്ളത്. പ്രാദേശികപാര്‍ട്ടികളെ ഇല്ലാതാക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നതെന്നും തേജസ്വി പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായും ആര്‍.ജെ.ഡി. നേതാവ് ലാലുപ്രസാദ് യാദവുമായും നിതീഷ് കുമാര്‍ ഫോണില്‍ സംസാരിച്ച് പിന്തുണയ്ക്ക് നന്ദിയറിയിച്ചു. 2017 മുതല്‍ ബി.ജെ.പി.ക്കൊപ്പമായിരുന്നെങ്കിലും നിതീഷ് കുമാര്‍ എല്ലായ്പ്പോഴും അസ്വസ്ഥനായിരുന്നെന്ന് മുന്‍ ജെ.ഡി.യു. നേതാവും തിരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോര്‍ പറഞ്ഞു.

അന്വേഷണ ഏജന്‍സികളെ പേടിയില്ല

ന്യൂഡല്‍ഹി: ഇ.ഡി.യെയും സി.ബി.ഐ.യെയും പോലുള്ള കേന്ദ്രസര്‍ക്കാരിന്റെ അന്വേഷണ ഏജന്‍സികളെ പേടിയില്ലെന്ന് ജെ.ഡി.യു. ദേശീയാധ്യക്ഷന്‍ രാജീവ് രഞ്ജന്‍ പറഞ്ഞു. സഖ്യത്തിലായിരുന്നിട്ടും അരുണാചല്‍ പ്രദേശില്‍ തങ്ങളുടെ എം.എല്‍.എ.മാരെ ചാക്കിട്ട ബി.ജെ.പി.യാണ് ഇപ്പോള്‍ ചതിയെക്കുറിച്ചും മുന്നണിമര്യാദയെക്കുറിച്ചും പറയുന്നതെന്ന് അദ്ദേഹം പരിഹസിച്ചു.

അവർ പറയുന്നു:

ജെ.ഡി.യു. പാർലമെന്ററി ബോർഡ് ദേശീയ അധ്യക്ഷൻ ഉപേന്ദ്ര കുശ്വാഹ: ജെ.ഡി.യു. ഒരു അവകാശവാദവും ഇപ്പോൾ ഉയർത്തുന്നില്ല. പ്രധാനമന്ത്രിയാകാൻ എല്ലാ മേന്മകളും നിതീഷിനുണ്ട്.

ശരദ് യാദവ്: 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നിതീഷ് കുമാർ പ്രധാനമന്ത്രിസ്ഥാനാർഥിയായിരിക്കും.

ശിവസേനാ നേതാവ് പ്രിയങ്കാ ചതുർവേദി :നിതീഷിന്റെ രാഷ്ട്രീയജീവിതം കറപുരളാത്തതാണ്. എന്നാൽ, അടിക്കടി മനസ്സുമാറ്റുന്ന ശീലക്കാരനാണ്. ഇതായിരിക്കും അദ്ദേഹത്തിനെതിരായ ഒരു ഘടകം.

എൻ.സി.പി. നേതാവ് മജീദ് മേമൻ: നിതീഷ് കുമാറിന്റെ അടിക്കടിയുള്ള ചാഞ്ചാട്ടം ജനങ്ങൾ എങ്ങനെ സ്വീകരിക്കും എന്നത് വിഷയമാണ്. പ്രാദേശിക രാഷ്ട്രീയത്തിൽ അത് വലിയ വിഷയമല്ല. ദേശീയരാഷ്ട്രീയത്തിൽ അത് വിഷയമാണ്.

തേജസ്വി യാദവ്:ഇന്ത്യയിലെ എറ്റവും പരിചയസമ്പന്നനായ മുഖ്യമന്ത്രിയാണ് നിതീഷ് കുമാർ.

ആർ.സി.പി. സിങ്‌: നിതീഷ് ഒരിക്കലും പ്രധാനമന്ത്രിയാകില്ല.

Content Highlights: Nitish Kumar's 2024 Challenge To PM Modi After Taking Oath In Bihar

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..