അധികാരത്തിലേറി, മഹാസഖ്യം; മുഖ്യമന്ത്രി നിതീഷിന് ഇനി ‘മഹാദൗത്യം’


1 min read
Read later
Print
Share

ഒന്നിച്ചിരിക്കാം: ബിഹാർ തലസ്ഥാനമായ പട്നയിൽ രാജ്‌ഭവനിൽ സത്യപ്രതിജ്ഞയ്ക്ക്ശേഷം മുഖ്യമന്ത്രി നിതീഷ്‌കുമാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെ ഇരിപ്പിടത്തിലേക്ക് ക്ഷണിക്കുന്നു | Photo: Print

ന്യൂഡല്‍ഹി : എന്നും രാഷ്ട്രീയപരീക്ഷണങ്ങളുടെ തട്ടകമായ ബിഹാറിൽ എൻ.ഡി.എ. സർക്കാർ മാറി മഹാസഖ്യം അധികാരത്തിലേറി. മുഖ്യമന്ത്രിയായി ജെ.ഡി.യു. നേതാവ് നിതീഷ് കുമാറും ഉപമുഖ്യമന്ത്രിയായി ആർ.ജെ.ഡി. നേതാവ് തേജസ്വി യാദവും സത്യപ്രതിജ്ഞചെയ്തു. തലസ്ഥാനമായ പട്‌നയിൽ രാജ്ഭവനിൽ ബുധനാഴ്ച നടന്ന ലളിതമായ ചടങ്ങിൽ ഗവർണർ ഫഗു ചൗഹാൻ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. 2014-ൽ അധികാരത്തിലെത്തിയവർക്ക് 2024-നെയോർത്ത് ആശങ്കപ്പെടേണ്ടിവരുമെന്ന് സത്യപ്രതിജ്ഞയ്ക്കുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരോക്ഷമായി സൂചിപ്പിച്ച് നിതീഷ് കുമാർ പറഞ്ഞു. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പ് പ്രതിപക്ഷം ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജെ.ഡി.യു. (45), ആർ.ജെ.ഡി. (79), കോൺഗ്രസ് (19), ഇടതുപാർട്ടികൾ (16), എച്ച്.എ.എം. (എസ്) (4) എന്നീ പാർട്ടികളാണ് മഹാസഖ്യത്തിലുള്ളത്. ഒരു സ്വതന്ത്രനടക്കം 164 എം.എൽ.എ.മാരുടെ പിന്തുണയുണ്ടെന്നാണ് സഖ്യത്തിന്റെ അവകാശവാദം. 243 അംഗ നിയമസഭയിൽ 122 സീറ്റാണ് കേവലഭൂരിപക്ഷത്തിനുവേണ്ടത്. ആർ.ജെ.ഡി. കഴിഞ്ഞാൽ രണ്ടാമത്തെ വലിയ കക്ഷിയായ ബി.ജെ.പി. (77) ഇനി പ്രതിപക്ഷത്താകും.

മന്ത്രിസഭാ വിപുലീകരണം പിന്നീട്

മഹാസഖ്യത്തിൽ വകുപ്പുവിഭജനത്തിനായി ചർച്ചകൾ പുരോഗമിക്കുകയാണ്. സഖ്യത്തിലെ പ്രധാന കക്ഷികളായ ജെ.ഡി.യു.വിന്റെയും ആർ.ജെ.ഡി.യുടെയും കോൺഗ്രസിന്റെയും പ്രതിനിധികളെ ചേർത്ത് നാല്പതോളം അംഗങ്ങളുള്ള മന്ത്രിസഭയാകും ഉണ്ടാവുകയെന്നാണ് സൂചന. അംഗബലം കൂടുതലുള്ള ആർ.ജെ.ഡി.ക്കാകും കൂടുതൽ മന്ത്രിമാർ. ആർ.ജെ.ഡി.ക്ക് 16, ജെ.ഡി.യു. 13, കോൺഗ്രസ് നാല് എന്നിങ്ങനെ മന്ത്രിപദവികളിൽ ഏകദേശ ധാരണയായി. മുൻ മുഖ്യമന്ത്രി ജിതൻ റാം മാഞ്ചിയുടെ എച്ച്.എ.എം. സെക്കുലറിന് ഒരു മന്ത്രിസ്ഥാനം നൽകിയേക്കും. ഇടതുപാർട്ടികൾ മന്ത്രിസഭയിലേക്കില്ലെന്നും പുറത്തുനിന്ന് പിന്തുണ നൽകാമെന്നും അറിയിച്ചതായാണ് വിവരം. മുൻ സർക്കാരിൽ മന്ത്രിയായിരുന്നവരെത്തന്നെയാകും ജെ.ഡി.യു. പുതിയ മന്ത്രിസഭയിലുമുൾപ്പെടുത്തുക. ബി.ജെ.പി. കൈകാര്യംചെയ്ത വകുപ്പുകൾ ആർ.ജെ.ഡി.ക്ക് നൽകിയേക്കും. സുപ്രധാനമായ ആഭ്യന്തരവകുപ്പിനെച്ചൊല്ലി ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും നിതീഷ് കുമാർതന്നെ വകുപ്പ് കൈകാര്യംചെയ്യാനാണ് സാധ്യത. സ്പീക്കർ പദവിയിലും ചർച്ചകൾ പുരോഗമിക്കുകയാണ്.

സത്യപ്രതിജ്ഞ നടക്കുമ്പോൾ രാജ്ഭവനുപുറത്ത് പാർട്ടിപ്രവർത്തകർ ആഘോഷലഹരിയിലായിരുന്നു. വാദ്യമേളങ്ങൾക്കൊപ്പം പ്രവർത്തകർ ആനന്ദച്ചുവടുവെച്ചു. മധുരപലഹാരങ്ങളും വിതരണം ചെയ്തു.

Content Highlights: Nitish Kumar takes oath as Bihar CM for 8th time

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..