ബിഹാർ ഭരിക്കാൻ വീണ്ടും മഹാസഖ്യം; നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി തുടരും


2 min read
Read later
Print
Share

ബി.ജെ.പി. ബന്ധമുപേക്ഷിച്ച് ജെ.ഡി.യു. തേജസ്വി യാദവ് ഉപമുഖ്യമന്ത്രി സത്യപ്രതിജ്ഞ ഇന്ന്

ബിഹാർ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചശേഷം നിതീഷ് കുമാർ മുൻമുഖ്യമന്ത്രിമാരായ ലാലുപ്രസാദ് യാദവിന്റെയും റാബ്രിദേവിയുടെയും പട്നയിലെ വീട്ടിലെത്തിയപ്പോൾ. ലാലുവിന്റെയും റാബ്രിയുടെയും മൂത്തമകനും മുൻമന്ത്രിയുമായ തേജ് പ്രതാപ് യാദവും ഇളയമകനും പ്രതിപക്ഷനേതാവുമായ തേജസ്വി യാദവും ചേർന്ന്‌ സ്വീകരിച്ച്‌ ആനയിക്കുന്നു

ന്യൂഡല്‍ഹി : എന്‍.ഡി.എ. സഖ്യം തകര്‍ത്ത് ബിഹാറില്‍ മഹാസഖ്യം അധികാരത്തിലേക്ക്. സംഭവബഹുലമായ പകലിനൊടുവില്‍ ബിഹാര്‍ രാഷ്ട്രീയം കലങ്ങിത്തെളിഞ്ഞപ്പോള്‍ അധികാരത്തിലിരുന്ന ബി.ജെ.പി. പ്രതിപക്ഷത്തായി. ആര്‍.ജെ.ഡി.യുമായി ചേര്‍ന്നുള്ള പുതിയ സര്‍ക്കാരില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി തുടരും. തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും. ആഭ്യന്തരവും ആര്‍.ജെ.ഡി. കൈവശംവെക്കും. സ്പീക്കര്‍സ്ഥാനം കോണ്‍ഗ്രസിനു നല്‍കിയേക്കും. പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞചെയ്യും.

എന്‍.ഡി.എ. സഖ്യമുപേക്ഷിക്കാന്‍ തീരുമാനിച്ചതായി പ്രഖ്യാപിച്ച മുഖ്യമന്ത്രി നിതീഷ് കുമാര്‍ ചൊവ്വാഴ്ച വൈകീട്ട് നാലോടെ ഗവര്‍ണര്‍ ഫഗു ചൗഹാനെ സന്ദര്‍ശിച്ച് രാജിക്കത്തുനല്‍കി. അവിടെനിന്നു നേരെ പ്രതിപക്ഷമഹാസഖ്യത്തിന്റെ ക്യാമ്പായ മുന്‍ മുഖ്യമന്ത്രി റാബ്രി ദേവിയുടെ വീട്ടിലേക്കുപോയ നിതീഷ് ആര്‍.ജെ.ഡി. നേതാവ് തേജസ്വി യാദവിനെയും കോണ്‍ഗ്രസ്, ഇടതുനേതാക്കളെയും കണ്ടു. മഹാസഖ്യത്തിന്റെ നേതാക്കള്‍ക്കൊപ്പം നിതീഷ് വീണ്ടും ഗവര്‍ണറുടെ വസതിയിലെത്തി പുതിയ സര്‍ക്കാരുണ്ടാക്കാന്‍ സന്നദ്ധതയറിയിച്ചു. തേജസ്വിയും മുതിര്‍ന്ന ജെ.ഡി.യു. നേതാക്കളും മുന്‍ മുഖ്യമന്ത്രിയും എച്ച്.എ.എം.(എസ്.) നേതാവുമായ ജിതന്‍ റാം മാഞ്ചിയും ഒപ്പമുണ്ടായിരുന്നു. എന്‍.ഡി.എ. സഖ്യത്തിലായിരുന്ന എച്ച്.എ.എം.(എസ്.) നിതീഷിനൊപ്പം മഹാസഖ്യത്തിലേക്കുപോന്നു. 164 എം.എല്‍.എ.മാരുടെ പിന്തുണയുണ്ടെന്ന് സംഘം ഗവര്‍ണര്‍ക്ക് കത്തുനല്‍കി. എം.എല്‍.എ.മാരുടെ പേരുവിവരങ്ങളും സമര്‍പ്പിച്ചു. 242 അംഗ നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് 122 സീറ്റാണ് വേണ്ടത്.

മുന്‍കൂട്ടി നിശ്ചയിച്ച തിരക്കഥ

ചൊവ്വാഴ്ച എം.പി.മാരുടെയും എം.എല്‍.എ.മാരുടെയും യോഗം വിളിച്ചാണ് എന്‍.ഡി.എ. സഖ്യമുപേക്ഷിക്കുന്ന വിവരം ജെ.ഡി.യു. പ്രഖ്യാപിച്ചത്. ബി.ജെ.പി. പിന്നില്‍നിന്നു കുത്തുന്നതായി യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. സഖ്യം അവസാനിച്ചേക്കുമെന്ന് കഴിഞ്ഞദിവസങ്ങളില്‍ത്തന്നെ സൂചനയുണ്ടായിരുന്നു. എന്നാല്‍, ഒന്നും അത്ര പെട്ടെന്നെടുത്ത തീരുമാനമല്ലെന്ന് നിതീഷിന്റെ നീക്കങ്ങളില്‍നിന്ന് വ്യക്തമാണ്. എന്‍.ഡി.എ.യുടെ മുഖ്യമന്ത്രിസ്ഥാനത്തുനിന്നു രാജിസമര്‍പ്പിച്ചശേഷം പ്രതിപക്ഷ ക്യാമ്പിലേക്കുള്ള വരവും നേതാക്കള്‍ക്കൊപ്പം തിരിച്ച്‌ രാജ്ഭവനിലെത്തി സര്‍ക്കാരുണ്ടാക്കാന്‍ കത്തുനല്‍കിയതുമെല്ലാം മുന്നേ തയ്യാറാക്കിയ തിരക്കഥപോലെ നടന്നു. ജെ.ഡി.യു.വിനെപ്പോലെ ആര്‍.ജെ.ഡി.യും ചൊവ്വാഴ്ച എം.എല്‍.എ.മാരുടെയും എം.പി.മാരുടെയും യോഗം വിളിച്ചിരുന്നു. മഹാസഖ്യത്തിലെ പാര്‍ട്ടി നേതാക്കളെല്ലാം തലസ്ഥാനമായ പട്‌നയിലെത്തി. റാബ്രി ദേവിയുടെ വീടിനെ കേന്ദ്രീകരിച്ചായിരുന്നു രാഷ്ട്രീയ പടയൊരുക്കം.

മഹാസഖ്യത്തിന് ഏഴു പാര്‍ട്ടികളുടെ പിന്തുണയുണ്ടെന്ന് ഗവര്‍ണറെ കണ്ടശേഷം നിതീഷ് കുമാര്‍ പറഞ്ഞു. എന്‍.ഡി.എ. സഖ്യം വിടാന്‍ ഐകകണ്ഠ്യേനയാണ് തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഏറ്റവുമധികം അനുഭവസമ്പത്തുള്ള മുഖ്യമന്ത്രിയാണ് നിതീഷെന്ന് തേജസ്വി യാദവ് പറഞ്ഞു. ഹിന്ദി ഹൃദയഭൂമിയില്‍ ബി.ജെ.പി.ക്ക് സഖ്യകക്ഷികളില്ല. ഏതെങ്കിലും പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കിയാല്‍ അവരെ ബി.ജെ.പി. നശിപ്പിക്കുന്നുവെന്നാണ് ചരിത്രം പറയുന്നത്. പഞ്ചാബിലും മഹാരാഷ്ട്രയിലും നമ്മളതു കണ്ടതാണെന്നും തേജസ്വി പറഞ്ഞു.

ബി.ജെ.പി.യും ജെ.ഡി.യു.വും തമ്മിലുള്ള ചേരിപ്പോരില്‍ സംസ്ഥാനത്തെ എന്‍.ഡി.എ. സഖ്യം കുറച്ചായി പുകഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. പാര്‍ട്ടിയെ പിളര്‍ത്താന്‍ ബി.ജെ.പി. ശ്രമിക്കുന്നെന്നായിരുന്നു ജെ.ഡി.യു.വിന്റെ ആരോപണം. രണ്ടാം മോദിസര്‍ക്കാരില്‍ ജെ.ഡി.യു.വിന്റെ മന്ത്രിയായിരുന്ന ആര്‍.സി.പി. സിങ്ങിന് കാലാവധി നീട്ടിനല്‍കാതിരുന്നത് ഈ അസ്വാരസ്യങ്ങളുടെ തുടര്‍ച്ചയായാണ്. കേന്ദ്രസര്‍ക്കാരുമായും ജെ.ഡി.യു. നിസ്സഹകരണത്തിലായിരുന്നു. ഒരുമാസത്തിനിടെ കേന്ദ്രസര്‍ക്കാര്‍ വിളിച്ച നാലു യോഗങ്ങളില്‍നിന്നാണ് നിതീഷ് കുമാര്‍ വിട്ടുനിന്നത്.

Content Highlights: Nitish Kumar to take oath as Bihar CM tomorrow Tejashwi Yadav to be his deputy

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..