Nitish Kumar | Photo: PTI
പ്രധാനമന്ത്രിയാകണമെന്ന് താൻ ആലോചിക്കുന്നില്ലെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിസ്ഥാനാർഥിയായേക്കുമെന്ന അഭ്യൂഹങ്ങളോട് കൈകൂപ്പിയാണ് നിതീഷ് പ്രതികരിച്ചത്. ‘‘ഈ കൂപ്പുകൈയോടെ പറയട്ടെ, എനിക്ക് അത്തരം ആലോചനകളില്ല. അത്തരം മോഹങ്ങളില്ലെന്ന് പലതവണ പറഞ്ഞിട്ടുള്ളതാണ്. ദയവായി ഇത്തരം ചോദ്യങ്ങൾ ചോദിക്കാതിരിക്കൂ’’ -നിതീഷ് പറഞ്ഞു. ദേശീയതലത്തിൽ എല്ലാ പ്രതിപക്ഷപാർട്ടികളെയും ഒന്നിപ്പിക്കാൻ പരിശ്രമിക്കും. അത് സാധ്യമായാൽ ഗുണമുണ്ടാകും. ഐക്യം ആവശ്യമാണ്. അതിനാണ് ഞാൻ ജോലിചെയ്യുന്നതും. ഒരുപാട് ഫോൺകോളുകൾ വരുന്നുണ്ട്. എന്നാൽ, ആദ്യം ബിഹാറിലെ ജോലികൾ ചെയ്യേണ്ടതുണ്ടെന്നും നിതീഷ് പറഞ്ഞു.
എൻ.ഡി.എ.വിട്ട് മഹാസഖ്യത്തിന്റെ ഭാഗമായതോടെയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നിതീഷ് പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയായേക്കുമെന്ന അഭ്യൂഹം പ്രചരിച്ചത്. വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്ത നിതീഷ്, 2014-ൽ അധികാരത്തിൽ വന്നവർക്ക് 2024-നെയോർത്ത് ആശങ്കപ്പെടേണ്ടിവരുമെന്ന് പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് അദ്ദേഹം പ്രധാനമന്ത്രി സ്ഥാനാർഥിയായി രംഗത്തുണ്ടാകുമെന്ന പ്രചാരണം ശക്തിപ്പെട്ടത്.
സ്വാതന്ത്ര്യദിനത്തിനുശേഷം ബിഹാറിൽ മന്ത്രിസഭാവിപുലീകരണം ഉണ്ടാകുമെന്നാണ് വിവരം. ഈമാസം 24-നാണ് സർക്കാരിന്റെ വിശ്വാസവോട്ടെടുപ്പ്.
അതേസമയം, ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ഡൽഹിയിൽ പ്രതിപക്ഷനേതാക്കളുമായി കൂടിക്കാഴ്ച നടത്തി. മന്ത്രിസഭാവിപുലീകരണംകൂടി മനസ്സിൽക്കണ്ടുള്ള വരവിൽ കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ തേജസ്വി വസതിയിൽ സന്ദർശിച്ചു. സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ. ജനറൽ സെക്രട്ടറി ഡി. രാജ എന്നിവരുമായും ചർച്ച നടത്തി.
Content Highlights: No desire to become Prime Minister says Nitish Kumar
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..