കെജ്‌രിവാളിന്റെ അത്താഴവിരുന്ന്: 7 മുഖ്യമന്ത്രിമാരെ ക്ഷണിച്ചു, കേരളത്തില്‍നിന്നടക്കം ആരും എത്തിയില്ല


1 min read
Read later
Print
Share

*ക്ഷണിച്ചത് ഏഴ്‌ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ

അരവിന്ദ് കെജ്‌രിവാൾ| Photo: ANI

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ദേശീയതലത്തിൽ പ്രതിപക്ഷഐക്യം എന്ന ലക്ഷ്യവുമായി ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി ദേശീയകൺവീനറുമായ അരവിന്ദ് കെജ്‍രിവാൾ സംഘടിപ്പിച്ച തീൻമേശച്ചർച്ചയ്ക്ക് തണുത്ത പ്രതികരണം. ബി.ജെ.പി.യും കോൺഗ്രസും ഒഴികെയുള്ള പാർട്ടികൾ ഭരിക്കുന്ന ഏഴ്‌ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയാണ് കഴിഞ്ഞ 18-ന് അത്താഴവിരുന്നിന് ക്ഷണിച്ചത്. എന്നാൽ, കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽനിന്ന് ആരും എത്തിയില്ല.

ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ മൂന്നാംമുന്നണിക്ക് അരങ്ങൊരുക്കുകയെന്ന കെജ്‍രിവാളിന്റെ സ്വപ്നങ്ങൾക്ക് ഇത് വലിയ തിരിച്ചടിയായി. ജി-8 എന്ന പേരിൽ ‘പുരോഗമന മുഖ്യമന്ത്രി’മാരുടെ സംഘത്തിന് രൂപം നൽകുകയായിരുന്നു ലക്ഷ്യം. അത്താഴവിരുന്നും തുടർന്ന് ചർച്ചയും അടുത്തദിവസം വാർത്താസമ്മേളനവുമാണ് ഉദ്ദേശിച്ചിരുന്നത്. പശ്ചിമബംഗാൾ, ബിഹാർ, തെലങ്കാന, കേരളം, തമിഴ്നാട്, ഝാർഖണ്ഡ്, പഞ്ചാബ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കാണ് കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് ക്ഷണക്കത്തു നൽകിയത്. ഡൽഹി കപൂർത്തല ഹൗസിലാണ് വിരുന്ന് നിശ്ചയിച്ചിരുന്നത്.

‘പ്രോഗ്രസീവ് ചീഫ് മിനിസ്റ്റേഴ്‌സ് ഗ്രൂപ്പ് ഓഫ് ഇന്ത്യ അഥവാ ജി-8 സമാരംഭത്തിനായി ഡൽഹിയിൽ സമ്മേളിക്കുന്നു. അന്തഃസംസ്ഥാന സഹകരണത്തിന്റെ പുതുയുഗത്തിന് ഇതുവഴി തുടക്കംകുറിക്കാം’ -കെജ്‍രിവാൾ ക്ഷണക്കത്തിൽ പറഞ്ഞു.

എന്നാൽ, ഈ നിർദേശത്തോട് ആരും അനുകൂലമായല്ല പ്രതികരിച്ചത്. ദേശീയതലത്തിൽ പ്രതിപക്ഷസഖ്യത്തിനില്ലെന്നും സ്വന്തം നിലയ്ക്കു മത്സരിക്കുമെന്നുമാണ് പശ്ചിമബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമതാ ബാനർജിയുടെ പ്രഖ്യാപനം. സാഗർദീഘി ഉപതിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയാണ് മമതയെ പ്രകോപിപ്പിച്ചത്. പ്രാദേശികകക്ഷികളുമായി സഖ്യത്തിനാണ് മമതയുടെ ഇപ്പോഴത്തെ ശ്രമം.

ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അത്താഴവിരുന്നിനുണ്ടാവില്ലെന്ന് തെലങ്കാന മുഖ്യമന്ത്രിയും ബി.ആർ.എസ്. നേതാവുമായ ചന്ദ്രശേഖർ റാവു കെജ്‍രിവാളിനെ അറിയിച്ചിരുന്നു. പാർട്ടിയുടെ പേര് തെലങ്കാന രാഷ്ട്രസമിതി എന്നത് ഭാരത് രാഷ്ട്രസമിതിയാക്കി ദേശീയതലത്തിൽ ചുവടുറപ്പിക്കാനുള്ള റാവുവിന്റെ നീക്കങ്ങൾ വേണ്ടവിധത്തിൽ ഏശിയിട്ടില്ല. മമത, നിതീഷ് കുമാർ, ദേവഗൗഡ തുടങ്ങിയ നേതാക്കളുമായി ചർച്ച നടത്തിയിരുന്നെങ്കിലും കാര്യമായ ഫലം കണ്ടില്ല.

ബിഹാർ മുഖ്യമന്ത്രിയും ജെ.ഡി-യു അധ്യക്ഷനുമായ നിതീഷ്‍കുമാർ നേരത്തേ കെജ്‍രിവാളുമായി ചർച്ച നടത്തിയിരുന്നെങ്കിലും ധാരണയുണ്ടാക്കാനായിട്ടില്ല. ബിഹാറിൽ കോൺഗ്രസുമായി സഖ്യത്തിലായതുതന്നെയാകണം നിതീഷിനെ പിന്നാക്കം വലിക്കുന്നത്.

അത്താഴവിരുന്നു നീക്കം പാളിയതിനെക്കുറിച്ച് കെജ്‍രിവാളോ എ.എ.പി.യോ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

Content Highlights: No one came to Kejriwal's dinner party

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..