മോർച്ചറിയിൽ മകനെ തേടി ഒരച്ഛൻ: കണ്ടത് ജീവനുള്ള മകനെ


1 min read
Read later
Print
Share

പ്രതീകാത്മകചിത്രം | PTI

കൊൽക്കത്ത: ഒഡിഷ തീവണ്ടിയപകടത്തിൽ കാണാതായ മകൻ ബിശ്വജിത്തിനെ തിരഞ്ഞ് കൊൽക്കത്തയിൽ നിന്ന് ബാലസോറിലെത്തിയതായിരുന്നു ഹൗറ സ്വദേശിയായ ഹേലാറാം. മകൻ ജീവിച്ചിരിക്കുന്നുവോ മരിച്ചോ എന്നറിയാതെയാണ് അയാൾ കിലോമീറ്ററുകൾ താണ്ടി ദുരന്തഭൂമിയിലെത്തിയത്. ഒടുവിൽ മോർച്ചറിയിലെ മൃതദേഹങ്ങൾക്കിടയിൽനിന്ന് ആ അച്ഛൻ കണ്ടെത്തി, ജീവൻ തുടിക്കുന്ന മകനെ.

അപകടവിവരം ടി.വി.യിലറിഞ്ഞ ഹേലാറാം മകനെ ഫോണിൽ ബന്ധപ്പെട്ടു. കൃത്യമായി മറുപടി ലഭിച്ചില്ല. ഒടുവിൽ മറ്റൊന്നുമാലോചിക്കാതെ ഭാര്യയുടെ സഹോദരനൊപ്പം ആംബുലൻസുമായി ബാലസോറിലേക്ക് പുറപ്പെട്ടു. എല്ലാ ആശുപത്രികളും കയറിയിറങ്ങിയെങ്കിലും ബിശ്വജിത്തിനെ കണ്ടെത്താനായില്ല. ഒടുവിൽ ബഹനാഗ ഹൈസ്കൂളിൽ ഒരുക്കിയ താത്കാലിക മോർച്ചറിയിലെത്തി. അവിടെ മകനെ കണ്ടെത്തി.

പ്രതികരിക്കുന്നില്ലെങ്കിലും മകന് ജീവനുണ്ടെന്ന് മനസ്സിലായതോടെ അയാൾ ഒരുനിമിഷം പോലും വൈകിക്കാതെ അവനെയും കൊണ്ട് ആശുപത്രിയിലേക്ക് കുതിച്ചു. കൈക്കും കാലിനും പരിക്കേറ്റ ബിശ്വജിത്തിന് സംസാരിക്കാനും കഴിയുന്നുണ്ടായിരുന്നില്ല. കൊൽക്കത്തയിലെ ആശുപത്രിയിൽ വിദഗ്ധ ചികിത്സയിലാണിപ്പോൾ ബിശ്വജിത്ത്.

‘‘അവൻ മരിച്ചുവെന്ന് വിശ്വസിക്കാൻ ഞാൻ തയ്യാറായിരുന്നില്ല. അവനായി ഞാൻ തിരഞ്ഞുകൊണ്ടേയിരുന്നു. ദൈവത്തിന് നന്ദി.’’ - ഹേലാറാം പറഞ്ഞു.

ഇതു തന്റെ പുതിയ ജീവിതമാണെന്നും അച്ഛനോട് താൻ കടപ്പെട്ടിരിക്കുന്നുവെന്നും ആശുപത്രി കിടക്കയിൽനിന്ന് ബിശ്വജിത്ത് പറഞ്ഞു. കോറമാണ്ഡൽ എക്സ്‌പ്രസിലായിരുന്നു ബിശ്വജിത്ത്. തിങ്കളാഴ്ച പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ബിശ്വജിത്തിനെ സന്ദർശിച്ചു.

Content Highlights: Odisha train accident Biswajith

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..