നികുതി കുറച്ചതിനിടെ ആരുമറിയാതെ പെട്രോൾവില കൂട്ടി കമ്പനികൾ


2 min read
Read later
Print
Share

സംസ്ഥാന വാറ്റ് പെട്രോളിന് 15.71 രൂപയും ഡീസലിന് 13.11 രൂപയും വരും.

Photo: ANI

മുംബൈ: നികുതി കുറച്ചതിനിടെ ആരുമറിയാതെ പെട്രോളിന് 80 പൈസ വർധിപ്പിച്ച് പെട്രോളിയം വിതരണ കമ്പനികൾ. എന്നാൽ, വിലവർധന സംബന്ധിച്ച് ഇന്ത്യൻ ഓയിൽ കോർപ്പറേഷനും ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷനും വിശദീകരണം നൽകാൻ തയ്യാറായിട്ടില്ല.

നികുതി ഇളവുവരുത്തുന്നതിനു മുമ്പും അതിനുശേഷവും പമ്പിൽ ലഭിക്കുന്ന പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറവിലയുടെ ഘടന സംബന്ധിച്ച ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ കണക്കിൽനിന്നാണ് വിലവർധനയുടെ കാര്യം വ്യക്തമാകുന്നത്. നികുതിയിളവ് കൊണ്ടുവരുന്നതിനുമുമ്പ് മേയ് 16-നുള്ള കണക്കുപ്രകാരം പെട്രോളിന് 56.33 രൂപയും ഡീസലിന് 57.94 രൂപയുമായിരുന്നു ഡൽഹിയിലെ അടിസ്ഥാന വില. എക്സൈസ് തീരുവ 27.90 രൂപയും ഡീസലിന് 21.80 രൂപയുമായിരുന്നു. സംസ്ഥാന വാറ്റ് യഥാക്രമം 17.13 രൂപയും 14.12 രൂപയുമാണ്. ഇനി 22-ലെ കണക്കു നോക്കാം. പെട്രോളിന് 57.13 രൂപയും ഡീസലിന് 57.92 രൂപയുമായിരുന്നു അടിസ്ഥാന വില. എക്സൈസ് തീരുവ 19.90 രൂപയും 15.80 രൂപയുമാണ്. സംസ്ഥാന വാറ്റ് പെട്രോളിന് 15.71 രൂപയും ഡീസലിന് 13.11 രൂപയും വരും.

ഇവ തമ്മിലുള്ള വ്യത്യാസം കണക്കാക്കുമ്പോൾ പെട്രോളിന്റെ അടിസ്ഥാനവിലയിൽ 80 പൈസയുടെ വർധനയുണ്ടെന്ന് വ്യക്തമാകുന്നു. എക്സൈസ് തീരുവയിൽ എട്ടുരൂപയുടെയും സംസ്ഥാന വാറ്റിൽ 1.42 രൂപയുടെയും കുറവുണ്ടാകും. ഡീലർ കമ്മിഷൻ ഏഴു പൈസ വർധിച്ചു. ഡൽഹിയിൽ പെട്രോളിന് 8.69 രൂപയുടെ കുറവാണ് പിറ്റേന്നുണ്ടായത്. എക്സൈസ് തീരുവയും സംസ്ഥാന വാറ്റുമടക്കം 9.42 രൂപ കുറയേണ്ട സ്ഥാനത്താണിത്.

അതേസമയം, ഡീസൽ വിലയിൽ രണ്ടുപൈസ കുറയ്ക്കുകയാണ് ചെയ്തത്. എക്സൈസ് തീരുവയിൽ ആറു രൂപയുടെയും സംസ്ഥാന വാറ്റിൽ 1.01 രൂപയുടെയും കുറവുവന്നു. ഡീലർ കമ്മിഷനിൽ രണ്ടുപൈസയുടെ കുറവുണ്ടായി. ഡീസൽ വിലയിൽ 7.05 രൂപയുടെ കുറവാണ് ചില്ലറവിലയിൽ പിറ്റേന്നു വന്നത്. 7.01 രൂപ കുറയേണ്ട സ്ഥാനത്ത് 7.05 രൂപ കുറഞ്ഞുവെന്നർഥം.

സർക്കാർ എക്സൈസ് തീരുവ കുറച്ചതിന്റെ മറവിൽ ആരുടെയും ശ്രദ്ധയിൽപ്പെടാതെ പെട്രോളിയം കമ്പനികൾ പെട്രോൾ വിലയിൽ 80 പൈസയുടെ വർധനയും ഡീസൽ വിലയിൽ രണ്ടു പൈസയുടെ കുറവും വരുത്തിയിട്ടുണ്ടെന്നാണ് ഇതിൽനിന്നു വ്യക്തമാകുന്നത്. പണപ്പെരുപ്പം കുറയ്ക്കാൻ ലക്ഷ്യമിട്ട് സർക്കാർ സാധാരണക്കാർക്ക് നൽകിയ നികുതിയിളവിന്റെ ആനുകൂല്യത്തിൽ പെട്രോളിയം കമ്പനികൾ പെട്രോൾവില വർധിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്.

Content Highlights: Oil Companies Hike Petrol Price After Centre's Excise Duty Cut

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..